ആലപ്പുഴ: വയനാട് ദുരന്ത പശ്ചാത്തലത്തില്‍ മാറ്റിവെച്ച നെഹ്റുട്രോഫി വള്ളംകളി നവംബറിൽ നടത്താൻ സാധ്യത. ചാമ്പ്യൻസ് ലീഗ് ഈ വർഷം ഉണ്ടാകില്ല. നെഹ്റുട്രോഫി വള്ളംകളി നടത്തണമെന്ന് ജില്ലയിൽ ഉയരുന്ന ശക്തമായ ആവശ്യം പരിഗണിച്ചാണ് നവംബറിൽ നടത്തുന്നതിന് സർക്കാർ ആലോചിക്കുന്നത്.
ഇക്കാര്യം പി.പി. ചിത്തരഞ്ജൻ എം.എൽ.എയും സ്ഥിരീകരിച്ചു. ഒക്ടോബർ വരെ മഴയായതിനാൽ അതിനുശേഷം നവംബറിൽ നെഹ്റുട്രോഫി മത്സരം സംഘടിപ്പിക്കുകതന്നെ ചെയ്യുമെന്നും അക്കാര്യം നൂറുശതമാനം ഉറപ്പാണെന്നും ചിത്തരഞ്ജൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇതിനായി ക്ലബുകൾക്ക് ഒക്ടോബർ മുതൽ പരിശീലനം ഒന്നേയെന്ന് പുനരാരംഭിക്കേണ്ടിവരും. ഇതിനുള്ള ചെലവ് കണ്ടെത്തുന്നത് അവർക്ക് വലിയ ബാധ്യത സൃഷ്ടിക്കും. അതിന് എന്ത് സഹായം ചെയ്യാൻ കഴിയുമെന്ന് ആലോചിക്കുന്നുണ്ടെന്നും ചിത്തരഞ്ജൻ പറഞ്ഞു.
വള്ളംകളി മാറ്റിവെച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്കിടെ സെപ്റ്റംബറില്‍ വള്ളംകളി നടത്തണമെന്ന് ആവശ്യപ്പെട്ടു പി.പി. ചിത്തരഞ്ജന് എം.എല്‍.എ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് നിവേദനം നല്‍കിയിരുന്നു. നിവേദനം പരിഗണിച്ചാണ് നവംബറിൽ മത്സരം നടത്തുന്നതിനുള്ള നിർദേശം ഉണ്ടായിരിക്കുന്നത്.
ദുരന്ത പശ്ചാത്തലത്തിൽ ഓണാഘോഷം അടക്കം എല്ലാ പരിപാടിയും സർക്കാർ ഉപേക്ഷിച്ചിരിക്കയാണ്. സെപ്റ്റംബർ ഏഴിന് നെഹ്റുട്രോഫി നടത്താമെന്ന നിർദേശം ജില്ല ഭരണകൂടം മുന്നോട്ട് വെച്ചിരുന്നുവെങ്കിലും ഓണക്കാലത്ത് സർക്കാർ തലത്തിലുള്ള എല്ലാ ആഘോഷവും വേണ്ടെന്ന് വെച്ചതിനാലാണ് വള്ളംകളിയും നടത്തേണ്ട എന്ന് തീരുമാനിച്ചതെന്നറിയുന്നു. വള്ളംകഴി മാറ്റിവെച്ചതോടെ കളിവള്ളങ്ങള്‍ വള്ളപ്പുരയിൽ കയറ്റിവെച്ച് കളിക്കാർ ക്യാമ്പുകൾ ഉപേക്ഷിച്ച് പോയിരുന്നു.
നവംബറിൽ മത്സരം നടക്കുമെങ്കിൽ ഒക്ടോബർ മുതൽ പരിശീലനം തുടങ്ങണം. വീണ്ടും പരിശീലനം തുടങ്ങുന്നതിനോടും ഓണക്കാലത്ത് അല്ലാതെ മത്സരം സംഘടിപ്പിക്കുന്നതിനോടും ക്ലബുകളുടെ സഹകരണം ഉണ്ടാകുമോ എന്നത് കണ്ടറിയണം. ചാമ്പ്യന്‍സ് ബോട്ട് ലീഗ് റദ്ദാക്കിയിട്ടും കേരള ക്രിക്കറ്റ് ലീഗ് സംഘടിപ്പിക്കുന്നത് ജലോത്സവപ്രേമികള്‍ ചോദ്യം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.