ആലപ്പുഴ: വേനൽച്ചൂട് കന്നുകാലികളെ ബാധിച്ചതോടെ പാലുൽപാദനം കുറഞ്ഞു. കഴിഞ്ഞവർഷം ഈ സമയത്തെ അപേക്ഷിച്ച് ഇക്കുറി ക്ഷീരസംഘങ്ങൾ വഴി സംഭരിക്കുന്ന പാലിന്റെ അളവിൽ വലിയ ഇടിവാണ് സംഭവിച്ചത്. 2021 ഡിസംബറിനെ അപേക്ഷിച്ച്, 2022 ഫെബ്രുവരിയായതോടെ ജില്ലയിൽ ക്ഷീരസംഘങ്ങൾ വഴി സംഭരിക്കുന്ന പാലിന്റെ അളവിൽ 2.98 ലക്ഷം ലിറ്ററിന്റെ കുറവുണ്ടായി. മാർച്ചിലെ കണക്കിലും പാൽ കുറവാണെന്നാണ് വിവരം. ജില്ലയിലെ 302 സൊസൈറ്റിയിൽനിന്ന് മിൽമ ദിവസവും സംഭരിക്കുന്നത് 70,000 ലിറ്റർ പാലാണ്. 1.15 ലക്ഷം ലിറ്റർ പാലാണ് ദിവസവും വിതരണം ചെയ്യുന്നത്.
ഇതിൽ 30,000 ലിറ്റർ കർണാടകയിൽനിന്നും 10,000 ലിറ്റർ തമിഴ്നാട്ടിൽനിന്നും 5000 ലിറ്റർ മലബാർ മേഖലയിൽനിന്നും എത്തിക്കുകയാണ്. കനത്ത ചൂട്, പച്ചപ്പുല്ലിന്റെയും വെള്ളത്തിന്റെയും ക്ഷാമം തുടങ്ങിയവയാണ് പാൽ കുറയാൻ കാരണമായി പറയുന്നത്.
പശുക്കളെ രാവിലെ എട്ടിനും വൈകീട്ട് അഞ്ചിനും ഇടയിൽ തുറസ്സായ സ്ഥലങ്ങളിൽ മേയാൻ വിടരുതെന്നതടക്കം നിർദേശങ്ങളാണ് പശുക്കളുടെ ആരോഗ്യവും പാൽക്ഷമത നിലനിർത്താനും മൃഗസംരക്ഷണ വകുപ്പ് നിർദേശിച്ചിട്ടുള്ളത്. തൊഴുത്തിൽ വായുസഞ്ചാരം ഉണ്ടാകണം.
ഊഷ്മാവ് കൂടുമ്പോൾ ഭക്ഷണം കഴിക്കാൻ കന്നുകാലികൾ മടിക്കും. സൂര്യരശ്മി ഏറെനേരം ഏറ്റാൽ കിതപ്പ്, വായിൽനിന്ന് ഉമിനീർ ഒഴുക്ക് എന്നിവ തുടക്കത്തിൽ കാണും. രണ്ടാംഘട്ടത്തിൽ വിറയൽ. കാലുകളുടെ ചലനശേഷിപോലും ഇല്ലാതാകാം. കൊടുംചൂടിൽ മരണം വരെ സംഭവിക്കാം. പശുവിന് ദിവസവും കുറഞ്ഞത് 60 ലിറ്റർ വെള്ളം വേണം. കറവപ്പശു ആണെങ്കിൽ ഓരോ ലിറ്റർ പാലിനും നാലുലിറ്റർ വെള്ളം അനുസരിച്ച് കണക്കാക്കണം.
പശുക്കൾക്ക് നൽകുന്ന പരിചരണംതന്നെ എരുമകൾക്കും നൽകാം. പുറമെ ദിവസവും കുറച്ചുനേരം എരുമകളെ വെള്ളത്തിൽ ഇറക്കിക്കിടത്താൻ സൗകര്യം ഉണ്ടാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.