ആലപ്പുഴ: നഗരസഭക്ക് കീഴിലുള്ള വലിയചുടുകാട് പാർക്കിന്റെ പരിപാലനം പ്രതിസന്ധിയിൽ. നിർമാണക്കരാറും പരിപാലനക്കരാറും ഏറ്റെടുത്ത സ്റ്റേറ്റ് അഗ്രി ഹോർട്ടി സൊസൈറ്റിക്ക് നഗരസഭ പണം നൽകാത്തതാണ് കാരണം. പരിപാലന ചുമതലയുള്ള ഉപകരാറുകാരനെ സൊസൈറ്റി കഴിഞ്ഞദിവസം ചുമതലയിൽനിന്ന് നീക്കി.
എന്നിട്ടും വിഷയത്തിൽ ഇടപെടാൻ നഗരസഭ തയാറായിട്ടില്ല.2022 ജനുവരിയിലാണ് വലിയചുടുകാട് ശ്മശാനത്തോടു ചേർന്നുള്ള പാർക്കിന്റെ നിർമാണം പൂർത്തിയായത്. 1.47 കോടിയുടേതായിരുന്നു പദ്ധതി. നിർമാണവുമായി ബന്ധപ്പെട്ട് ചില എതിർപ്പുകൾ വന്നതിനാൽ പദ്ധതി 1.27 കോടിയുടേതാക്കി ചുരുക്കി. ഇതിൽ 27 ലക്ഷം രൂപയോളം നിർമാണം നടത്തിയ സ്റ്റേറ്റ് അഗ്രി ഹോർട്ടി സൊസൈറ്റിക്ക് നഗരസഭ നൽകാനുണ്ട്. പരിപാലന ചുമതല പ്രതിമാസം 25,000 രൂപയായി നിശ്ചയിച്ച് സൊസൈറ്റിയെ നഗരസഭ ഏൽപിച്ചു. എന്നാൽ, ആറുമാസമായി പണം നൽകിയിട്ടില്ല.
എറണാകുളം സ്വദേശി സുനിൽ എം. അന്നാപോളിനാണ് പാർക്കിന്റെ പരിപാലന ചുമതല സൊസൈറ്റി ഉപകരാർ നൽകിയത്. പ്രതിമാസം 22,000 രൂപ നിരക്കിൽ ഒരുവർഷത്തേക്കായിരുന്നു കരാർ. എന്നാൽ, നഗരസഭയിൽനിന്ന് തുക ലഭിക്കാത്തതിനാൽ മൂന്നുമാസമായി ഉപകരാറുകാരന്‍ സൊസൈറ്റിയും പണം നൽകിയിട്ടില്ല. അതിനിടെ സൊസൈറ്റി നിർദേശിച്ച രീതിയിലല്ല പരിപാലനം നടത്തിയതെന്ന കാരണം പറഞ്ഞ് ഉപകരാറുകാരനെ കഴിഞ്ഞ ദിവസം ചുമതലയിൽനിന്ന് നീക്കി. കരാർ കാലാവധി തീരും മുമ്പേ ഒഴിവാക്കിയതിനെതിരെ ഉപകരാറുകാരനും രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.