അമ്പലപ്പുഴ: തോട്ടപ്പള്ളിയിൽ കേന്ദ്ര വെയർഹൗസിങ് കോർപറേഷന്റെ നെല്ല് സംഭരണശാല നിർമിക്കാൻ കൃഷിവകുപ്പ് അനുമതി. സാങ്കേതിക തടസ്സങ്ങൾ നീക്കിയാണ് അന്തിമ അനുമതി നൽകിയത്. തോട്ടപ്പള്ളി ചീപ്പ് പാലത്തിന്റെ തെക്കേ ഇറക്കത്തിൽ രണ്ടേക്കറിലാണ് സംഭരണശാല യാഥാർഥ്യമാകുക.
കൈമാറിയ സ്ഥലം തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുന്നുവെന്ന ആക്ഷേപത്തെ തുടർന്നാണ് അനുമതി വൈകിയത്. സ്ഥലം തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി കൃഷി വകുപ്പ് അഡീഷനൽ സെക്രട്ടറി 17നാണ് ഉത്തരവിറക്കിയത്. 2016ൽ സെൻട്രൽ വെയർഹൗസിങ് കോർപറേഷൻ മാനേജർ നൽകിയ അപേക്ഷയിൽ ആലപ്പുഴ സബ് കലക്ടർ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറങ്ങിയത്. പ്രദേശം നിയമത്തിന്റെ പരിധിയിലല്ലെന്ന് വെയർഹൗസിങ് കോർപറേഷൻ വ്യക്തമാക്കിയെങ്കിലും ചതുപ്പുനിലം നികത്താൻ സർക്കാറിൽനിന്ന് പ്രത്യേക ഉത്തരവ് വേണമെന്ന് റവന്യൂ വകുപ്പ് നിലപാടെടുത്തു. ഇതോടെയാണ് നിർമാണ പ്രവർത്തനങ്ങൾ 2015ൽ തടസ്സപ്പെട്ടത്.
2012ൽ സംസ്ഥാന സർക്കാറിന്റെ ശിപാർശ പ്രകാരം അനുവദിച്ച സംഭരണശാലക്ക് 2014ൽ ശിലാസ്ഥാപനം നടത്തിയിരുന്നു. 8200 മെട്രിക് ടൺ നെല്ല് സംഭരിക്കാനുള്ള ശാല നിർമിക്കാനാണ് നിശ്ചയിച്ചത്. 11 കോടി രൂപയാണ് അന്ന് നിർമാണച്ചെലവായി കോർപറേഷൻ നിശ്ചയിച്ചത്.
അന്തിമ അനുമതി കിട്ടിയ സാഹചര്യത്തിൽ പുതിയ കരാർ നൽകണം. ഡിസൈൻ തയാറാക്കാൻ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.