തുറവൂർ: തുറവൂര്‍ കരിനിലവുമായി ബന്ധപ്പെട്ട് കലക്ടര്‍ ജോണ്‍ വി. സാമുവലിന്റെ നേതൃത്വത്തില്‍ ഒരുമാസത്തിനകം സംയുക്ത പരിശോധന നടത്തും. പൊലീസ്, കൃഷി, ഫിഷറീസ്, പഞ്ചായത്ത്, ആരോഗ്യം, റവന്യൂ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുക. ‘പൊക്കാളിപ്പാടങ്ങളുടെ കണ്ണീർ’ന്ന തലക്കെട്ടിൽ ‘മാധ്യമം’ പ്രസിദ്ധീകരിച്ച പരമ്പരയെത്തുടർന്നാണ് നടപടി. തുറവൂര്‍, കുത്തിയതോട് പഞ്ചായത്തുകളിലെ പാടശേഖരസമിതിയുടെ പ്രവര്‍ത്തനത്തിൽ പഞ്ചായത്തുകളിലെ പാടശേഖരങ്ങളുടെ സമീപമുള്ള താമസക്കാര്‍ക്ക് പാടശേഖരത്തിലെ ബണ്ട് അസ്വാഭാവികമായി മുറിക്കുന്നത് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാൻ കലക്ടറേറ്റിൽ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കലക്ടർ അധ്യക്ഷത വഹിച്ചു.
പാടശേഖര കമ്മിറ്റി കണ്‍വീനര്‍മാരും പ്രസിഡന്റുമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യോഗത്തില്‍ സന്നിഹിതരായി. മുന്‍ കലക്ടറുടെ നിലനില്‍ക്കുന്ന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പുതിയത് വരുന്നതുവരെ ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന രീതിയില്‍ ഓരുവെള്ളം തുറന്നുവിട്ട് നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്ന പ്രവണതകള്‍ പാടശേഖരസമിതികള്‍ ഒഴിവാക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.
എന്നാല്‍, ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ ആവശ്യമായി വരുന്നപക്ഷം കൃഷി ഓഫിസറുടെ മേല്‍നോട്ടത്തില്‍ പാടശേഖര സമിതികള്‍ തന്നെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതും കൃഷി ഓഫിസറുടെ നിർദേശങ്ങള്‍ പാലിക്കണം.
തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യങ്ങളില്‍ പരസ്പരം സ്പര്‍ധ ഉണ്ടാകാത്ത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പൊലീസിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി തീരുമാനിക്കാം. പാടശേഖരങ്ങളില്‍നിന്ന് അനധികൃതമായി മത്സ്യം പിടിക്കുന്നവരുണ്ടെങ്കില്‍ വ്യക്തമായ തെളിവ് സഹിതം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്കാന് യോഗം നിര്‍ദേശിച്ചു.
മത്സ്യകൃഷി ചെയ്യേണ്ട കാലയളവ് കൃത്യമായി രേഖപ്പെടുത്തി ഒരുനെല്ലും ഒരുമീനും പദ്ധതി പ്രകാരം മത്സ്യകൃഷി ചെയ്യുന്നതിന് ലൈസന്‍സ് നല്കാന് നിലവിലുള്ള നിയമത്തിന് അനുസരിച്ച് ഫിഷറിസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രദ്ധിക്കണം. ഒരുനെല്ലും മീനും പദ്ധതിയുടെ നെല്‍ കൃഷി, മത്സ്യകൃഷി എന്നിവയുടെ കരാര്‍ സംബന്ധിച്ച് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസറും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറും വ്യക്തത വരുത്തുന്നതിന് കലക്ടര്‍ ചുമതലപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട ക്രമസമാധാന പ്രശ്നങ്ങള്‍ പൊലീസ് തക്കസമയത്ത് ഇടപെട്ട് പരിഹരിക്കേണ്ടതാണെന്നും സംയുക്ത പരിശോധനക്കുശേഷം പുതിയ ഉത്തരവ് ഇറക്കുമെന്നും കലക്ടര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.