ആലപ്പുഴ: അവധിക്ക് വിട നൽകി പ്രവേശനോത്സവത്തിന്റെ ‘ഫസ്റ്റ്ബെൽ’ വ്യാഴാഴ്ച മുഴങ്ങുന്നതോടെ വിദ്യാലയങ്ങളിൽ പഠനകാലത്തിന്റെ ആരവമുയരും. ഉത്സവപ്രതീതിയോടെ നവാഗതരായ കുരുന്നുകളെ വരവേൽക്കാൻ ജില്ലയിലെ സ്കൂളുകൾ സജ്ജമായി. ആലപ്പുഴ പൊള്ളേത്തൈ ഗവ. ഹൈസ്കൂളിലാണ് ജില്ലതല പ്രവേശനോത്സവം.
രാവിലെ 9.30ന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിക്കും. എ.എം. ആരിഫ് എം.പി, പി.പി. ചിത്തരഞ്ജൻ എം.എൽ.എ, ജില്ലകലക്ടർ ഹരിത വി. കുമാർ എന്നിവരടക്കം പങ്കെടുക്കും. വൃക്ഷത്തൈ നൽകിയും വാദ്യമേളങ്ങളുടെ അകമ്പടിയിലുമായിരിക്കും ഒന്നാംക്ലാസിൽ പ്രവേശനം നേടിയ കുരുന്നുകളെ സ്വീകരിക്കുക. സമ്മേളനത്തിൽ സ്വാഗതഗാനവും നൃത്താവിഷ്കാരവുമുണ്ടാകും.
സംഘാടനചുമതല സമഗ്രശിക്ഷ കേരള ആലപ്പുഴക്കാണ്. ഇതിനുപുറമെ ഉപജില്ലതലത്തിലും സ്കൂൾതലത്തിലും വർണാഭമായ പ്രവേശനോത്സവമുണ്ടാകും. വിവിധയിടങ്ങളിൽ കുട്ടികളുടെ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. ജില്ലയിൽ 770 സ്കൂളുകളാണുള്ളത്. ഇതിൽ ജില്ല പഞ്ചായത്തിന്റെ കീഴിലുള്ള 47 സ്കൂളുകളും ഉൾപ്പെടും. മിക്ക സ്കൂളുകളും ചുവരുകളിൽ ചായംപൂശിയും പരിസരം വൃത്തിയാക്കിയുമാണ് മുഖം മിനുക്കിയത്. ചില സ്കൂളുകളിൽ ബാഗ്, കുട, നോട്ടുബുക്കുകൾ, പേന, പെൻസിൽ, കളർ പെൻസിലുകൾ എന്നിവയടക്കമുള്ള കിറ്റുകളും നൽകുന്നുണ്ട്.
ആലപ്പുഴ: സ്കൂളുകളും കോളജുകളും തുറക്കുന്നതിന്റെ ഭാഗമായി പൊലീസ് പ്രത്യേക സുരക്ഷക്രമീകണങ്ങൾ ഏർപ്പെടുത്തിയതായി ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ പറഞ്ഞു.
നടപടികൾ
ആലപ്പുഴ: കുട്ടികളുടെ കഴിവുകൾ കണ്ടെത്തിയും ശാസ്ത്ര കൗതുകമുണർത്തിയും പൊള്ളേത്തൈ ഗവ. ഹൈസ്കൂൾ സ്ട്രീം ഇക്കോ സിസ്റ്റം പദ്ധതിയിൽ തയാറാക്കിയ ടെക്നോളജി ലാബ് വേറിട്ടതാകുന്നു. ജില്ലയിൽ ഇത്തരമൊരു സംവിധാനം ആദ്യമാണ്. കൊച്ചിന് ശാസ്ത്രസാങ്കേതിക സര്വകലാശാലയുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതി ഈ അധ്യയന വർഷം മുതലാണ് തുടങ്ങുക.
അവധിക്കാലത്ത് മന്ത്രി വി. ശിവൻകുട്ടിയാണ് ഉദ്ഘാടനം നിർവഹിച്ചത്. സ്കൂളിൽ ഇതിനായി പ്രത്യേകമുറിയും സജ്ജമാക്കിയിട്ടുണ്ട്.കമ്പ്യൂട്ടർ, ടി.വി, ത്രീഡി മെഷീൻ, കണ്ടുപിടുത്തങ്ങൾ നടത്തുന്നതിന് ആവശ്യമായ ഉപകരണങ്ങൾ എന്നിവയുണ്ട്. താൽപര്യമുള്ള കുട്ടികൾക്കും സമീപത്തുള്ള മറ്റ് സ്കൂളുകളിലെയും കുട്ടികൾക്കും ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് ക്രമീകരണം.
ആലപ്പുഴ: കെ.എസ്.ആർ.ടി.സി ബസുകളിലെ വിദ്യാർഥികളുടെ കൺസഷൻ കൗണ്ടർ വ്യാഴാഴ്ച തുറക്കും. ചേർത്തല, ആലപ്പുഴ, എടത്വ, ഹരിപ്പാട്, കായംകുളം, ചെങ്ങന്നൂർ ഡിപ്പോകളിൽ സൗകര്യമുണ്ടാകും. ഇക്കുറി സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് ക്യൂ നിൽക്കാതെ ഓൺലൈൻ വഴി അപേക്ഷിക്കാൻ സൗകര്യമുണ്ട്. എന്നാൽ കാർഡ് വാങ്ങാൻ ഡിപ്പോയിൽ എത്തണം. പ്ലസ്ടുവരെ പഠിക്കുന്ന കുട്ടികൾക്ക് യാത്ര സൗജന്യമാണ്.
കോളജ് വിദ്യാർഥികൾക്ക് കൺസഷൻ നൽകുന്നതിനുള്ള പ്രായപരിധി 25 വയസ്സാണ്. സ്വകാര്യമേഖലയിൽ 30ശതമാനം യാത്ര ഇളവുണ്ട്. ദൂരമനുസരിച്ചാണ് നിരക്ക് നിശ്ചയിക്കുന്നത്. ഒരുമാസം 50, 100, 300 രൂപ കണക്കാക്കി സ്ലാബുകളായി തിരിച്ചാണ് ചാർജ് കണക്കാക്കുന്നത്.
പുതിയ സോഫ്റ്റ്വെയർ ഉപയോഗിച്ച് ഓൺലൈൻ കൺസഷൻ നൽകുന്നതിന്റെ ‘ട്രയൽറൺ’ നടത്തിയിട്ടുണ്ട്. ഈപദ്ധതി നടപ്പാക്കുന്നതുവരെ നിലവിലെ രീതി തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.