അധ്യാപികക്ക് ശമ്പളം അനുവദിച്ചില്ല; രൂക്ഷവിമർശനവുമായി മനുഷ്യാവകാശ കമീഷൻ

ആലപ്പുഴ: ഹൈകോടതി ഉത്തരവും ഹയർസെക്കൻഡറി റീജനൽ ഡെപ്യൂട്ടി ഡയറക്ടറുടെ നിർദേശവുമുണ്ടായിട്ടും പല്ലന മഹാകവി കുമാരനാശാൻ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപികക്ക് ശമ്പളം അനുവദിക്കാത്ത സ്കൂൾ പ്രിൻസിപ്പലിന് മനുഷ്യാവകാശ കമീഷന്റെ രൂക്ഷ വിമർശനം. പ്രിൻസിപ്പൽ ഇൻ ചാർജിന്റെ ധാർഷ്ട്യത്തെ പ്രോത്സാഹിപ്പിക്കുന്ന ചെങ്ങന്നൂർ ഹയർസെക്കൻഡറി റീജനൽ ഡെപ്യൂട്ടി ഡയറക്ടറുടെ അനാസ്ഥക്കെതിരെ നടപടിയെടുക്കാൻ നിർബന്ധിതമാക്കരുതെന്നും കമീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. ഉത്തരവ് കിട്ടി രണ്ടാഴ്ചക്കകം അധ്യാപികക്ക് ശമ്പളം നൽകണമെന്ന് കമീഷൻ സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീലേഖക്ക് നിർദേശം നൽകി.

2014 സെപ്റ്റംബർ മുതലുള്ള ശമ്പളമാണ് അധ്യാപികക്ക് ലഭിക്കേണ്ടത്. അധ്യാപിക ഹരിത രശ്മിക്ക് ലോവർ സ്കെയിലിൽ ശമ്പളം നൽകാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഡയറക്ടർ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, പ്രിൻസിപ്പൽ ഉത്തരവ് അനുസരിച്ചില്ല. തുടർന്ന് പ്രിൻസിപ്പലിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നിട്ടും ഉത്തരവ് നടപ്പാക്കാത്തത് ലജ്ജാവഹമായ സാഹചര്യമാണെന്ന് കമീഷൻ വിലയിരുത്തി. സർക്കാറിൽനിന്ന് ശമ്പളം കൈപ്പറ്റുകയും സർക്കാർ ഉത്തരവുകൾ പാലിക്കാതെ തൽസ്ഥാനത്ത് ഒരു ഉദ്യോഗസ്ഥ തുടരുകയും ചെയ്യുന്നത് അത്ഭുപ്പെടുത്തുന്നതായി കമീഷൻ ഉത്തരവിൽ പറഞ്ഞു.

പ്രിൻസിപ്പൽ ഇൻ ചാർജിനെതിരായി സ്വീകരിച്ച നടപടികൾ കമീഷനെ അറിയിക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. രണ്ടാഴ്ചക്കകം ശമ്പളം നൽകാൻ നടപടിയുണ്ടായില്ലെങ്കിൽ ഡെപ്യൂട്ടി ഡയറക്ടർക്കെതിരെ കടുത്ത അച്ചടക്ക നടപടിക്ക് നിർദേശിക്കുമെന്നും ഉത്തരവിൽ പറഞ്ഞു. അധ്യാപികയുടെ അമ്മ രമ രവീന്ദ്രൻ സമർപ്പിച്ച പരാതിയിലാണ് നടപടി.

Tags:    
News Summary - salary; Human Rights Commission with harsh criticism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.