ആലപ്പുഴ: നഗരത്തിൽ അശാസ്ത്രീയമായി നിർമിച്ച ഓടയുടെ ദുരിതത്തിൽനിന്ന് നാട്ടുകാർക്ക് മോചനം. ഉയരത്തിൽ നിർമിച്ച ഓട പൊളിച്ചുപണിയാൻ ‘മാധ്യമം’ വാർത്ത തുണയായി. കാത്തിരിപ്പിനൊടുവിൽ കളപ്പുരക്ഷേത്രത്തിന്റെ പിന്നിൽനിന്ന് ബൈപാസിലേക്ക് നീളുന്ന ആറാട്ടുവഴി-കളപ്പുര റോഡിലെ ഓടനിർമാണത്തിലെ അപാകതയാണ് പരിഹരിച്ചത്. ‘അശാസ്ത്രീയ ഓടനിർമാണം: ഉയരവ്യത്യാസത്തിൽ കുടുങ്ങി നാട്ടുകാർ’ എന്ന തലക്കെട്ടിൽ ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാർത്തയാണ് അധികൃതരുടെ ഇടപെടലിന് സഹായകരമായത്. പ്രതിസന്ധി സൃഷ്ടിച്ച നിലവിലെ റോഡും ഓടയും തമ്മിലെ ഉയരവ്യത്യാസം പൂർണമായും ഒഴിവാക്കിയാണ് പുനർനിർമാണം. ഇതിനായി നേരത്തേ നിർമിച്ച ഓടയുടെ ഭാഗങ്ങൾ പൊളിച്ചുമാറ്റിയും പാതയോരത്തെ വീടുകളിലെ ഭിത്തിയോട് ചേർന്നുള്ള ഓടയുടെ വശങ്ങളിലെ കോൺക്രീറ്റ് ഭാഗങ്ങൾ നിരപ്പാക്കുകയും ചെയ്യുന്ന ജോലിയാണ് പുരോഗമിക്കുന്നത്.
ജനങ്ങളുടെ ദുരവസ്ഥ വിവരിക്കുന്ന ‘മാധ്യമം’ വാർത്തയെത്തുടർന്ന് നഗരസഭ വിജിലൻസ് വിഭാഗം സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് അശാസ്ത്രീയ ഓട നിർമാണത്തിലെ അപാകത ബോധ്യമായത്. തുടർന്ന് നഗരസഭ എൻജിനീയറുടെ മേൽനോട്ടത്തിൽ നിലവിലെ ഓട പൂർണമായും പൊളിച്ചുമാറ്റി റോഡ് നിരപ്പിൽ പുനർനിർമിക്കാൻ തീരുമാനിക്കുകയായിരുന്നു. നേരത്തേ ഉയരത്തിൽ പണിത ഓടയുടെ സ്ലാബുകൾ നീക്കിയാണ് നിർമാണം പുനരാരംഭിച്ചത്. ഇതിനായി വശങ്ങളിലെ നിർമിതികൾ ഇലക്ട്രിക് കട്ടറും ഉയർന്നഭാഗം മണ്ണുമാന്തിയും ഉപയോഗിച്ചാണ് പൊളിക്കുന്നത്. ഒരാഴ്ചക്കുള്ളിൽ നിർമാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കും. രണ്ടുഘട്ടമായി റോഡ് നിരപ്പിൽനിന്ന് ഉയർത്തി ഓടപണിത കരാറുകാരന്റെ മേൽനോട്ടത്തിൽ തന്നെയാണ് പുതിയപണിയും. ഉയരവ്യത്യാസത്തിൽ നഷ്ടമായ പാതയുടെ പഴയവീതി തിരിച്ചുകിട്ടുമെന്ന സന്തോഷത്തിലാണ് നാട്ടുകാർ. ഇതോടെ, വീടുകളിൽനിന്ന് വാഹനം പുറത്തിറക്കാനും കയറ്റാനും കാട്ടിയിരുന്ന സാഹസികതക്ക് വിരാമമാകും. ഓട്ടോ അടക്കമുള്ള ചെറുവാഹനങ്ങൾക്കും ഇനി സുഗമമായി സഞ്ചരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.