ആലപ്പുഴ: ചളി അടിയുന്നത് കാരണം വേമ്പനാട്ടുകായലിന്റെ ആഴം കുറയുന്നു. പ്രളയത്തിൽ അടിഞ്ഞ ചളി പലയിടത്തും ചെറുതുരുത്തുപോലെ രൂപപ്പെട്ടതിനാൽ മത്സ്യബന്ധനത്തിനെയും ബാധിക്കുന്നു. മീനച്ചിലാറിന്റെ ആഴം നാല് മീറ്ററാണ്. വേമ്പനാട്ടുകായലിന്റേത് ശരാശരി 2.5 മീറ്ററും. ആഴം കുറയുന്നത് കാരണം കായലിന് ഉൾക്കൊള്ളാവുന്ന വെള്ളത്തിന്റെ അളവ് കുറയും. വെള്ളം കൂടുതലായി ഒഴുകിയെത്തുമ്പോൾ കരകവിയുന്ന സാഹചര്യമാണ് ഇപ്പോൾ.
പ്രളയത്തിൽ എക്കലും മണ്ണും വന്നടിഞ്ഞതാണ് ആഴം കുറയാൻ മുഖ്യകാരണം. പ്രളയജലത്തോടൊപ്പം ചളി വന്നടിഞ്ഞത് കൂടാതെ വെള്ളമൊഴുക്ക് നിലച്ചതിനാൽ ചളി ഒഴുകിമാറുന്നില്ലെന്ന പ്രശ്നവുമുണ്ട്. സ്വാഭാവിക ഒഴുക്കിൽ വെള്ളത്തിനൊപ്പം കടലിലേക്ക് ചളിയും ഒഴുകിപ്പോകേണ്ടതാണ്. എന്നാൽ, തണ്ണീർമുക്കം ബണ്ട് വെള്ളത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതിനാലാണ് ചളിയുടെ നീക്കവും നിലക്കുന്നത്. കായലിലും കനാലുകളിലും കൈത്തോടുകളിലും ചളി അടിയുന്നതിനും ഇത് കാരണമാകുന്നുണ്ട്. സ്വാഭാവിക രീതിയിൽ എക്കൽ പതിയെ ദ്രവിച്ചുമാറും. ഒഴുക്കില്ലാത്തതിനാൽ എക്കൽ ദ്രവിക്കുന്നതിന്റെ പ്രയോജനവും കിട്ടുന്നില്ല.
ദേശീയ ജലപാതയിൽ ആവശ്യത്തിന് താഴ്ചയിൽ ഡ്രഡ്ജിങ് നടത്തി വലിയ ബോട്ടുകൾക്ക് ഉൾപ്പെടെ യാത്ര ചെയ്യാൻ കഴിയും വിധമാക്കിയിട്ടുണ്ട്. മറ്റു ചിലയിടങ്ങളിൽ വലിയ യാനങ്ങൾക്ക് യാത്ര ചെയ്യാനാകുന്നില്ല. ചളി കൂടിയതോടെ പോളയടക്കം ജലസസ്യങ്ങളും കൂടി. മീൻപിടിത്തക്കാർക്ക് വല വീശുന്നതിന് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു.
ചളി കൂടുന്നത് മിക്ക മത്സ്യങ്ങളെയും സഹായിക്കും. ചളിയിൽ ഭക്ഷണം ഉള്ളതും ഇവിടെ മറ്റു ജീവജാലങ്ങളെ ആഹാരമാക്കാമെന്നതും മത്സ്യങ്ങളെ ചളിക്ക് സമീപത്തേക്ക് ആകർഷിക്കും. ചളി അനുകൂലമാണെങ്കിലും വെള്ളം കലങ്ങിക്കിടക്കുന്നത് മത്സ്യങ്ങളെ പ്രതികൂലമായി ബാധിക്കും. അടിത്തട്ടിൽ ചളിയടിഞ്ഞ് വെള്ളം തെളിഞ്ഞുകിടക്കുന്നതാണ് മത്സ്യങ്ങൾക്ക് നല്ലത്. അടിത്തട്ടിൽ ചളി അടിയുന്നത് കക്കയുടെ വളർച്ച ഇല്ലാതാക്കും. വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് പുനഃസ്ഥാപിക്കുക എന്നതാണ് മികച്ച പരിഹാരമാർഗം. വർഷത്തിൽ കുറച്ചുകാലം ഉപ്പുവെള്ളം കയറിയിറങ്ങുന്നത് കായലിലെ മത്സ്യങ്ങൾ ഉൾപ്പെടെ പല ജന്തുജാലങ്ങളുടെയും ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. കൃഷിക്ക് വേണ്ടി ഓരുവെള്ളം കയറുന്നത് തടയാൻ തുടങ്ങിയതാണ് കുട്ടനാടും വേമ്പനാട്ടുകായലും നേരിടുന്ന മിക്ക പ്രശ്നങ്ങൾക്കും കാരണമെന്നാണ് വിദഗ്ധർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.