തൃക്കുന്നപ്പുഴ: ഒരു ചാറ്റൽമഴ പെയ്താൽ മതി പല്ലന, പാനൂർ പുതുവന ലക്ഷംവീട് കോളനിയിലുള്ളവർക്ക് പിന്നെ പുറത്തിറങ്ങാനാവില്ല. റോഡ് മുഴുവൻ വെള്ളക്കെട്ടാകും. പഞ്ചായത്തിലെ പുത്തൻപുരക്കൽ ജങ്ഷൻ മുതൽ പുതുവന ലക്ഷംവീട് കടൽതീരം വരെയുള്ള ഒരു കിലോമീറ്റർ വരുന്ന റോഡാണ് തകർന്ന് വെള്ളം നിറഞ്ഞുകിടക്കുന്നത്.
തൃക്കുന്നപ്പുഴ പഞ്ചായത്തിലെ 14,15 വാർഡുകളിലൂടെ കടന്നുപോകുന്നതാണ് കോൺക്രീറ്റ് റോഡ്. വേണ്ടത്ര ഉയർത്താതെയാണ് റോഡ് നിർമ്മിച്ചത്. വാഹനങ്ങൾ കയറിയിറങ്ങി റോഡ് താഴ്ന്നു. വലിയ ഗട്ടറുകളാണ് റോഡിൽ രൂപപ്പെട്ടിരിക്കുന്നത്. മഴക്കാലമായാൽ പുത്തൻപുരക്കൽ ജങ്ഷനിലെ പ്രധാന റോഡിൽനിന്നും വെള്ളം കോളനിയിലേക്കാണ് ഒഴുകി എത്തുന്നത്. കൂടാതെ സ്വകാര്യ വ്യക്തികളുടെ പറമ്പുകളിൽ നിന്നുള്ള വെള്ളവും റോഡിലേക്കാണ് ഒഴുകുന്നത്. നിർമ്മാണത്തിലെ അപാകതയാണ് ശോചനീയാവസ്ഥക്ക് പ്രധാന കാരണം. ബീച്ച് റോഡിനെ ആശ്രയിക്കുന്ന 300ലധികം കുടുംബങ്ങൾ ഈ പ്രദേശത്തുണ്ട്.
മഴപെയ്താലും കടൽ ക്ഷോഭമുണ്ടായാലും അവർക്ക് ഈ റോഡ് മാത്രമാണ് ആശ്രയം. നൂറിലധികം ചെറിയ കുട്ടികൾ അടക്കം വിദ്യാലയങ്ങളിൽ പോകുന്നതും റോഡിലെ ഈ വെള്ളക്കെട്ട് താണ്ടിയാണ്. ശാസ്ത്രീയമായി ഓട നിർമിച്ച് റോഡ് ഉയർത്തുക മാത്രമാണ് ഏക പോംവഴി. എന്നാൽ, ബന്ധപ്പെട്ട ജനപ്രതിനിധികളോ അധികൃതരോ ഇനിയും പ്രശ്നം ഗൗരവത്തിലെടുത്തിട്ടില്ല. വയോധികരും വിദ്യാർഥികളും ആണ് റോഡിന്റെ ശോചനീയാവസ്ഥയിൽ ഏറെ ദുരിതം അനുഭവിക്കുന്നത്. ഇരുവാർഡുകളിലെയും ജനപ്രതിനിധികൾ പോലും യാത്രക്കാരുടെ പ്രയാസം കണ്ടതായി നടിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. വേഗത്തിൽ റോഡിന്റെ പുനർനിർമാണം പൂർത്തിയാക്കി വെള്ളം ഒഴുകിപ്പോകാൻ വഴിയൊരുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.