ആലപ്പുഴ: ജനറല്‍ ആശുപത്രി ബ്ലഡ് ബാങ്ക് കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് ജില്ല വികസന സമിതി. കലക്ടര്‍ ഹരിത വി.കുമാറിന്റെ അധ്യക്ഷതയില്‍ ശനിയാഴ്ച കലക്ടറേറ്റില്‍ ചേര്‍ന്ന വികസന സമിതി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. പ്ലേറ്റ്ലറ്റ് ദൗര്‍ലഭ്യം നേരിടുന്നതായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ട്രാന്സ്ഫ്യൂഷന് ആവശ്യമായി വരുന്ന രോഗികള്‍ക്ക് മെഡിക്കല്‍ കോളജ് ബ്ലഡ് ബാങ്കില്‍ പ്ലേറ്റ്ലറ്റ് ഉറപ്പാക്കിയിട്ടുണ്ടെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) അറിയിച്ചു.
നീര്‍ക്കുന്നം എസ്.ഡി.വി സ്കൂള്‍ കെട്ടിടം, കൈതവന -പഴയ നടക്കാവ് റോഡ്, ജില്ല കോടതി പാലം, കൈതവന- പഴവങ്ങാടി ഔട്ട് പോസ്റ്റ് റോഡ്, പള്ളാത്തുരുത്തി- കന്നിട്ട ജെട്ടി റോഡ് തുടങ്ങിയവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളും വേഗത്തിലാക്കണമെന്ന് എച്ച്. സലാം എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു.
ആലപ്പുഴ ബീച്ചിനടുത്ത് ഹോമിയോ ആശുപത്രി ഉള്‍പ്പെടെ ഇടങ്ങളില്‍ ബൈപാസില്‍നിന്ന് വെള്ളം വീഴുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് അറിയിച്ച എം.എല്‍.എ കൃത്യമായ ഡ്രെയിനേജ് സ്ഥാപിച്ച് വിഷയം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.
അന്ധകാരനഴി പൊഴിയില്‍ മണ്ണടിയുന്നതുകാരണമുണ്ടാകുന്ന പ്രശ്നങ്ങളില്‍ ശാസ്ത്രീയ പഠനം നടത്തണമെന്ന് യോഗം വിലയിരുത്തി. അരൂര്‍ മണ്ഡലത്തെ കുട്ടനാട് പാക്കേജില്‍ ഉൾപ്പെടുത്താന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ദലീമ ജോജോ എം.എല്‍.എ ആവശ്യപ്പെട്ടു. തുറവൂര്‍ ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റിന്റെ സേവനം ഉറപ്പാക്കണമെന്നും നെടുമ്പ്രക്കാട് വിളക്കുമരം പാലത്തിന്റെ നിർമാണം വേഗത്തിലാക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. അരൂക്കുറ്റി ഹൗസ് ബോട്ട് ടെര്‍മിനല്‍, തഴുപ്പ് പാര്‍ക്ക്, കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് ആശ്വാസ് അമിനിറ്റി സെന്റര്‍ തുടങ്ങിയവയുടെ നടത്തിപ്പ് സംബന്ധിച്ച കാര്യത്തില്‍ യോഗം വിശദീകരണം തേടി. ചമ്പക്കുളം സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ രാത്രിയില്‍ മതിയായ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കണമെന്ന് തോമസ് കെ.തോമസ് എം.എല്‍.എ ആവശ്യപ്പെട്ടു. രണ്ടാം കൃഷിയില്ലാത്ത പാടശേഖരങ്ങളില്‍ അനിയന്ത്രിതമായി വെള്ളംകയറ്റി കൃത്രിമ വെള്ളപ്പൊക്കം സൃഷ്ടിക്കുന്ന പ്രവണത തടയണമെന്ന് എം.എല്‍.എ നിര്‍ദേശിച്ചു.
ചുനക്കര, നൂറനാട് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പുലിമേല്‍ ബണ്ട് റോഡ് നിര്‍മാണ പുരോഗതി വേഗത്തിലാക്കണമെന്ന് എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ പറഞ്ഞു. മാവേലിക്കര ജില്ല ആശുപത്രിയിലെ എച്ച്.ഐ.വി ടെസ്റ്റ് സെന്റര്‍ നിര്‍ത്തലാക്കുന്നുവെന്ന വാര്‍ത്തയുടെ നിജസ്ഥിതി സംബന്ധിച്ച് വിശദീകരണം വേണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.
കുട്ടനാട്ടിലെ നെല്‍ കര്‍ഷര്‍ക്ക് നെല്ലിന് വില നിശ്ചയിച്ച് കിട്ടുന്നതിനുള്ള നടപടി ഊര്‍ജിതമാക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി കെ.ഗോപകുമാര്‍ ആവശ്യപ്പെട്ടു. ഹരിപ്പാട് കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിനകത്തേക്ക് ബസുകള്‍ പ്രവേശിക്കുന്നില്ലെന്ന് ഹരിപ്പാട് എം.എല്‍.എ രമേശ് ചെന്നിത്തലയുടെ പ്രതിനിധി ജോ തോമസ് യോഗത്തെ അറിയിച്ചു. ജില്ല പ്ലാനിങ് ഓഫിസര്‍ ഇന്‍ചാര്‍ജ് ദീപ ശിവദാസന്‍, ജില്ലതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.