ആലപ്പുഴ: അവധിക്കാലത്തിന് വിടനൽകി വിദ്യാലയങ്ങൾ തിങ്കളാഴ്ച തുറക്കും. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ഏറെ ‘ആശങ്ക’യോടെയാണ് ഇക്കുറി നവാഗതരടക്കമുള്ളവർ സ്കൂളിൽ എത്തുന്നത്. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നവയും വെള്ളക്കെട്ടുള്ളവയുമായ 36 സ്കൂളുകൾ തുറക്കാനാവില്ലെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ വിലയിരുത്തൽ. അടുത്തദിവസം അന്തിമയോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
കായംകുളം, ചേർത്തല, ഹരിപ്പാട്, മാവേലിക്കര, ചെങ്ങന്നൂർ, കുട്ടനാട് താലൂക്കിലാണ് ഏറെയും ദുരിതം. പലയിടത്തും സ്കൂളിലേക്ക് കടന്നെത്താനുള്ള വഴികളും വെള്ളക്കെട്ടിലാണ്. കനത്തമഴ സ്കൂൾ ശുചീകരണ പ്രവർത്തനത്തെയും കാര്യമായി ബാധിച്ചു. ഇത് പലയിടത്തും പ്രവേശനോത്സവ ഒരുക്കങ്ങൾക്ക് തിരിച്ചടിയായി. മഴ കനത്താൽ ചില സ്കൂളുകൾ തുറക്കാനാവാത്ത സ്ഥിതിയുമുണ്ട്.
തിങ്കളാഴ്ച രാവിലെ 9.30ന് ജില്ലതല പ്രവേശനോത്സവം കായംകുളം പത്തിയൂർ പഞ്ചായത്ത് എച്ച്.എസ്.എസിൽ യു. പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ പ്രവേശനോത്സവം വലിയ സ്ക്രീനിൽ കുട്ടികളെ കാണിക്കും. ഉപജില്ല-സ്കൂൾ തലത്തിലും പ്രവേശനോത്സവമുണ്ടാകും.
ആലപ്പുഴ: സ്കൂള്‍ പരിസരങ്ങളിലെ വെള്ളകെട്ട് ഒഴിവാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ജില്ല കലക്ടർ അലക്സ് വർഗീസ്. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് സ്കൂളുകളിലേക്കുള്ള പ്രവേശനം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം.
ഓടയുടെ സ്ലാബുകള്‍ കൃത്യമായി മൂടിയിട്ടുണ്ടെന്നും സ്കൂളുകളില്‍ ശുദ്ധജലവും കുടിവെള്ളവും ഉറപ്പുവരുത്തണമെന്നും ബന്ധപ്പെട്ട വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താൻ ചേർന്ന ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി സ്കൂള്‍ കെട്ടിടങ്ങളുടെയും ബസുകളുടെയും ഫിറ്റ്നസ് പരിശോധന, സ്കൂള്‍ പരിസരത്ത് അപകടകരമായി നില്ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്ന പ്രവൃത്തികള്‍, ശുചീകരണ പ്രവൃത്തികള്‍ എന്നിവയും പൂര്‍ത്തിയായി.
വിദ്യാര്ഥികള്ക്കിടിയല് ലഹരി ഉപയോഗം തടയുന്നതിന് കര്‍ശന നടപടി സ്വീകരിക്കും. സ്കൂള്‍ പരിസരത്തെ കടകളില്‍ ലഹരിവിരുദ്ധ സ്വാഡ് പരിശോധനയും സ്കൂള്‍ പരിസരത്ത് കൃത്യമായ നിരീക്ഷണ സംവിധാനവും ഏര്‍പ്പെടുത്തും. യോഗത്തില്‍ വിദ്യാഭ്യാസം, പൊലീസ്, എക്സൈസ്, ആരോഗ്യം, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.