ആലപ്പുഴ: ഇ-പോസ് സെർവർ തകരാറിനെത്തുടർന്ന് റേഷൻ വിതരണം താളംതെറ്റി. സെർവർ തകരാർ മൂലം റേഷൻ വിതരണം പലപ്പോഴും മുടങ്ങുകയാണ്. നാല് ദിവസമായി റേഷൻ വിതരണം മുടങ്ങുന്നു. ഉച്ചകഴിഞ്ഞ് ചിലപ്പോൾ സെർവർ തകരാർ ഉണ്ടാകില്ല. വിരലടയാളം നാലും അഞ്ചും തവണ രേഖപ്പെടുത്തിയാലും ലൈൻ കിട്ടാറില്ല. ഇക്കാരണത്താൽ ഉപഭോക്താക്കളിൽ പലരും തിരികെ പോകുന്ന സ്ഥിതിയാണ്. മാസാവസാനമായതോടെ കടകളിൽ തിരക്കേറിയതാണ് തകരാറിന് കാരണമെന്നാണ് പറയുന്നത്. എന്നാൽ, മറ്റുസമയങ്ങളിലും ഇത്തരം പരാതി ഉയരുന്നുണ്ട്.
ഇ-പോസ് യന്ത്രത്തിന്റെ പ്രവർത്തനം മന്ദഗതിയിലായതോടെ റേഷൻ വിതരണം മെല്ലെപ്പോക്കിലാണ്. കാർഡുടമയുടെ ബയോമെട്രിക് വിവരങ്ങൾ പരിശോധിക്കുന്ന സംവിധാനം പലതവണ പരാജയപ്പെടുന്ന സ്ഥിതിയാണ് നാല് ദിവസമായി. ഈ മാസം റേഷൻ വിതരണത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ സംസ്ഥാനത്ത് ആകെയുള്ള 92 ലക്ഷം കാർഡുടമകളിൽ 59.40 ലക്ഷം പേർക്കാണ് റേഷൻ വിതരണം ചെയ്യാനായത്.
ആധാർ അധിഷ്ഠിത സേവനങ്ങൾ രാജ്യമാകെ തടസ്സപ്പെടുമെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പുണ്ടായിരുന്നെന്നും അതിന്റെ ഭാഗമാണ് ഇ-പോസ് സേവനങ്ങളിലെ മെല്ലെപ്പോക്കെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് കേന്ദ്രങ്ങളുടെ വിശദീകരണം.
വെള്ളിയാഴ്ച വൈകീട്ടുവരെ ജില്ലയിൽ 56 ശതമാനംപേർ മാത്രമാണ് റേഷൻ വാങ്ങിയത്. വരുംദിവസങ്ങളിൽ കൂടുതൽപേർ റേഷൻ വാങ്ങാനെത്തുന്നതോടെ തകരാർ വീണ്ടും വർധിച്ചേക്കുമെന്നാണ് വ്യാപാരികളുടെ ആശങ്ക.
ചെറിയ തകരാർപോലും വ്യാപാരികൾ പെരുപ്പിച്ചുകാണിക്കുകയാണെന്ന് മന്ത്രി നേരത്തേ വിമർശിച്ചിരുന്നു. ഇത്തരക്കാർക്കെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമുണ്ടായി. ഇതോടെ പലരും പരാതിപ്പെടാൻ മടിക്കുകയാണ്. സെർവർ തകരാർമൂലം റേഷൻ വിതരണം മുടങ്ങുന്നതിനെതിരെ സി.ഐ.ടി.യു നേതൃത്വത്തിലെ കേരള റേഷൻ എംപ്ലോയീസ് യൂനിയൻ, പൊതുവിതരണ വകുപ്പ് അധികൃതർക്ക് പരാതിനൽകി.
ചേർത്തല, അമ്പലപ്പുഴ, കാർത്തികപ്പള്ളി താലൂക്കുകളിലെ വിതരണതടസ്സം ചൂണ്ടിക്കാട്ടിയാണ് പരാതി. ജില്ലയിലെ പകുതിയോളം കാർഡുടമകൾ റേഷൻ വാങ്ങാത്ത സാഹചര്യത്തിൽ ഫെബ്രുവരിയിലെ വിതരണം മാർച്ച് അഞ്ചുവരെ നീട്ടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.