തുറവൂർ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിൽ ദിവസവും അപകടങ്ങൾ. കാറിടിച്ച് ബൈക്ക് യാത്രികന്റെ കാൽപാദം ഒടിഞ്ഞുതൂങ്ങിയത് ഏറ്റവും ഒടുവിലുണ്ടായ അപകടമാണ്. അരൂക്കുറ്റി കൊമ്പനാമുറി പള്ളിപ്പറമ്പില്‍ ജോണ്‍സണാണ് (34) അപകടം സംഭവിച്ചത്. കഴിഞ്ഞദിവസം ദേശീയപാതയില്‍ എഴുപുന്ന പുന്നക്കല്‍ നഴ്സിങ് ഹോമിന് സമീപമായിരുന്നു സംഭവം.
ഫോണ്‍ വന്നതിനെ തുടര്‍ന്ന് ബൈക്ക് ഒതുക്കി സംസാരിച്ചുകൊണ്ടുനിന്ന യുവാവിനെ പിന്നില്നിന്ന്എത്തിയ കാറിടിക്കുകയായിരുന്നു. കാല്പാദം ഒടിഞ്ഞ് തൂങ്ങിയ നിലയിലാണ് അരൂര്‍ അഗ്നിരക്ഷാസേന ആംബുലന്‍സില്‍ ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
നാലുവരി ദേശീയപാതയില്‍ ഉയരപ്പാത നിര്‍മാണം ആരംഭിച്ചതോടെ അപകടങ്ങൾ നടക്കാത്ത ദിവസങ്ങളില്ല. കഴിഞ്ഞ ദിവസം രാത്രിയില്‍ പാട്ടുകുളങ്ങരയിലുണ്ടായ അപകടത്തില്‍ നിർമാണ ജോലിയിലേർപ്പെട്ട തൊഴിലാളിക്ക് ദാരുണാന്ത്യം സംഭവിച്ചിരുന്നു. നിർമാണ കമ്പനിക്കുവേണ്ടി ടിപ്പർ ഓടിച്ചിരുന്ന അരൂർ സ്വദേശിയായ യുവാവ് മരിക്കാനിടയായ അപകടമുണ്ടായതും കഴിഞ്ഞ മാസമാണ്.
ചെറുതും വലുതുമായ 20നു മുകളിൽ അപകടം 12.75 കിലോമീറ്റര്‍ വരുന്ന അരൂരിനും തുറവൂരിനും ഇടയില്‍ നിത്യേന ഉണ്ടാകുന്നുണ്ട്. ഇത് ഒഴിവാക്കാൻ കാര്യക്ഷമമായ നടപടി ഉണ്ടാകുന്നില്ല. അപകട മരണങ്ങൾക്കും ഗതാഗത സ്തംഭനങ്ങൾക്കും നാട്ടുകാർക്കുണ്ടാകുന്ന ദുരിതങ്ങൾക്കും നേരെ കരാറുകാർ ഉദാസീനതയാണ് കാട്ടുന്നത്. ഇത് ഏറെ വിമർശനങ്ങൾക്ക് കാരണമാകുന്നു. മരണമുണ്ടാവുന്ന അപകടങ്ങൾക്കിടയിലും ജോലിക്ക് തടസ്സമുണ്ടാകാതിരിക്കാനാണ് കരാറുകാരുടെ ശ്രദ്ധ. കാൽനടയാത്രികർക്ക് ദേശീയപാതയിൽ ഇറങ്ങിനടക്കാൻ കഴിയാത്ത സ്ഥിതിയായി. പ്രാദേശികമായ ആവശ്യങ്ങൾക്ക് നാട്ടുകാർ ഇടവഴികളെയാണ് ആശ്രയിക്കുന്നത്.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി നിർമാണം നടത്താൻ കമ്പനി നിർബന്ധിതരാവാൻ ഇനിയും എത്ര അപകടങ്ങളും ഇരകളും ഉണ്ടാകണമെന്ന ചോദ്യമാണ് നാട്ടുകാർ ഉയർത്തുന്നത്. നാട്ടുകാരുടെ പരാതികൾ ഏറ്റെടുത്ത് ത്രിതല പഞ്ചായത്തുകൾ ജില്ല ഭരണകൂടത്തോട് പരാതിപ്പെട്ടിരന്നു. ഇതേ തുടർന്ന് ചില നിർദേശങ്ങൾ പാലിക്കാൻ കമ്പനി അധികൃതർ ആദ്യം തയാറായെങ്കിലും പിന്നീട് അവഗണിക്കുകയായിരുന്നു. ഗതാഗതം അനുവദിച്ചിരിക്കുന്ന ദേശീയപാതയുടെ ഭാഗം കുറേക്കൂടി വീതികൂട്ടുമെന്നായിരുന്നു ആദ്യത്തെ വാഗ്ദാനം.
ഗതാഗതം അസാധ്യമായ വിധത്തിൽ ദേശീയപാത തകരുമ്പോൾ മാത്രം കുഴിയടക്കൽ പരിപാടിയുമായി കരാർ കമ്പനി രംഗത്തെത്തുന്നത് പതിവാക്കിയിട്ടുണ്ട്. ഗതാഗതത്തിരക്ക് ഒഴിവാക്കാൻ, വലിയ വാഹനങ്ങൾ വഴിതിരിച്ചുവിടുമെന്നായിരുന്നു പിന്നീടുള്ള പ്രഖ്യാപനം. എല്ലാം വെള്ളത്തിൽ വരച്ച വര പോലെയായി. ഗതാഗത നിയന്ത്രണത്തിന് ഏർപ്പെടുത്തിയ അന്തർസംസ്ഥാന തൊഴിലാളികളെയും ദേശീയപാതയിൽ കാണാനില്ല.
ഉയരപ്പാത പൂർത്തിയാക്കാൻ രണ്ടുവർഷംകൂടി പണികൾ തുടരുന്ന കാര്യം ഓർക്കുമ്പോൾ കരാർ കമ്പനിയുടെ സമീപനവും അധികൃതരുടെ ഉദാസീനതയും എത്ര പേരുടെ ജീവനെടുക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.