അരൂർ: ഉൾനാടൻ കായൽ വിനോദ സഞ്ചാരത്തിന് പ്രതീക്ഷ നൽകാൻ കഴിയണം. കോവിഡ് രോഗവ്യാപനവും തുടർന്നുള്ള സാമൂഹിക നിയന്ത്രണങ്ങളും തകർത്ത് എറിഞ്ഞ തൊഴിൽ മേഖലയാണ് ഇത്. അനേകം പേർ ജീവിക്കാൻ ആശ്രയിക്കുന്ന ഈ തൊഴിൽ മേഖലയെ ഉണർത്താൻ ബന്ധപ്പെട്ടവർ മനസ് കാണിക്കണം. അരൂർ മേഖലയിൽ പ്രതീക്ഷയോടെ പച്ചപിടിച്ചു വരുന്നതാണ് ഉൾനാടൻ കായൽ വിനോദസഞ്ചാരം. കുത്തിയതോട് പഞ്ചായത്തിലെ തഴുപ്പ്കായലും അനുബന്ധമായ ഇടത്തോടുകളും മത്സ്യപാടങ്ങളും കടലോളം എത്തുന്ന വലിയ തോടുകളുമാണ് വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നത്.
വിദേശ-സ്വദേശ വിനോദ സഞ്ചാരികൾ ഉൾപ്പെടെ ഇവിടെ എത്തുന്നവർ ഗ്രാമീണ ജീവിതങ്ങളുടെ നേരനുഭവങ്ങളും നേർക്കാഴ്ചകളുമാണ് ആഗ്രഹിക്കുന്നത്. തഴുപ്പ് ഗ്രാമം കേന്ദ്രീകരിച്ച് പതിറ്റാണ്ടുകളായി ഈ ടൂറിസ്റ്റ് മേഖലയെ തദ്ദേശീയരായ ചിലർ വികസിപ്പിച്ചെടുത്തിരുന്നു. വേമ്പനാട് കായലും കൈതപ്പുഴ കായലും ചുറ്റിക്കിടക്കുന്ന അരൂർ മണ്ഡലത്തിൽ നിരവധി പഞ്ചായത്തുകളിൽ ഉത്തരവാദിത്വ ടൂറിസം വികസിപ്പിച്ച് ഗ്രാമീണരെ കൂടി ഉൾപ്പെടുത്തുന്നു വിനോദ സഞ്ചാരമേഖല വികസിപ്പിച്ചെടുക്കാൻ കഴിയുമായിരുന്നു. അരൂർ നിയോജകമണ്ഡലത്തിലെ വിശാലമായ കായൽ പരപ്പ്കളും ഗ്രാമങ്ങളിലൂടെ ഒഴുകുന്നു തോടുകളും, പച്ചത്തുരുത്തുകളും ഉൾനാടൻ കായൽ വിനോദസഞ്ചാര വികസനത്തിന് അനുയോജ്യമായ ഘടകങ്ങളാണ്. ഇവയെല്ലാം കോർത്തിണക്കി സർക്യൂട്ട് ടൂറിസത്തിന് വലിയ സാധ്യതകളാണ് ഇവിടെയുള്ളത്.
ആലപ്പുഴ കേന്ദ്രീകരിച്ച് വികസിച്ചു വരുന്ന ഹൗസ്ബോട്ട് വിനോദ സഞ്ചാരത്തിന് ഉണർവേകാൻ കോടികളുടെ സഹായം വാഗ്ദാനം ചെയ്യുന്ന സർക്കാർ, കോവിഡ് രോഗവ്യാപനം മൂലം തകർന്നു കിടക്കുന്ന അരൂരിലെ ഉൾനാടൻ വിനോദസഞ്ചാര മേഖല കാണാതെ പോകരുത്. ആദ്യമായി ചെയ്യേണ്ടത് മാസങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന വള്ളങ്ങളും ഹൗസ് ബോട്ടുകളും താമസ സൗകര്യങ്ങളും ഉപയോഗിക്കാനാകും വിധം ശരിയാക്കുന്നതിന് സാമ്പത്തിക സഹായമാണ്. വിനോദസഞ്ചാരികൾ വിമാനം കയറി വരുന്നത് അടുത്തെങ്ങും സാധ്യമല്ല. ആയതിനാൽ ഇന്ത്യയിലെ തന്നെയുള്ള വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ പ്രചാരണം സാധ്യമാക്കണം.
വിനോദ സഞ്ചാരത്തിന് വരുന്നവരെ പൊലീസ് സ്വാഗതം ചെയ്യണം. രോഗമില്ലെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റുകളും രേഖകളും മൊബൈൽ ഫോണിൽ സൂക്ഷിക്കുന്നതിന് അനുവാദം നൽകണം. വിനോദ സഞ്ചാരികളെ വി.ഐ.പികൾ ആയി പരിഗണിക്കാനുള്ള മനോഭാവം എല്ലാവരിലും ഉണ്ടാകണം. എന്നാൽ, മാത്രമേ വ്യവസായം പുനരുജ്ജീവിപ്പിക്കാൻ സാധിക്കുകയുള്ളൂ. ഈ മേഖലയിൽ പണിയെടുത്തിരുന്നവർക്ക് വാക്സിനേഷൻ നടത്താൻ പ്രത്യേകമായ സംവിധാനം ഉണ്ടാക്കണം. പഞ്ചായത്ത് ഭരണസമിതികൾ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം. തകർന്നു കിടക്കുന്ന സാമ്പത്തിക രംഗത്തെ ഉണർത്തിയെടുക്കാൻ വിനോദ സഞ്ചാര മേഖല ഒരു പുത്തൻ വഴിയായി പഞ്ചായത്തുകൾ കാണണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.