ആലപ്പുഴ: നഗരഹൃദയത്തിലെ സ്വന്തംകെട്ടിടത്തിൽ ലാഭത്തിൽ പ്രവർത്തിച്ച ‘സപ്ലൈകോ സൂപ്പർമാർക്കറ്റ്’ വാടകകെട്ടിടത്തിലേക്ക് മാറിയതോടെ വ്യാപാരത്തിൽ വൻ ഇടിവ്. നഷ്ടത്തിന്റെ കണക്ക് ദിനംപ്രതി വർധിക്കുമ്പോഴും നവീകരണത്തിന്റെ പേരിൽ ഒരുവർഷം മുമ്പ് പൂട്ടിയ കെട്ടിടത്തിലേക്ക് മടങ്ങാൻ ഇനിയും നടപടിയില്ല.
ആലപ്പുഴ ജില്ലകോടതിക്ക് എതിർവശത്ത് പ്രവർത്തിച്ചിരുന്ന ആലപ്പുഴ ഡിപ്പോക്ക് കീഴിലുള്ള ആദ്യ സപ്ലൈകോ ഔട്ട്ലെറ്റിനാണ് ഈ ദുരവസ്ഥ. അസൗകര്യംനിറഞ്ഞ വാടകക്കെട്ടിടത്തിലേക്ക് മാറിയതിനൊപ്പം സബ്സിഡി സാധനങ്ങളടക്കമുള്ളവയുടെ കുറവുമാണ് വ്യാപാരത്തെ കാര്യമായി ബാധിച്ചത്.
നവീകരണത്തിന്റെ പേരിൽ 2002 നവംബർ 27നാണ് സപ്ലൈകോ സൂപ്പർമാർക്കറ്റിന് പൂട്ടുവീണത്. മൂന്നുമാസത്തിനുള്ളിൽ മേൽക്കൂരയുടെ ചോർച്ചയും ഭിത്തിയുടെ വിള്ളലും അടക്കം പ്രശ്നങ്ങൾ പരിഹരിക്കുകയായിരുന്നു ലക്ഷ്യം. ഇത് പൂർത്തിയാക്കാൻ തോണ്ടൻകുളങ്ങര ക്ഷേത്രത്തിന് സമീപത്തെ എസ്.ബി.ഐ കെട്ടിടത്തിലെ രണ്ടാംനിലയിലേക്കാണ് സൂപ്പർമാർക്കറ്റ് മാറിയത്. നേരത്തെ പ്രതിമാസം 30 ലക്ഷം രൂപയുടെ വിൽപനയുണ്ടായിരുന്നു.
ഇപ്പോഴത് 10 ലക്ഷത്തിന് താഴെയാണ്. ആളുകൾക്ക് എത്തിപ്പെടാനുള്ള സൗകര്യമില്ലാത്തതാണ് വ്യാപാരം കുറയാൻ പ്രധാനകാരണം. പാർക്കിങ് സൗകര്യമുണ്ടെങ്കിലും രണ്ടാംനിലയിലേക്ക് ആളുകൾ കയറാത്തതും തിരിച്ചടിയായി. ഇതിനൊപ്പം പ്രതിമാസം 30,000 രൂപ വാടകയും നൽകണം.
കെട്ടിടം നവീകരണത്തിന് എസ്റ്റിമേറ്റും പ്ലാനും തയാറാക്കിയിരുന്നു. എന്നാൽ, എം.ഡിയുടെ സന്ദർശനത്തിനുശേഷം കെട്ടിടം പൂർണമായും പുതുക്കിപ്പണിയാൻ തീരുമാനിച്ചു. ഇതിന്റെ ക്വട്ടേഷൻ നടപടി പൂർത്തിയാക്കുന്നതിന് മുമ്പ് സർക്കാറിനുണ്ടായ സാമ്പത്തികപ്രതിസന്ധിയാണ് നിർമാണത്തിന് തടസ്സമെന്ന് പറയപ്പെടുന്നു.
ഒരുവർഷം പിന്നിടുമ്പോൾ കെട്ടിടത്തിന്റെ വാടക നൽകുന്നതിനൊപ്പം കച്ചവടവും കുറഞ്ഞതോടെ എന്തുചെയ്യണമെന്ന് അറിയാതെ കുഴയുകയാണ് അധികൃതർ.നേരത്തെ ആളുകൾക്ക് കാണാൻ കഴിയുന്നവിധം റോഡരികിലായിരുന്നു ഔട്ട്ലെറ്റിന്റെ പ്രവർത്തനം.
മുഹമ്മ, മണ്ണഞ്ചേരി, തണ്ണീർമുക്കം മേഖലയിലേക്കുള്ള പ്രധാന ബസ്സ്റ്റോപ്പ്, ജില്ല കോടതി, താലൂക്ക് ഓഫിസ്, ബോട്ടുജെട്ടി എന്നിവയടക്കമുള്ള സർക്കാർ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയെല്ലാം വിൽപനക്ക് ഏറെ സഹായകരമായിരുന്നു. കുട്ടനാട്ടിൽനിന്ന് ബോട്ടിലെത്തുന്നവർക്ക് സാധനംവാങ്ങി തിരിച്ചുപോകാൻ കഴിയുമായിരുന്നു.
ഈസാധ്യതയെല്ലാം നഷ്ടപ്പെടുത്തിയതും സബ്സിഡി സാധനങ്ങളടക്കം ഗണ്യമായി കുറഞ്ഞതുമാണ് നഷ്ടകച്ചവടത്തിന് കാരണമായത്. നേരത്തെ സപ്ലൈകോ ഔട്ട്ലെറ്റിലൂടെ 13 ഇനങ്ങൾക്കാണ് സബ്സിഡി കിട്ടിയിരുന്നത്.നിലവിൽ വെളിച്ചെണ്ണക്ക് മാത്രമാണ് സബ്സിഡിയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.