ആറാട്ടുപുഴ: തൃക്കുന്നപ്പുഴ ചീപ്പിന്റെ പുനർനിർമാണ ഭാഗമായി തൃക്കുന്നപ്പുഴ പാലം പൊളിക്കാനുള്ള നീക്കത്തിനെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങി ജനകീയ കൂട്ടായ്മ. ചീപ്പ് നവീകരണം ഇഴഞ്ഞുനീങ്ങുന്നതിന്റെ പശ്ചാത്തലത്തിൽ പാലം പണി അനന്തമായി നീളുമെന്ന ആശങ്കയാണ് പ്രതിഷേധത്തിന് കാരണം. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ വിളിച്ചുകൂട്ടിയ യോഗത്തിൽ ജനകീയ കൂട്ടായ്മയിൽ പ്രതിഷേധം ഇരമ്പി. 2017 ജൂണിലാണ് 38 കോടിയുടെ ഭരണാനുമതി ലഭിച്ചത്.
കേന്ദ്ര സർക്കാറിന്റെ ഉൾനാടൻ ജലഗതാഗത വകുപ്പും കേരള ജലസേചന വകുപ്പും സംയുക്തമായാണ് തൃക്കുന്നപ്പുഴ ചീപ്പിന്റെ ലോക്കിനും പാലത്തിനുമായി ഫണ്ട് അനുവദിച്ചത്. 32.42 കോടിക്ക് ചീരൻസ് കൺസ്ട്രക്ഷൻസ് 2018 ആഗസ്റ്റിൽ കരാർ ഏറ്റെടുത്തു. ഒന്നര വർഷമായിരുന്നു നിർമാണ കാലയളവ്. 2020 ഫെബ്രുവരി ഒമ്പതിനാണ് പണി പൂർത്തീകരിക്കേണ്ടത്. ഇറിഗേഷൻ വകുപ്പിന്റെ മേൽനോട്ടത്തിലാണ് നിർമാണം നടക്കുന്നത്.
കോവിഡ് പരിഗണിച്ച് കാലയളവ് നീട്ടി നൽകിയിരുന്നു. അതുപ്രകാരം 2022 മാർച്ചിലാണ് പണി പൂർത്തീകരിക്കേണ്ടിയിരുന്നത്. ഷട്ടർ ലോക്കിന്റെ നാല് തൂണിന്റെ നിർമാണം മാത്രമേ പൂർത്തീകരിച്ചിട്ടുള്ളൂ. ആകെ പ്രവൃത്തിയുടെ 46 ശതമാനം മാത്രമാണിത്.
നിർമാണം ഇഴഞ്ഞുനീങ്ങുന്നതിനെത്തുടർന്ന് 2022 ഒക്ടോബറിൽ കലക്ടറുടെയും രമേശ് ചെന്നിത്തല എം.എൽ.എയുടെയും സാന്നിധ്യത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ 2023 ജനുവരിയിൽ പാലം പൊളിച്ച് ഡിസംബറിൽ പണി പൂർത്തീകരിക്കുമെന്ന് അധികാരികൾ ഉറപ്പുനൽകയതും പാലിച്ചിട്ടില്ല.
ഉറപ്പുകൾ ഒന്നും പാലിക്കാത്ത സാഹചര്യത്തിലാണ് പാലം പൊളിക്കാനുള്ള ഇറിഗേഷൻ വകുപ്പിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയർന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതി ഓഫിസിൽ കൂടിയ പ്രതിഷേധ യോഗത്തിൽ ജനപ്രതിനിധികൾ അടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ പങ്കെടുത്തു. പാലം പണി പൂർത്തീകരിക്കുന്നത് സംബന്ധിച്ച് ഉറപ്പുനൽകാതെ പാലം പൊളിക്കാൻ അനുവദിക്കില്ലെന്ന് യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു. പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ടുപോകാനും തീരുമാനമായി.
വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് അബ്ദുല്ല അണ്ടോളിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിനോദ് കുമാർ, മുസ്ലിം ലീഗ് ജില്ല സെക്രട്ടറി ഷാജഹാൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി പി.സി. ഗോപാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിലാൽ തൃക്കുന്നപ്പുഴ, പഞ്ചായത്ത് മെംബർമാരായ എൻ.സി. അനിൽകുമാർ, ലഞ്ചു, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. സുനു, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് തൃക്കുന്നപ്പുഴ പ്രസന്നൻ, സുഗുണൻ, കെ.എ. ലത്തീഫ്, നാസർ മാമൂലയിൽ, ബിജു പുളിമൂട്ടിൽ, ശ്യാം, സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന്, പ്രതിഷേധക്കാർ സംഘടിച്ച് സമരപ്രഖ്യാപനം നടത്തി. യോഗത്തിൽ സമരസമിതിക്ക് രൂപം നൽകി. ചെയർമാനായി അണ്ടോളിൽ അബ്ദുല്ലയെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.