ബു​ധ​നാ​ഴ്ച​ക​ളി​ൽ ചേർത്തല താ​ലൂ​ക്ക് ഓ​ഫി​സി​ലെ തി​ര​ക്ക് 

സർവേ നടപടികൾ വീണ്ടും താളംതെറ്റി; നട്ടം തിരിഞ്ഞ് ജനം

പൂച്ചാക്കൽ: ചേർത്തല താലൂക്കിലെ പെരുമ്പളം, അരൂക്കുറ്റി വില്ലേജുകളിലെ റീസർവേ നടപടികൾ എങ്ങുമെത്താതെ ജനം വലയുന്നു. 2015ൽ തുടങ്ങിയിട്ടും നിരവധി പേർ ഇന്നും ഇതിന്‍റെ ദുരിതം പേറുന്നു. പെരുമ്പളം വില്ലേജിലെ റീസർവേ നടപടി സ്തംഭനാവസ്ഥയിലാണ്. ഫയലുകൾ കൈകാര്യം ചെയ്തിരുന്ന സർവേയറെ സ്ഥലംമാറ്റിയിട്ടും പകരക്കാരനെ നിയോഗിച്ചിട്ടില്ല.

വസ്തു പരിശോധനക്ക് വരുന്നതിന് മുമ്പ് പുരയിടത്തിലെ കാടും പടലും വെട്ടി വെടിപ്പാക്കുക, അതിരുകൾ കല്ലിട്ട് തിരിക്കുക തുടങ്ങിയ നിർദേശങ്ങൾ ഉടമക്ക് കൊടുക്കുന്നുണ്ട്. ഇതിന് തന്നെ നല്ലൊരു തുക ചെലവ് വരുമെന്ന് മാത്രമല്ല, കാടും പടലും വെട്ടിയാൽത്തന്നെ വീണ്ടും പഴയത് പോലെയാകുമ്പോഴാണ് സർവേക്കായി ഉദ്യോഗസ്ഥർ എത്തുക.

ഇത് ഉടമക്ക് ഇരട്ടി തുക ചെലവാക്കേണ്ട അവസ്ഥയാണ്. വസ്തുവിന്‍റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ അപേക്ഷയോടൊപ്പം ഹാജരാക്കണമെന്ന നിബന്ധന പലർക്കും മുൻ ആധാരങ്ങൾ സംഘടിപ്പിക്കൽ ശ്രമകരമാകുന്നു. ഹാജരാക്കുന്ന രേഖകൾ അടങ്ങുന്ന ഫയൽ പിന്നീട് കാണാതാകുന്ന സംഭവങ്ങളുമുണ്ട്. ഉദ്യോഗസ്ഥരുടെ ശ്രദ്ധക്കുറവ് കാരണം പലരുടെയും ഫയലിൽ ഒരു ബന്ധവുമില്ലാത്തവരുടെ പേരും എഴുതിച്ചേർത്ത വിചിത്ര അനുഭവവുമുണ്ടായി.

ബുധനാഴ്ച ദിവസം സർവേ ഓഫിസിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതാണ് പ്രധാന പ്രശ്നം. ഡിജിറ്റൽ സർവേ ആരംഭിക്കുന്നു എന്ന് പറഞ്ഞ് ട്രെയിനിങ്ങിനായി മൂന്നാഴ്ചയോളം എല്ലാ നടപടിയും നിർത്തിവെച്ച് സമയം നഷ്ടം ഉണ്ടായതല്ലാതെ നടപടിയൊന്നും ആരംഭിച്ചിട്ടില്ല. റീസർവേ പൂർത്തിയാകാതെ കരം അടക്കാനാകാതെ ഈടുവെച്ച് വായ്പ വാങ്ങാനോ വസ്തുവിൽപന നടത്താനോ കഴിയാതെ ബുദ്ധിമുട്ടുന്നവർ ഏറെയുണ്ട്.

സ്ഥലം മാറ്റിയ സർവേയർക്ക് പകരം ജീവനക്കാരെ നിയോഗിച്ച് ഫയൽ കൈമാറാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും കൂടുതൽ ജീവനക്കാരെ ചേർത്തല താലൂക്ക് ഓഫിസിൽ നിയമിക്കാൻ അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഭൂവുടമകൾ ആവശ്യപ്പെടുന്നു.

Tags:    
News Summary - The survey process again went wrong

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.