ആലപ്പുഴ: വേമ്പനാട്ട് കായൽനശീകരണത്തെക്കുറിച്ചും കായലിന്റെ ജൈവപരമായ ഉൽപാദനക്ഷമത വീണ്ടെടുക്കാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) തയാറാക്കിയ റിപ്പോർട്ട് ശനിയാഴ്ച സർക്കാറിന് സമർപ്പിക്കും. രാവിലെ 10ന് തണ്ണീർമുക്കം കെ.ടി.ഡി.സി റിസോർട്ടിൽ നടക്കുന്ന ചടങ്ങിൽ കുഫോസ് വൈസ് ചാൻസലർ ഡോ. റോസലിൻ ജോർജ് മന്ത്രി വി.എൻ. വാസവന് റിപ്പോർട്ട് കൈമാറും. എം.പിമാരായ എ.എം. ആരിഫ്, ഹൈബി ഈഡൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
സംസ്ഥാന സർക്കാറിന്റെ നിർദേശപ്രകാരം കുഫോസിലെ സെന്റർ ഫോർ എക്സലൻസ് ഇൻ അക്വാട്ടിക് റിസോഴ്സസ് മാനേജ്മെന്റ് ആന്‍ഡ് കൺസർവേഷൻ ആണ് അഞ്ചുവർഷം നീണ്ട പഠനം പൂർത്തിയാക്കിയത്. വേമ്പനാട്ട് കായലിന്റെ അടിത്തട്ടിൽ ഒരു മീറ്റർ കനത്തിൽ മൂവായിരത്തിലേറെ ടൺ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടിയിട്ടുണ്ടെന്ന റിപ്പോർട്ട് പഠനത്തിന്റെ ആദ്യഘട്ടത്തിൽ കുഫോസ് പുറത്തുവിട്ടിരുന്നു. ഓരോ ചതുരശ്ര കിലോമീറ്ററിലും 55.9 ടൺ പ്ലാസ്റ്റിക് മാലിന്യം വേമ്പനാട്ട് കായലിന്റെ അടിത്തട്ടിലുണ്ട് എന്നാണ് കണ്ടെത്തൽ. ഇത് ഉൾെപ്പടെയുള്ള കായൽനശീകരണത്തിന്റെയും കായൽ കൈയേറ്റത്തിന്റെയും വിശദരേഖ കുഫോസ് സമർപ്പിക്കുന്ന റിപ്പോർട്ടിലുണ്ട്. വേമ്പനാട്ട് കായലിൽ വന്നുചേരുന്ന മീനച്ചിൽ, പമ്പ, അച്ചൻകോവിൽ എന്നീ നദികളുടെ തടങ്ങളിലും കായലിന്റെ ഭാഗമായ കുട്ടനാട്ടിലും നിലനിൽക്കുന്ന പ്രളയ സാധ്യതകളെക്കുറിച്ചും തടയാൻ സ്വീകരിക്കേണ്ട മാർഗങ്ങളെക്കുറിച്ചും റിപ്പോർട്ട് പ്രതിപാദിക്കുന്നുണ്ട്.
കുഫോസ് ഗവേഷണവിഭാഗം മേധാവി ഡോ.ദേവിക പിള്ള, കുഫോസ് ഭരണസമിതി അംഗം ശ്രീകുമാർ ഉണ്ണിത്താൻ, കായൽ തീരത്തുള്ള പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, കർഷക പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. ഞായറാഴ്ച വേമ്പനാട്ട് കായലുമായി ബന്ധപ്പെട്ട് ജീവിക്കുന്ന വിവിധ ജനവിഭാഗങ്ങളുടെ പ്രതിനിധികളുമായി കായൽസംരക്ഷണ രേഖ കുഫോസിലെ ശാസ്ത്രജ്ഞർ ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.