ആലപ്പുഴ: പുന്നമട കായലിൽ അനധികൃതമായി സർവീസ് നടത്തിയ ഒരുമോട്ടോർ ബോട്ട് അടക്കം അഞ്ച് ഹൗസ്ബോട്ട് പിടിച്ചെടുത്തു. ക്രമക്കേട് കണ്ടെത്തിയ 28 എണ്ണത്തിന് പിഴയീടാക്കാൻ നോട്ടീസ് നൽകി. പിടിച്ചെടുത്ത ആറ് ബോട്ടുകൾ തുറമുഖവകുപ്പിന്റെ ആര്യാട് യാർഡിലേക്ക് മാറ്റി. അപകടം ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ തുറമുഖ വകുപ്പും ടൂറിസം പൊലീസും ചേർന്ന് നടത്തിയ മിന്നൽ പരിശോധയിലാണ് ഇവ പിടിച്ചെടുത്തത്. പിടിച്ചെടുത്ത ഹൗസ്ബോട്ടുകളും മോട്ടോർ ബോട്ടും ആവശ്യമായ രേഖകളില്ലാതെയാണ് സർവിസ് നടത്തിയത്. ശിക്കാര, മോട്ടോർ ബോട്ടുകൾ അടക്കം 18 എണ്ണം പരിശോധിച്ചെങ്കിലും ഒരെണ്ണം മാത്രമാണ് രേഖകളില്ലാതെ കണ്ടെത്തിയത്. എന്നാൽ 32 പുരവഞ്ചികൾ പരിശോധിച്ചെങ്കിലും 28 എണ്ണത്തിനും വേണ്ടത്ര രേഖകൾ ഇല്ലായിരുന്നു. നിയമലംഘനം നടത്തുന്നതിൽ ഒന്നിലധികം ഹൗസ്ബോട്ടുകളുടെ ഉടമകളാണെന്ന് കണ്ടെത്തി.
പുന്നമടക്കായലിലെ കന്നിട്ട, കുപ്പപ്പുറം ഭാഗത്തങ്ങളിൽ ബുധനാഴ്ച രാവിലെ 11.50 മുതൽ വൈകീട്ട് 4.30വരെയായിരുന്നു പരിശോധന. ഹൗസ്ബോട്ട്, ശിക്കാരബോട്ട്, സ്പീഡ്, മോട്ടോർ, ബാർജ് അടക്കം 50 എണ്ണം പരിശോധിച്ചു.
പരിശോധനക്ക് എസ്.ഐ. സർവേയർ വി.കെ. നന്ദകുമാർ, പോർട്ട് കൺസർവേറ്റർ അനിൽകുമാർ കെ., സാബു ടി.എൻ., പൊലീസ് ടൂറിസം എസ്.ഐ പി. ജയറാം, റിസർവ് എസ്.ഐ പ്രമോദ്, സീവിൽ ബിൻസി അശോകൻ, നകുലകുമാർ എന്നിവർ നേതൃത്വം നൽകി.
കഴിഞ്ഞദിവസം തമിഴ്നാട്ടിലെ മൂന്നംഗകുടുംബം സഞ്ചരിച്ച ‘ഈസ്റ്റേൺ സഫയർ’ എന്ന ഹൗസ്ബോട്ട് മുങ്ങിയിരുന്നു. പുളിങ്കുന്ന് വേമ്പനാട് കായലിന്റെ ഭാഗമായ ചിത്തിരക്കായലിലെ മൺതിട്ടയിൽ ഇടിച്ച് അടിത്തട്ട് തകർന്നായിരുന്നു അപകടം. വിനോദസഞ്ചാരികളായ തമിഴ്നാട് തൃശ്ശിനാപ്പള്ളി മലയപ്പാറ ശ്രീരംഗത്തിൽ മുത്തുകൃഷ്ണൻ (52), ഭാര്യ ദീപിക (48), മകൾ ശാന്തി (18) എന്നിവരാണ് രക്ഷപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.