ആലപ്പുഴ: ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡോക്ടറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ആലപ്പുഴ നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ ഒന്നാം പ്രതി. ഒന്നാം പ്രതിയായിരുന്ന ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ എ.എസ്. കവിതയെ തെളിവില്ലാത്തതിനാൽ പ്രതിസ്ഥാനത്തുനിന്നു നീക്കി. നേരത്തേ ഹുസൈൻ രണ്ടാം പ്രതിയായിരുന്നു. അന്വേഷണ റിപ്പോർട്ട് പൊലീസ് ജില്ല കോടതിയിൽ സമർപ്പിച്ചു. ഡോ. അഞ്ജു സെബാസ്റ്റ്യന്റെ പരാതിയിലാണ് പൊലീസ് നടപടി. ഹുസൈൻ ഭീഷണിപ്പെടുത്തിയതായി സി.സി ടി.വി ദൃശ്യങ്ങളുടെയും ആശുപത്രി ജീവനക്കാരുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്.
വൈസ് ചെയർമാൻ ഡോക്ടറുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനു തെളിവില്ല. എന്നാൽ, ഭീഷണിപ്പെടുത്തിയതിനു തെളിവു ലഭിച്ചതായി പൊലീസ് പറയുന്നു. ഹുസൈന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദംകേൾക്കൽ കോടതി തിങ്കളാഴ്ചത്തേക്കു മാറ്റി.
ഒക്ടോബർ 24നാണ് കേസിനാസ്പദമായ സംഭവം. വലിയചുടുകാട് പാർക്കിൽ മർദനമേറ്റ താൽക്കാലിക ജീവനക്കാർക്ക് ശരിയായ ചികിത്സ കിട്ടിയില്ലെന്നാരോപിച്ച് കവിതയാണ് ആദ്യം അത്യാഹിത വിഭാഗത്തിലെത്തിയത്. പിന്നീടാണ് ഹുസൈനെത്തി ഡോക്ടറോടു കയർത്തുസംസാരിച്ചത്. രോഗികളുടെ മുന്നിൽവെച്ച് ഇരുവരും തന്നെ അപമാനിച്ചെന്നും ഡ്യൂട്ടി തടസ്സപ്പെടുത്താൻ ശ്രമിച്ചെന്നുംകാട്ടി വനിത ഡോക്ടർ ജില്ല പൊലീസ് മേധാവിക്കു പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.