വേനൽചൂടിന് ശമനമില്ല; ജലസ്രോതസ്സുകൾ വറ്റി

ആലപ്പുഴ: ചുട്ടുപൊള്ളുന്ന വേനലിൽ ജലസ്രോതസ്സുകൾ വറ്റിവരണ്ടതോടെ ദാഹജലത്തിനായി ജനം നെട്ടോട്ടമോടുന്നു. കുട്ടനാട്ടിൽ ജലനിരപ്പ് കുറഞ്ഞതോടെ പൊതുജലാശയങ്ങളിലെ വെള്ളം മലിനമായി. പേരിനൊരു വേനൽമഴ പെയ്തെങ്കിലും കനത്ത ചൂട് തുടരുകയാണ്. വേനലെത്തുമ്പോൾ മുതൽ വെള്ളമില്ലാത്ത സങ്കടം പതിവാകുന്ന ജില്ലയിലെ മിക്കപ്രദേശങ്ങളിലും കുടിവെള്ളം കിട്ടാക്കനിയായിട്ടുണ്ട്. പലയിടത്തും വർഷങ്ങളായി ഇതുതന്നെയാണ് അവസ്ഥ.

ആലപ്പുഴ നഗരസഭയിലെ ഭൂരിഭാഗം വാർഡുകളിലും നിലനിൽക്കുന്ന രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് ഇനിയും പരിഹാരം കണ്ടെത്താനായിട്ടില്ല. നിരന്തരമായ പൈപ്പ് പൊട്ടൽ, വിവിധ റോഡുകളുടെയും പാലങ്ങളുടെയും വൈറ്റ് ടോപ്പ് റോഡുകളുടെയും നിർമാണം എന്നിവയാണ് നഗരവാസികളുടെ കുടിവെള്ളം മുട്ടിക്കുന്നത്. സിവിൽസ്റ്റേഷൻ, സ്റ്റേഡിയം, മന്നത്ത്, പുന്നമട, കളപ്പുര, കൊമ്മാടി, ജില്ലകോടതി, മുനിസിപ്പൽ ഓഫിസ്, തത്തംപള്ളി, വലിയമരം തുടങ്ങിയ വാർഡുകളിലാണ് കുടിവെള്ളക്ഷാമം രൂക്ഷം.

തീരദേശമേഖലയാണ് ജലക്ഷാമം ഏറ്റവും രൂക്ഷമുള്ള മറ്റൊരു പ്രദേശം. കടൽ-കായൽ മേഖലയായതിനാൽ ഉപ്പുവെള്ളം കിണറുകളിലെത്തുന്നതാണ് പ്രശ്നം. പലകുടുംബങ്ങളും ശുദ്ധജലം വാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലാണ്. കലവൂർ, പ്രീതികുളങ്ങര, ചെറിയ കലവൂർ, പൊള്ളേത്തൈ, കാട്ടൂർ, ഓമനപ്പുഴ, പാതിരപ്പള്ളി, സർവോദയപുരം മേഖലകളിൽ ശുദ്ധജലം കിട്ടാത്ത സ്ഥിതിയുണ്ട്.

കുട്ടനാട് താലൂക്കിലെ 12 പഞ്ചായത്തുകളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. കൊയ്ത്ത് ആരംഭിച്ചതോടെ ശുദ്ധജലത്തിന്റെ ഉപയോഗം കൂടിയിട്ടുണ്ട്. ചേർത്തല, ആലപ്പുഴ, ഹരിപ്പാട്, മാവേലിക്കര മേഖലകളിലും ശുദ്ധജല ലഭ്യത കുറഞ്ഞു. കുഴൽ കിണറുകളിൽ നീരുറവയുടെ കുറവും കാര്യമായി ബാധിച്ചിട്ടുണ്ട്. ആശ്വാസമാകേണ്ട ജപ്പാൻ കുടിവെള്ള പദ്ധതിയും ആലപ്പുഴ കുടിവെള്ള പദ്ധതിയും പ്രവർത്തിക്കുന്നുണ്ടെങ്കിലും ചൂട് കനത്തതോടെ പദ്ധതി പ്രദേശത്ത് എല്ലായിടത്തും സുലഭമായി കുടിവെള്ളം എത്തുന്നില്ല.

തുടർച്ചയായി വിതരണ കുഴൽ തകഴിയിൽ പൊട്ടുന്നതിനാൽ ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പമ്പിങ് മാസം കുറഞ്ഞത് 10 ദിവസമെങ്കിലും നിർത്തുന്നത് പതിവാണ്. ഇത് ആലപ്പുഴ നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെയും കുടിവെള്ളമാണ് മുട്ടിക്കുന്നത്.

അമ്പലപ്പുഴ താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമം അതിരൂക്ഷമാണ്. കുട്ടനാട് താലൂക്കിൽ പ്രളയത്തിനുശേഷം നിലവിലുള്ള പമ്പ് ഹൗസുകൾ പൂർണമായി പ്രവർത്തനസജ്ജമായിട്ടില്ല. സ്വകാര്യ വെള്ളക്കമ്പനികൾ അമിതവിലയ്ക്കാണ് കുടിവെള്ള വിൽപന നടത്തുന്നത്. 

താപനിലയിൽ നേരിയ കുറവ്

ആലപ്പുഴ: ആലപ്പുഴയിൽ അന്തരീക്ഷ താപനിലക്ക് നേരിയവ്യത്യാസം. വെള്ളിയാഴ്ച 34 ഡിഗ്രിസെൽഷ്യസ് ചൂടാണ് രേഖപെടുത്തിയത്. അമ്പലപ്പുഴ, ആര്യാട്, ഭരണിക്കാവ്, ചമ്പക്കുളം, ചെങ്ങന്നൂർ, ഹരിപ്പാട്, കഞ്ഞിക്കുഴി, മാവേലിക്കര, മുതുകുളം എന്നിവിടങ്ങളിൽ 33 ഡിഗ്രി സെൽഷ്യസ് ചൂട് അനുഭവപ്പെട്ടു.

കഴിഞ്ഞ ദിവസങ്ങളിൽ ചൂട് ഉയർന്ന് 36.2 ഡിഗ്രി സെൽഷ്യസ് വരെ എത്തിയിരുന്നു. തുടർച്ചയായി ആറുദിവസം സാധാരണഗതിയിൽനിന്ന് മൂന്ന് ഡിഗ്രി അധികം ചൂടാണ് അനുഭവപ്പെട്ടത്. ജില്ലയിൽ ഉഷ്‌ണതരംഗം, സൂര്യാഘാതം, സൂര്യാതപം ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്.

Tags:    
News Summary - There is no cure for summer heat; drinking water shortage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.