ആലപ്പുഴ: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായുണ്ടായിരുന്ന പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന വെളിപ്പെടുത്തലുമായി രംഗത്തുവന്ന യൂനിയൻ മുൻ പ്രസിഡന്റും ബി.ഡി.ജെ.എസ് വിമതനുമായ സുഭാഷ് വാസുവിന് സംഘടനയിൽനിന്ന് പുറത്തുപോയ വേളയിൽ ഉന്നയിച്ച ആരോപണങ്ങള്‍ തിരിച്ചടിയാകുന്നു. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്കും എതിരെയടക്കം നടത്തിയ ഗുരുതര ആരോപണങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. സുഭാഷ് വാസു അവസരവാദിയാണെന്നും ഒപ്പം കൂട്ടുന്നത് ആത്മഹത്യപരമാകുമെന്നുമാണ് വെള്ളാപ്പള്ളിക്കൊപ്പമുള്ളവരുടെ നിലപാട്.
എസ്.എന്‍.ഡി.പി യോഗം മാവേലിക്കര യൂനിയനുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസില്‍ ആരോപണവിധേയനായ യൂനിയന്‍ മുന്‍ പ്രസിഡന്റ്കൂടിയായ സുഭാഷ് വാസുവിനെ ക്രൈംബ്രാഞ്ച് അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.
യോഗം ഭാരവാഹികള്‍ നല്കിയ പരാതിയിലായിരുന്നു നടപടി. കണിച്ചുകുളങ്ങര യൂനിയന്‍ സെക്രട്ടറി കെ.കെ. മഹേശെൻറ മരണത്തില്‍ വെള്ളാപ്പള്ളി നടേശനെതിരെ തെളിവുകള്‍ തെൻറ പക്കലുണ്ടെന്നതടക്കം വെല്ലുവിളിയും സുഭാഷ് വാസു നടത്തിയിരുന്നു. മഹേശന്റെ മരണത്തിന് കാരണമായ സാമ്പത്തികക്രമക്കേട് നടത്തിയത് തുഷാര്‍ വെള്ളാപ്പള്ളിയാണെന്നായിരുന്നു സുഭാഷ് വാസുവിന്റെ മുഖ്യ ആരോപണം. ആത്മഹത്യയുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ അന്വേഷണസംഘത്തിന് കൈമാറുമെന്ന് മാധ്യമങ്ങളോട് തുറന്നടിച്ച സുഭാഷ് വാസു അക്കാലത്ത് യോഗം നേതൃത്വത്തിനെതിരെ മറ്റാരും ഉന്നയിക്കാത്ത കടുത്ത വിമര്‍ശനങ്ങളാണ് നടത്തിയത്.വെള്ളാപ്പള്ളിയുമായി അകന്നതോടെ കായംകുളം കട്ടച്ചിറയിലെ വെള്ളാപ്പള്ളി നടേശന് കോളജ് ഓഫ് എന്ജിനീയറിങ്ങിെൻറ പേര് മഹാഗുരു എന്‍ജിനീയറിങ് കോളജ് എന്നാക്കി മാറ്റിയ സുഭാഷ് വാസു ഗോകുലം ഗോപാലനെ ചെയര്‍മാനാക്കി ട്രസ്റ്റിന്റെ അധികാരം കൈപ്പിടിയിലൊതുക്കിയിരുന്നു. എന്നാൽ, അടുത്തനാളിൽ ഏകപക്ഷീയ തീരുമാനങ്ങള്‍ എടുക്കുന്നതിനെതിരെ രംഗത്തുവന്ന ശ്രീഗുരുദേവ ചാരിറ്റബിള്‍ ആന്‍ഡ് എജുക്കേഷന്‍ ട്രസ്റ്റ് അംഗങ്ങള്‍ യോഗം ചേര്‍ന്ന് സുഭാഷ് വാസുവിനെ പുറത്താക്കി. പകരം വേലഞ്ചിറ സുകുമാരനെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇതോടെയാണ് ഗോകുലം ഗോപാലനെതിരെ പരസ്യമായി നിലപാട് സ്വീകരിച്ച് വെള്ളാപ്പള്ളിക്ക് പിന്തുണ പ്രഖ്യാപിച്ച് സുഭാഷ് വാസു രംഗത്തെത്തിയത്.
തുഷാര്‍ വെള്ളാപ്പള്ളി നയിക്കുന്ന ബി.ഡി.ജെ.എസിനെതിരെ തെൻറ നേതൃത്വത്തിലെ ബി.ഡി.ജെ.എസാണ് ഔദ്യോഗികമെന്ന വാദവുമായി മുന്നോട്ടുപോയെങ്കിലും ഇതിന് ബി.ജെ.പി ദേശീയ നേതൃത്വത്തിെൻറ പിന്തുണ ലഭിച്ചില്ല. നിലവിലുണ്ടായിരുന്ന സ്പൈസസ് ബോര്‍ഡ് ചെയര്മാന് സ്ഥാനം സുഭാഷ് വാസുവിന് ഷ്ടമാകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.