അരൂക്കുറ്റി: അരൂർ, അരൂക്കുറ്റി, തൈക്കാട്ടുശ്ശേരി, പെരുമ്പളം മേഖലകളിൽ വളരെ സജീവമായിരുന്ന ഉൾനാടൻ മത്സ്യബന്ധനം ഉൾവലിയുന്നു. മേഖലയുമായി ബന്ധപ്പെട്ട പ്രതിസന്ധിയാണ് പ്രധാന കാരണം. പല കാരണങ്ങളാൽ മത്സ്യലഭ്യതയും കുറഞ്ഞുവരുകയാണ്.
വേമ്പനാട്ട് കായലിൽ ഊന്നിവല കെട്ടി ഉപജീവനം നടത്തുന്നവർക്ക് ഇടിത്തീയാവുകയാണ് പോളപ്പായൽ ശല്യം. ശക്തമായ മഴയിൽ ജലനിരപ്പ് ഉയർന്നതോടെ കുട്ടനാടൻ പാടശേഖരങ്ങളിൽനിന്ന് പുറന്തള്ളുന്നതാണ് പോളപ്പായൽ.
കായൽ മലിനീകരണം നിത്യപ്രതിഭാസമായി മത്സ്യത്തൊഴിലാളികളെ വേട്ടയാടുന്നുണ്ട്. കമ്പനികളിൽനിന്ന് പുറന്തള്ളുന്ന രാസമാലിന്യം, കുട്ടനാടൻ പാടശേഖരങ്ങളിൽനിന്ന് ഒഴുകിയെത്തുന്ന കീടനാശിനികൾ, പായൽ ചീഞ്ഞതിെൻറ അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് കുപ്പിയുൾപ്പെടെ മാലിന്യം, പാലങ്ങളുടെ നിർമാണാവശിഷ്ടങ്ങൾ, മറ്റ് ഖരമാലിന്യം എന്നിവ ഊന്നിക്കുറ്റിക്കും വലക്കും മറ്റ് അനുബന്ധ ഉപകരണങ്ങൾക്കും കേടുവരുത്തുന്നുവെന്ന് മാത്രമല്ല മത്സ്യപ്രജനനത്തെതന്നെ സാരമായി ബാധിക്കുന്നുണ്ട്. ഒരു വഞ്ചിയിൽ രണ്ട് തൊഴിലാളികൾ രാപകലില്ലാതെ ബുദ്ധിമുട്ടിയാലും കിട്ടുന്നത് തുച്ഛ വരുമാനമാണ്.
ഇന്ധന വിലവർധനയും മണ്ണെണ്ണ വിലവർധനയും മത്സ്യബന്ധനം നഷ്ടക്കച്ചവടമാക്കി. ഡാമുകളിൽനിന്നുള്ള വെള്ളമൊഴുക്കലും കാലാവസ്ഥ പ്രതിഭാസങ്ങളും ഈ മേഖലയെ തളർത്തുന്നുണ്ട്. ഓരുജലമായി കഴിഞ്ഞാൽ ഉണ്ടാകുന്ന ചൊറുമത്സ്യത്തിെൻറ (ജെല്ലിഫിഷ്) ശല്യം വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കോവിഡും പ്രളയവും ഉണ്ടാക്കിയ പ്രതിസന്ധി ഗുരുതരമാണ്. തൊഴിൽ ദിനങ്ങൾ കുറയുന്നതും തൊഴിലിടങ്ങളിലുള്ള സുരക്ഷിതത്വമില്ലായ്മയും മറ്റ് തൊഴിൽതേടി പോകാൻ നിർബന്ധിതരാക്കുന്നു.
പരമ്പരാഗത മത്സ്യബന്ധന മാർഗമായ ചീനവല, ചൂണ്ടയിടൽ, തപ്പിപിടിക്കൽ, ഒറ്റൽ, കോരുവല തുടങ്ങിയവ അസ്തമിക്കുകയാണ്. ചീനവലയും ചൂണ്ടയിടലും വിദേശികളെ ആകർഷിക്കാനായി മാത്രമാകുന്നുണ്ട്.
മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്ന വസ്തുക്കളുടെ ചെലവ് വർധനയും സാരമായി ബാധിക്കുന്നുണ്ട്. ഊന്നിക്കുറ്റി തറക്കാൻ 10,000വും ഊന്നി വലക്ക് 25000വും വരുന്നുണ്ട്. വള്ളം ഉൾപ്പെടെയുള്ള അനുബന്ധ സാമഗ്രികൾ വാങ്ങുന്നതിന് മൊത്തത്തിൽ ലക്ഷംവരെ ചെലവ് വരുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള മിച്ചം ഇല്ല.
