ആലപ്പുഴ: വൈദ്യശാസ്ത്ര പഠനത്തിന് ആലപ്പുഴ മെഡിക്കൽ കോളജിന് മൃതദേഹം വിട്ടുനൽകിയ ആലപ്പുഴ കൈതവന പുതുശ്ശേരിയിൽ ഹരിദാസിന്റെ മരണാനന്തര ചടങ്ങിനായി കരുതിയ 50,000 രൂപ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നൽകി കുടുംബം മാതൃകയായി.
കുടുംബത്തിൽ ആരു മരിച്ചാലും അവയവം ദാനംചെയ്യണമെന്നും മരണാനന്തരകർമം നടത്താതെ അതിന് ചെലവാക്കേണ്ട പണം ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കണമെന്നുമുള്ള തീരുമാനം 10 വർഷം മുമ്പാണ് ഹരിദാസും ഭാര്യ ലൈലയും ചേർന്നെടുത്തത്.
ജനറൽ റിസർവ് എൻജിനീയർ ഫോഴ്സസിൽ 41 വർഷത്തെ സേവനത്തിനുശേഷം അസി. എക്സിക്യൂട്ടിവ് എൻജിനീയറായി വിരമിച്ച ഹരിദാസ് (79) ഹൃദയാഘാതത്തെതുടർന്ന് മരിച്ചപ്പോഴും ഈ തീരുമാനത്തിന് മാറ്റമുണ്ടായില്ല. മാതാപിതാക്കൾക്ക് പൂർണ പിന്തുണ നൽകി മക്കളായ ഡോ. വിനോദ് ഹരിദാസും അനുപമയും അടക്കമുള്ള കുടുംബാംഗങ്ങൾ അവരുടെ തീരുമാനം നടപ്പാക്കാൻ മുന്നിട്ടിറങ്ങി. എന്നാൽ, നെഞ്ചിലെ അണുബാധയെത്തുടർന്നുണ്ടായ ഹൃദയാഘാതത്തിൽ ഈ മാസം ആദ്യവാരത്തിൽ മരിച്ച ഹരിദാസിന്റെ അവയവം ദാനംചെയ്യാൻ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് മൃതദേഹം മെഡിക്കൽ കോളജിന് കൈമാറിയത്. ഇതിനുപിന്നാലെയാണ് ലൈലയും ഡോ. വിനോദ് ഹരിദാസും ചേർന്ന് ആലപ്പുഴ മുനിസിപ്പൽ ഏരിയ പാലിയേറ്റിവ് കെയർ (എ.എം.എ) പ്രവർത്തനങ്ങൾക്ക് തുക സെക്രട്ടറി ലാലിച്ചൻ ജോസഫിന് കൈമാറിയത്. വാർഡ് കൗൺസിലർ മനീഷ സജിൻ, പാലിയേറ്റിവ് കെയർ പ്രവർത്തകരായ ഷെഫീഖ്, ലൂയിസ്, ജോൺസൺ, മുരളി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.