ആലപ്പുഴ: നഗരത്തെ മണിക്കൂറുകളോളം മുള്‍മുനയിലാക്കി തെരുവുനായയുടെ ആക്രമണം. കുട്ടികളും സ്ത്രീകളുമടക്കം 11 പേർക്ക് പരിക്കേറ്റു. സൺഡേ സ്കൂളിലേക്കുപോയ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരാണ് നായയുടെ ആക്രമണത്തിനിരയായത്. സ്വകാര്യ റിസോർട്ട് ജീവനക്കാരായ ചേർത്തല സ്വദേശി വസുദേവ് (32), കൊല്ലം സ്വദേശി ഷെഫീക്ക് (23), നോർത്ത് പറവൂർ കുഞ്ഞുലോനപ്പറമ്പിഷ പ്രദീപ് (50), സൺഡേ സ്കൂൾ അധ്യാപിക തത്തംപള്ളി തലച്ചെല്ലൂർ വീട്ടിൽ ജോളിമ തോമസ് (52), വന്യംപറമ്പിൽ അപ്പു (12), മേത്തശ്ശേരിൽ ബാബു (55), തൈയിൽ ആന്റണി ജോസഫ് (75), മാളിയേക്കൽ ജോസഫ് (86), ഒ.ജെ.സെബാസ്റ്റ്യൻ (52), ജോജി (50) എന്നിവർ ആലപ്പുഴ ജനറൽ ആശുപത്രിയില്‍ ചികിത്സ തേടി. ആന്റണി ജോസഫിന്റെ കാലിന് ആഴത്തിലുള്ള മുറിവാണ്. തത്തംപള്ളി ഉമ്പുക്കാട്ട് അഞ്ജന കുഞ്ഞുമോൻ (14) വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. എല്ലാവർക്കും കാലിനാണ് കടിയേറ്റത്. നായക്ക് പേവിഷബാധ സംശയിക്കുന്നു.
ഞായറാഴ്ച രാവിലെ 7.30ഓടെ തത്തംപള്ളി പള്ളിക്ക് സമീപമായിരുന്നു സംഭവം. പുന്നമട സ്റ്റാർട്ടിങ് പോയിന്റ് റോഡി സ്വകാര്യ റിസോർട്ടിലെ രണ്ടു ജീവനക്കാരനെയാണ് ആദ്യം കടിച്ചത്. പിന്നീട് കച്ചവടക്കാരനായ നോർത്ത് പറവൂർ കുഞ്ഞുലോനപ്പറമ്പില് പ്രദീപിനെ കടിച്ചു. സമീപത്തെ റോഡിലേക്കിറങ്ങിയ നായ വഴിയെ പോയവരെയെല്ലാം ആക്രമിച്ചു. തത്തംപള്ളി പള്ളിയിലേക്കുള്ള വഴിയിലാണ് രണ്ടുവിദ്യാർഥികളേയും, ഒരു സൺഡേ സ്കൂൾ അധ്യാപികയേയും പ്രാർഥനക്ക് പോയ രണ്ടുപേരെയും ആക്രമിച്ചത്. നായ പള്ളിയുടെ പരിസരത്തേക്ക് കയറിയെങ്കിലും നാട്ടുകാർ വിരട്ടിഓടിച്ചുവിട്ടു.
പള്ളിയിൽ പ്രാർഥന നടക്കുന്ന സമയമായതിനാൽ സൺഡേ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് ഉണ്ടായിരുന്നത്. വഴിയോരങ്ങളിലുണ്ടായിരുന്ന മറ്റുതെരുവുനായകളേയും കടിച്ചു. ഇതിനിടെ പരിസരവാസിയായ ആന്റണി പുത്തൻപുരയ്ക്കല്‍ (ബിബി) നായയെ പിടികൂടി. എന്നാൽ, നഗരസഭ അധികൃതരെ അറിയിച്ചെങ്കിലും എത്താതിരുന്നത് പ്രതിഷേധത്തിന് ഇടയാക്കി. പിന്നീട് മൃഗസംരക്ഷണവകുപ്പിൽ നിന്നും ഉദ്യോഗസ്ഥരെത്തിയാണ് നായയെ മയക്കിയത്. ഇതിനെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിച്ചു. പേവിഷ ബാധ സ്ഥിരീകരിക്കാനായി സ്രവമുൾപ്പെടെയുള്ളവ മൃഗസംരക്ഷണ വകുപ്പിന്റെ തിരുവല്ല മാഞ്ഞാടിയിലെ ലാബിലേക്ക് പരിശോധനയ്ക്കായി അയക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.