ആ​ല​പ്പു​ഴ സ​ക്കരി​യ ബ​സാ​ർ


ആലപ്പുഴയുടെ ഹൃദയതാളമായി സക്കരിയ ബസാർ

ആലപ്പുഴ: നഗരത്തിന്‍റെ ഹൃദയതാളമറിയുന്ന സക്കരിയ ബസാറിന്‍റെ പേരിന് പിന്നിലും ഒരുകഥയുണ്ട്. പ്രമുഖ വ്യാപാരിയായിരുന്ന സക്കരിയ സേട്ടിന്‍റെ ഓർമകളിലൂടെയാണ് ഇതിന്‍റെ സഞ്ചാരം. നഗരത്തിലെ ഓരോ സ്ഥലനാമങ്ങള്‍ക്കും പഴയചരിത്രങ്ങളുണ്ട്. പാലങ്ങള്‍ക്കും കനാലിനുമെല്ലാം പഴയകാലകഥകള്‍ പറയാനുണ്ട്. ഇതില്‍ പലതും എഴുതപ്പെടാതെയും ചരിത്രരേഖകള്‍ സൂക്ഷിക്കപ്പെടാതെയും പഴമക്കാരില്‍ ശേഷിക്കുകയാണ്. അത്തരത്തിൽ ആലപ്പുഴയിലെ സക്കരിയ ബസാറിനും സ്ഥലനാമം ഉണ്ടായതില്‍ ചരിത്രമുണ്ടെന്ന് പഴമക്കാര്‍ പറയുന്നു. ആലപ്പുഴയെ വ്യവസായകേന്ദ്രമാക്കാന്‍ വടക്കന്‍ നാട്ടുരാജ്യങ്ങളില്‍നിന്ന് വ്യാപാരികളായ പലരെയും അന്നത്തെ ദിവാൻ രാജാ കേശവദാസ് വിളിച്ചുവരുത്തി. ഒരോരുത്തര്‍ക്കും പ്രത്യേക പ്രദേശം വ്യാപാര ആവശ്യങ്ങള്‍ക്ക് നല്‍കി. കയര്‍, കൊപ്ര, കുരുമുളക്, വസ്ത്രം തുടങ്ങിയ വ്യാപാരങ്ങള്‍ ആഗോളതലത്തിൽ ഇടംതേടി. അങ്ങനെ എത്തിയ പ്രമുഖ വ്യാപാരികളിൽ ഒരാളായിരുന്നു സക്കരിയ സേട്ട്. അദ്ദേഹം വ്യാപാരം നടത്തിയ പ്രദേശത്തിന്‍റെ സ്മരണ നിലനിർത്തിയാണ് സക്കരിയ ബസാർ എന്നറിയപ്പെടുന്നത്.

ആലപ്പുഴ തുറമുഖത്തോട് ഏറ്റവും അടുത്ത പ്രദേശമായതിനാലാണ് ഇവിടം അദ്ദേഹം വ്യാപാരകേന്ദ്രമായി തെരഞ്ഞെടുത്തത്. പ്രധാനമായും മത്സ്യവ്യാപാരമായിരുന്നു. ഇതിന് പ്രത്യേകം മാർക്കറ്റും സ്ഥാപിച്ചു. ഇവിടുത്തെ മത്സ്യമാർക്കറ്റ് ഇന്നും പ്രസിദ്ധമാണ്. കിഴക്കൻ ജില്ലകളിലേക്കുള്ള മത്സ്യവ്യാപാരം ഇവിടെനിന്നായിരുന്നു.

മത്സ്യവ്യാപാരത്തിന് പുറമെ വസ്ത്രവ്യാപാരത്തിലും സക്കരിയ സേട്ട് ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു. സൂറത്തിലെ മില്ലുകളിൽനിന്ന് തുണിത്തരങ്ങൾ എത്തിച്ചായിരുന്നു വ്യാപാരം.

ഇന്നത്തെ ആലപ്പുഴ ഒരുകാലത്ത് കാടുപിടിച്ച് മനുഷ്യവാസയോഗ്യമല്ലാത്ത സ്ഥലമായിരുന്നു. തുറമുഖത്തിന് പറ്റിയ സ്ഥലമാണെന്ന് തിരിച്ചറിഞ്ഞാണ് ആലപ്പുഴയെ വികസനത്തിലേക്ക് കൊണ്ടുവരാൻ ആലപ്പുഴയുടെ ശിൽപിയായ രാജാ കേശവദാസ് തീരുമാനിച്ചത്. ഇതിന് സൂറത്ത്, മുംബൈ, കച്ച് എന്നിവിടങ്ങളിൽനിന്നുള്ള വ്യാപാരികളെ കൊണ്ടുവന്നു. അവർക്ക് പ്രത്യേകം സ്ഥലവും സൗകര്യവും ഒരുക്കിക്കൊടുത്തു. കൊപ്രവ്യാപാരം നടത്തിയ സ്ഥലത്തിന് ഓൾഡ് ബസാർ, മലഞ്ചരക്ക് വ്യാപാരം നടത്തിയ സ്ഥലം ന്യൂ ബസാർ എന്നിങ്ങനെയാണ് അറിയപ്പെട്ടിരുന്നത്. തുറമുഖത്തേക്ക് ചരക്കുകൾ കൊണ്ടുവരുന്നതിന് രണ്ട് കനാലും നിർമിച്ചു. പിന്നീട് ആലപ്പുഴ തിരുവിതാംകൂറിന്റെ വാണിജ്യനഗരമായി മാറി. തിരുവനന്തപുരം മുതൽ അങ്കമാലി കറുകുറ്റിവരെ നിർമിച്ചതാണ് ഇന്നത്തെ സംസ്ഥാനപാത.

Tags:    
News Summary - Zachariah Bazaar is the heart of Alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.