സാമൂഹികവും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവരെ ഉയർത്തിക്കൊണ്ടുവരാൻ ഒരുപദ്ധതിയും സർക്കാർ തലത്തിലില്ല. തണ്ണീർമുക്കം ബണ്ടിെൻറ അടക്കലും തുറക്കലും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഷട്ടർ താഴ്ത്തുന്നതോടെ ഒഴുക്ക് നിലക്കുകയും വേലിയേറ്റവും ഇറക്കവും നോക്കി മത്സ്യബന്ധനം നടത്തുന്നത് പ്രതിസന്ധിയിലാക്കി.
മത്സ്യക്കോള് കിട്ടിയിരുന്ന ധാരാളം ഊന്നുകുറ്റികൾ ദേശീയ ജലപാതക്ക് വേണ്ടി ഊരിമാറ്റിയതും പ്രതിസന്ധി സൃഷ്ടിച്ചു. കായൽ ആഴം കൂട്ടാത്തതും മലിനീകരണം നീക്കാത്തതും മത്സ്യ പ്രജനനത്തെ സാരമായി ബാധിക്കുന്നുണ്ട്. പോളപ്പായൽ കൂടുന്നതോടെ ഓക്സിജൻ കിട്ടാതെ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതും പതിവാണ്.
വാറ്റുകെട്ട് നടത്തുന്നവർക്ക് കൂലി വർധിച്ചതും കക്കവാരൽ തൊഴിലാളികളെ ലഭിക്കാത്തതും പ്രതിസന്ധിയാണ്. കായലിൽ പൊടിക്കക്ക അടിഞ്ഞതോടെ ചെമ്മീെൻറ പ്രജനനത്തെ സാരമായി ബാധിക്കുന്നുണ്ട്.
മത്സ്യബന്ധന മേഖല അനുഭവിക്കുന്ന ധാരാളം പ്രതിസന്ധികൾ സർക്കാർ മനസ്സുവെച്ചാൽ മാറുന്നവയാണ്. ഫണ്ടുകൾ ധാരാളം ഉണ്ടെങ്കിലും അത് വേണ്ടരീതിയിൽ ഉപയോഗപ്പെടുത്തി അർഹർക്ക് എത്തിക്കുന്നതിൽ സർക്കാർ പരാജയമാണ്.
ചീനവല അപ്രത്യക്ഷമായി
ഉൾനാടൻ മത്സ്യബന്ധനത്തിനുള്ള പ്രധാന മാർഗമായിരുന്ന കമ്പവലകൾ എന്നറിയപ്പെട്ടിരുന്ന ചീനവലകൾ. കരയിലും ജലാശയത്തിലും ഇത് ഉപയോഗിച്ചുവരുന്നു. തൂണുകൾ നാട്ടി മുളകളിൽ വല സ്ഥാപിച്ച് കപ്പിയും കയറും ഉപയോഗിച്ച് വല താഴ്ത്തുകയും പൊക്കുകയും ചെയ്യുന്ന രീതിയാണിത്. ഒരു കാലത്ത് ധാരാളമായി കണ്ടിരുന്ന ചീനവലകൾ വിരലിലെണ്ണാവുന്നതേയുള്ളൂ. അരൂക്കുറ്റി പഞ്ചായത്തിൽ മാത്രം നൂറിലധികം ഉണ്ടായിരുന്നത് ഇന്ന് പത്തിൽ താെഴ മാത്രമായി. ചെലവ് കൂടിയതും അതിനനുസരിച്ചുള്ള മത്സ്യത്തിെൻറ ലഭ്യതക്കുറവുമാണ് നാട് നീങ്ങാൻ പ്രധാന കാരണം.
പോളപ്പായൽ ഉറവിടത്തിൽ നശിപ്പിക്കണം-പി.എസ്. ബാബു (സി.ഐ.ടി.യു -മത്സ്യത്തൊഴിലാളി യൂനിയൻ ജില്ല ട്രഷറർ)
മത്സ്യബന്ധനത്തിലെ പ്രധാന ശല്യമായ പോളപ്പായൽ ഉറവിടത്തിൽതന്നെ നശിപ്പിക്കാൻ സംവിധാനം ഒരുക്കണം. സർക്കാർ ഫലപ്രദമായ മാർഗം ഇതിനായി നടപ്പാക്കുന്നില്ല. കായലിൽ ഓരുവെള്ളം കയറുമ്പോഴുണ്ടാകുന്ന ചൊറിമത്സ്യം നശിപ്പിക്കാനും ഉപയോഗപ്പെടുത്താനും ശാസ്ത്രീയ രീതി ഉണ്ടാക്കണം. മത്സ്യമേഖലയിൽ സർക്കാർ കോടികൾ ചെലവാക്കുമ്പോഴും അർഹരായ പരമ്പരാഗത ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കാത്തതും പിന്മാറ്റത്തിന് കാരണമാകുന്നുണ്ട്. ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ ക്ലബുകൾ രൂപവത്കരിച്ച് മത്സ്യകൃഷിക്കാവശ്യമായ പ്രോത്സാഹനം നൽകി ഇവരെ തിരിച്ചുകൊണ്ടുവരാൻ സർക്കാർ ശ്രമിക്കണം. വേമ്പനാട്ട് കായൽ ശുചീകരണത്തിനായി ഒന്നാം പിണറായി സർക്കാറിെൻറ ബജറ്റിൽ ഉൾപ്പെടുത്തിയ 100 കോടി ഉടൻ ലഭ്യമാക്കി ശുചീകരണം ആരംഭിക്കണം.
