ചാരുംമൂട്: താമരക്കുളം ഗ്രാമപഞ്ചായത്തിലെ ചത്തിയറയിലും കൊട്ടയ്ക്കാട്ടുശ്ശേരിയിലും മിന്നലിൽ വ്യാപക നാശനഷ്ടം. മിന്നലേറ്റ യുവതി ആശുപത്രിയിൽ. വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു. നിരവധി വീടുകളിലെ വൈദ്യുത ഉപകരണങ്ങൾ കത്തിനശിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ശക്തമായ മിന്നൽ.
കൊട്ടക്കാട്ടുശ്ശേരി വലിയ വിളയിൽ വാസുദേവന്റെ വീടിന്റെ മീറ്റർ ബോക്സും വൈദ്യുത ഉപകരണങ്ങളും കത്തി. വാസുദേവന്റെ മരുമകൾ വീണ (32) അടുക്കളയിൽ നിന്നും ദൂരേക്ക് തെറിച്ചു വീണു പരിക്കേറ്റു. ഇവരെ നൂറനാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്തെ ചില വീടുകളിലും വൈദ്യുത ഉപകരണങ്ങൾ നശിച്ചതായി പഞ്ചായത്ത് അംഗം ദീപക് പറഞ്ഞു.
14-ാം വാർഡിലെ ചത്തിയറ മഠത്തിൽ കുറ്റിയിൽ രാമചന്ദ്രൻ പിള്ളയുടെ ഭാര്യ കമലമ്മയമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു. മിന്നലുണ്ടായ സമയം കമലമ്മയമ്മ കുളിമുറിയിലായിരുന്നു. കുളിമുറിയുടെ ഭിത്തികളിൽ മിന്നൽ പതിച്ചതോടെ ബൾബ് പൊട്ടിത്തെറിച്ചു. ഇവർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഇവരുടെ വീട്ടിലെ ടി.വിയും സ്വിച്ച് ബോർഡുകളും ബൾബുകളും പൊട്ടിത്തെറിക്കുകയും വയറിങ് പൂർണമായും കത്തിപ്പോവുകയും ചെയ്തു. ഫ്രിഡ്ജിനും തകരാറുണ്ടായി. വീടിന്റെയും കുളിമുറിയുടെയും ഭിത്തികൾക്ക് വിള്ളലുണ്ടായി. തൊട്ടടുത്തുള്ള പുത്തൻവീട്ടിൽ റിട്ട. അധ്യാപകൻ ശശിധരൻ നായരുടെ ഇരുനില വീട്ടിലും നാശ നഷ്ടമുണ്ടായി. സംഭവ സമയം ശശിധരൻ നായരും ഭാര്യയും മകനും വീട്ടിലില്ലായിരുന്നു. വീടിനു തൊട്ടടുത്തുള്ള ഷെഡിന്റെ അടിത്തറ മിന്നലിൽ ഇളകിത്തെറിക്കുകയും കുഴികൾ രൂപപ്പെടുകയും ചെയ്തു.
വീടിന്റെ എല്ലാ മുറികളിലെയും സ്വിച്ച് ബോർഡുകൾ പൊട്ടിതകർന്ന നിലയിലാണ്. കിടപ്പുമുറിയിൽ തറ ഭാഗത്തെ ടൈലുകളും പൊട്ടിത്തെറിച്ചു. ഒരു മുറിയുടെ ജനൽ ചില്ലുകളും പൊട്ടിത്തകർന്നു. ഇൻവെർട്ടർ, ഫാൻ, സി.സി.ടി.വി ക്യാമറകൾ തുടങ്ങിയവയും നശിച്ചിട്ടുണ്ട്.
വീടിന്റെ മുൻവശത്ത് അടിത്തറ ഭാഗത്തും വിള്ളലുണ്ടായതായി ശശിധരൻ നായർ പറഞ്ഞു. സമീപമുള്ള മുരളീഭവനം മുരളീധരൻപിള്ളയുടെ വീട്ടിലും ബൾബുകൾ പൊട്ടിത്തെറിക്കുകയും വയറിങ് കത്തിനശിക്കുകയും ചെയ്തു. ചത്തിയറയിൽ കുഴിവേലിതെക്ക് പ്രസന്നൻ , ഓംകാരത്തിൽ രതീഷ് കുമാർ , സായൂജ്യത്തിൽ ബിനിൽകുമാർ തുടങ്ങിയവരുടെ വീടുകളിലും നാശനഷ്ടമുണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.