ആലപ്പുഴ: കയർ മേഖലയിലെ പ്രതിസന്ധി ദീര്‍ഘകാല പദ്ധതികളിലൂടെ മറികടക്കുമെന്നും ഇതിനുള്ള നടപടികളായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണെന്നും വ്യവസായ മന്ത്രി പി. രാജീവ്. കയര്‍ഫെഡിന്റെ 25ാമത് ഷോറൂം കൊല്‍ക്കത്തയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരമ്പരാഗത വ്യവസായ മേഖലയെ ശക്തിപ്പെടുത്തി സംരക്ഷിക്കണം എന്നതാണ് സര്‍ക്കാര്‍ നയം. ഇതിന്റെ ഭാഗമായി കയര്‍മേഖലയിലെ വിഷയങ്ങള്‍ പഠിക്കുന്നതിന് അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
വിപണനം, യന്ത്രവത്കരണം, ഗവേഷണം തുടങ്ങിയ മേഖലകളില്‍ കാലാനുസൃതമായി കൊണ്ടുവരേണ്ട മാറ്റങ്ങള്‍ സമിതി പരിശോധിക്കും. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ കയര്‍മേഖലക്കായി 117 കോടി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കയറിന്റെയും കയര്‍ ഉല്പന്നങ്ങളുടെയും സംഭരണത്തിലും വിപണനത്തിലും സുപ്രധാന പങ്കാണ് കയര്‍ഫെഡ് വഹിക്കുന്നത്.
ഗുണമേന്മയുള്ള കയറില്‍ തീര്‍ത്ത വ്യത്യസ്തങ്ങളായ ഉൽപന്നങ്ങള് ലഭിക്കുന്ന പുതിയ വിപണന കേന്ദ്രമാണ് കൊല്‍ക്കത്ത കോർപറേഷന് അമേര്‍സ്റ്റ് സ്ട്രീറ്റില്‍ ആരംഭിച്ചിരിക്കുന്നത്. കയര്‍ ഭൂവസ്ത്രത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിപണി കൂടുതല്‍ ശക്തിപ്പെടുത്താനും കേരള കയര്‍ ഉല്പന്നങ്ങള്ക്ക് ഏറെ ആവശ്യക്കാരുള്ള ബംഗാളില്‍ പുത്തനുണര്‍വ് കൈവരിക്കാനും ഷോറൂം വഴി സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ കയര്‍ഫെഡ് ചെയര്മാന് ടി.കെ. ദേവകുമാര്‍ അധ്യക്ഷത വഹിച്ചു. കയര്‍ വികസന ഡയറക്ടറും കയര്‍ഫെഡ് മാനേജിങ് ഡയറക്ടറുമായ വി.ആര്. വിനോദ്, കൊല്‍ക്കത്ത മലയാളി സമാജം പ്രസിഡന്റ് ഡോ. കെ.കെ. കൊച്ചുകോശി, കയര്‍ബോര്‍ഡ് ഇന്‍സ്പെക്ടര്‍ കെ. ശിവന്, മാര്‍ക്കറ്റിങ് മാനേജര്‍ ആര്.ആര്. സുനില്‍കുമാര്‍, കൊല്‍ക്കത്തയിലെ വിവിധ മലയാളി സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.