തൊഴിലാളികൾ പട്ടിണിയിലാണ്-അഡ്വ. ഷൈൻ വിശ്വംഭരൻ (മത്സ്യത്തൊഴിലാളി കോൺഗ്രസ്)
ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയായ പോളപ്പായൽ കായലിെൻറ സ്വാഭാവിക നശിപ്പിക്കുന്നു. പോളപായൽമൂലം ഊന്നികൾക്ക് വൻ തോതിൽ നാശം സംഭവിക്കുന്നുണ്ട്. അതിനാൽ ഊന്നിവല മത്സ്യബന്ധനം ആശ്രയിച്ച് ജീവിക്കുന്ന മത്സ്യത്തൊഴിലാളികൾ പട്ടിണിയിലാണ്. പ്രകൃതിക്ഷോഭം മൂലമുള്ള നാശനഷ്ടങ്ങൾക്ക് മത്സ്യത്തൊഴിലാളികൾക്ക് ഉടൻ നഷ്ടപരിഹാരം നൽകണം. കാലാകാലങ്ങളായി അടിഞ്ഞുകൂടുന്ന എക്കൽ നീക്കം ചെയ്യാത്തതിനാൽ കായലിെൻറ ആഴം കുറയുകയും മത്സ്യലഭ്യത കുറയുകയും ചെയ്തിട്ടുണ്ട്. ബോട്ട് സർവിസ് ഉണ്ടായിരുന്നപ്പോൾ ഇടക്കിടക്ക് ബോട്ട് ചാലിലെങ്കിലും ആഴംകൂട്ടൽ ഉണ്ടായിരുന്നത് ഉപകാരമായിരുന്നു. ബോട്ട് സർവിസ് നിലച്ചതോടെ അതും ഇല്ലാതായി.
പുതുതലമുറ അകന്നു-ഡോ. കെ.ടി. ജ്യോതിഷ്, അരൂർ
മൂന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ട അരൂർ പഞ്ചായത്തിലെ ജനങ്ങളുടെ മുഖ്യ ഉപജീവനമാർഗം മത്സ്യബന്ധനമാണ്. കാറ്റും കോളുമുണ്ടായാൽ മത്സ്യബന്ധനം നടത്തുന്നവർക്ക് സുരക്ഷിതമായി കയറാൻ ലാൻഡിങ് സെൻററുകളില്ലാത്തതിനാൽ മത്സ്യബന്ധനം പൂർണതോതിൽ നടത്താനാകുന്നില്ല. പുരോഗതിയുടെ ഭാഗമായുള്ള ഉൾനാടൻ ദേശീയ ജലപാതയും ഗോശ്രീ വികസനവും മത്സ്യയിടങ്ങളുടെ നിലനിൽപിന് ഭീഷണിയാണ്.
മത്സ്യസമ്പത്ത് വർധിക്കുന്നതിന് പ്രധാന പങ്കുവഹിച്ചിരുന്ന വെണ്ണപ്പായൽ കായലിൽനിന്ന് അപ്രത്യക്ഷമാകുന്നതും പ്രശ്നമാണ്. പുതുതലമുറ ഈ മേഖലയിലേക്ക് കടന്നുവരുന്നില്ല. മത്സ്യബന്ധനത്തിൽ ലാഭം കുറഞ്ഞതും സ്ഥിരവരുമാനം ലഭിക്കാത്തതും ഏറെ അപകടകരമായ ജോലിയായതും പുതുതലമുറയെ ഈ മേഖലയിൽനിന്നകറ്റി. മത്സ്യക്ഷാമവും പെരുകുന്ന കടക്കെണിയും ഇടനിലക്കാരുടെ ചൂഷണവുമൊക്കെ മത്സ്യത്തൊഴിലാളികളെ പിന്നോട്ടടിപ്പിക്കുന്നുണ്ട്. ഇതിനൊക്കെ പരിഹാരമുണ്ടായാൽ ഒരുപരിധിവരെ തൊഴിലിടങ്ങളിലേക്ക് തൊഴിലാളികളെ തിരിച്ചുകൊണ്ടുവരാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.