ഫാഷിസ്റ്റ്​ നിർമിതികൾ തിരിച്ചറിഞ്ഞ്​ ചെറുക്കാൻ ആഹ്വാനം; സോളിഡാരിറ്റി സ​മ്മേളനത്തിന്​ പ്രൗഢോജ്ജ്വല സമാപനം

കൊച്ചി: ഫാഷിസ്റ്റ്​ ശക്തികൾ നിർമിക്കുന്ന ഇസ്​ലാമോഫോബിയ പ്രചാരണങ്ങൾ തിരിച്ചറിഞ്ഞ് ചെറുക്കാൻ പൊതുസമൂഹത്തിനും ബാധ്യതയുണ്ടെന്ന ആഹ്വാനവുമായി സോളിഡാരിറ്റി യൂത്ത്​ മൂവ്​മെന്‍റ്​ സംസ്ഥാന സ​മ്മേളനത്തിന്​ ഉജ്ജ്വല സമാപനം. രണ്ടുദിവസത്തെ യുവജന സംഗമത്തിന്​ സമാപനംകുറിച്ച്​ കലൂർ ഇന്‍റർനാഷനൽ സ്റ്റേഡിയത്തിൽ പ്രത്യേകം സജ്ജമാക്കിയ ശാഹീൻബാഗ്​ സ്ക്വയറിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ ആയിരങ്ങൾ പ​ങ്കെടുത്തു. പൊതുസമ്മേളനത്തിന്​ മുന്നോടിയായി നഗരത്തിന്​ പുത്തൻ അനുഭവം നൽകി ആവേശകരമായ പ്രകടനം നടന്നു. രാജ്യത്തിന്‍റെ പൈതൃകമായ മതസൗഹാർദവും സഹവർത്തിത്വവും കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തം ഭരണകൂടങ്ങൾക്കും പൊതുസമൂഹത്തിനുമുണ്ടെന്ന് സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത്​ ജമാഅത്തെ ഇസ്​ലാമി അഖിലേന്ത്യ അമീർ സയ്യിദ് സആദത്തുല്ല ഹുസൈനി പറഞ്ഞു. വർഗീയ ശക്തികൾ രാജ്യത്തിന്‍റെതന്നെ സമാധാനം കെടുത്താനാണ്​ ശ്രമിക്കുന്നത്​. അനീതിക്കെതിരെ നീതിക്കായി നിലകൊള്ളുക എന്നത്​ വിശ്വാസത്തിന്‍റെ കൂടെ ഭാഗമാണെന്ന്​ അദ്ദേഹം ഓർമിപ്പിച്ചു. ഭിന്നിപ്പിന്‍റെ രാഷ്ട്രീയത്തെ തോൽപിക്കാൻ ഇസ്​ലാമോഫോബിയ പ്രചാരണങ്ങളെ മുഴുവൻ ജനതയും തിരിച്ചറിഞ്ഞ് ചെറുക്കേണ്ടതുണ്ടെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ്​ ഡോ. നഹാസ് മാള അധ്യക്ഷ പ്രഭാഷണത്തിൽ പറഞ്ഞു. വെറുപ്പിലും വംശീയവിദ്വേഷത്തിലും അധിഷ്ഠിതമായ പ്രചാരണങ്ങൾ ബോധപൂർവം ഹിന്ദുത്വ ഫാഷിസ്റ്റുകൾ ആസൂത്രണം ചെയ്തതാണ്. അതങ്ങനെ തിരിച്ചറിയുന്നതിൽ ഫാഷിസ്റ്റ് വിരുദ്ധർ പോലും പരാജയപ്പെടുന്നു. രാഷ്ട്രീയമായി ഫാഷിസത്തെ എതിർക്കുമ്പോൾതന്നെ സാംസ്കാരിക ഫാഷിസവും അതിന്‍റെ മുഖ്യ ഉള്ളടക്കമായ മുസ്​ലിംവിരുദ്ധതയും ഇടതുപക്ഷം പോലും എറ്റെടുത്തുകൊണ്ടിരിക്കുകയാണ്. മുസ്​ലിമിനെ പ്രതിസ്ഥാനത്ത് നിർത്തിയുള്ള സംഘ്പരിവാർ രാഷ്ട്രീയത്തിന്‍റെ വിജയമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവിടെ തടിച്ചുകൂടിയ യുവത പ്രകടിപ്പിക്കുന്ന ഐക്യദാർഢ്യം ഫലസ്തീനികളുടെ പോരാട്ടത്തിന്​ ആവേശം പകരുന്നതാണെന്ന്​ മുഖ്യാതിഥിയായി പ​ങ്കെടുത്ത ഫലസ്തീൻ അംബാസഡർ അദ്നാൻ അബുൽ ഹൈജ അഭിപ്രായപ്പെട്ടു. സ്ത്രീകൾക്ക്​ സമൂഹത്തിൽ ഉന്നത പദവി നൽകിയ ദർശനമാണ്​ ഇസ്​ലാമെന്നും അതാണ്​ തന്നെ ഇവിടെ എത്തിച്ചതെന്നും തമിഴ്​നാട്ടിൽനിന്നുള്ള സാമൂഹിക പ്രവർത്തക ​ഫാത്തിമ ശബരിമാല പറഞ്ഞു. ആംനസ്റ്റി ഇൻറർനാഷനൽ പ്രതിനിധി ആകാർ പട്ടേൽ, സോഷ്യൽ ആക്ടിവിസ്റ്റ് നർഗീസ് ഖാലിദ് സൈഫി, ദ ക്വിന്‍റ്​ എഡിറ്റർ ആദിത്യ മേനോൻ, ജമാഅത്തെ ഇസ്​ലാമി അഖിലേന്ത്യ സെക്രട്ടറി ജനറൽ ടി. ആരിഫലി, കേരള അമീർ എം.ഐ. അബ്ദുൽ അസീസ്, വനിത വിഭാഗം പ്രസിഡന്‍റ്​ പി.വി. റഹ്മാബി, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ്​ അഡ്വ. തമന്ന സുൽത്താന, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ്​ ഇ.എം. അംജദ് അലി, സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്‍റ്​ സി.ടി. സുഹൈബ്, ജനറൽ സെക്രട്ടറി പി.പി. ജുമൈൽ, സമ്മേളന ജനറൽ കൺവീനർ സി.കെ. ഷബീർ എന്നിവർ സംസാരിച്ചു. നേരത്തേ പ്രതിനിധി സമ്മേളനത്തിന്‍റെ സമാപനം ജമാഅത്തെ ഇസ്​ലാമി സംസ്ഥാന അസി. അമീർ പി. മുജീബ്​ റഹ്മാൻ ഉദ്​ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.