മഴകുറഞ്ഞു, ഒഴുക്ക്​ തുടരുന്നു

കൊച്ചി: പകൽ മഴ കുറഞ്ഞ് നിന്നത്​ പെരിയാറിലും മൂവാറ്റുപുഴയാറിലും ജലനിരപ്പ് കൂടാത്തതിന്​ വഴിവെച്ചെങ്കിലും ആശങ്കയിൽ തന്നെയാണ് ജില്ല. വെള്ളിയാഴ്ച രാവിലെ പെയ്ത ശക്തമായ മഴ ഭീതി ഉയർത്തിയിരുന്നു. എന്നാൽ, ഇതിനുശേഷം കാര്യമായ മഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ലഭിച്ചില്ല. ഒറ്റപ്പെട്ട മഴ പലയിടങ്ങളിലുമുണ്ടായെങ്കിലും നദികളിലെയും തോടുകളിലെയും ജലനിരപ്പിനെ ബാധിക്കും വിധം പെയ്തില്ല. വെള്ളിയാഴ്ച പകൽ നദികളിൽ ജലനിരപ്പ് താഴ്ന്നനിലയിലാണ്​. എന്നാൽ, അണക്കെട്ടുകൾ തുറന്ന സാഹചര്യത്തിൽ കിഴക്കൻ മേഖലയിൽ നിന്നുമെത്തുന്ന വെള്ളം വീണ്ടും ജലനിരപ്പ് ഉയർത്തിയേക്കുമെന്ന ആശങ്കയുണ്ട്. പറവൂരിലെ പുത്തൻവേലിക്കര മേഖലയിലാണ് വെള്ളം കയറുന്നത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഭൂതത്താൻകെട്ട് അണക്കെട്ടിൽ 29.90 മീറ്ററായിരുന്നു വെള്ളിയാഴ്ച വൈകീട്ടത്തെ ജലനിരപ്പ്. ഇവിടെ പരമാവധി ജലനിരപ്പ് 34.95 മീറ്ററാണ്. 169 മീറ്റർ പരമാവധി ശേഷിയുള്ള ഇടമലയാർ അണക്കെട്ടിൽ 160.33 മീറ്ററായിരുന്നു ജലനിരപ്പ്. മൂവാറ്റുപുഴയാറിൽ ജലനിരപ്പ് പകൽസമയത്ത് താഴുകയായിരുന്നെങ്കിലും അപകട നിലയെക്കാൾ മുകളിലാണെന്നത് ആശങ്കയായി. തൊടുപുഴയാറി‍ൻെറ മൂവാറ്റുപുഴയിലെ റിവർ ഗേജ് സ്റ്റേഷനിൽ 11.09 മീറ്ററായിരുന്നു ജലനിരപ്പ്. കാളിയാർ പുഴയുടെ കാലാംപൂർ റിവർഗേജ് സ്റ്റേഷനിൽ 11.88 മീറ്റർ, കക്കടാശ്ശേരിയിലെ റിവർഗേജ് സ്റ്റേഷനിൽ 11.815 മീറ്റർ എന്നിങ്ങനെയുമാണ് ജലനിരപ്പ്. മൂവാറ്റുപുഴയാറി‍ൻെറ കച്ചേരിത്താഴത്തെ റിവർഗേജ് സ്റ്റേഷനിൽ 11.415 മീറ്ററായിരുന്നു ജലനിരപ്പ്. ഇവിടെ അപകടസാധ്യത ജലനിരപ്പ് 11.015 ആണ്. പെരിയാറിൽ മാർത്താണ്ഡവർമ, മംഗലപ്പുഴ, കാലടി മേഖലകളിൽ ജലനിരപ്പ് താഴുന്നതായാണ് വ്യക്തമാക്കുന്നത്. മാർത്താണ്ഡവർമ പാലത്തിന് സമീപം 2.815 മീറ്റർ, മംഗലപ്പുഴ 2.55 മീറ്റർ, കാലടി 5.055 എന്നിങ്ങനെയായിരുന്നു ജലനിരപ്പ്. ജില്ലയിൽ 18 കോടിയുടെ കൃഷിനാശം കൊച്ചി: മഴക്കെടുതിയെ തുടർന്ന് ജില്ലയിൽ 18.07 കോടി രൂപയുടെ കൃഷിനശിച്ചു. വിവിധ ഇടങ്ങളിലായി 1012.08 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. വിവിധ കൃഷിഭവനുകൾ തയാറാക്കിയ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരമുള്ള വിവരങ്ങളാണിത്. ആഗസ്റ്റ് ഒന്ന് മുതൽ അഞ്ച് ദിവസത്തിനിടെയാണ് 18,07,56,165 രൂപയുടെ കൃഷിനാശം ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. മൂവാറ്റുപുഴ ബ്ലോക്ക് പരിധിയിലാണ് കൂടുതൽ കൃഷി നശിച്ചത്. ഇവിടെ 604.89 ഹെക്ടർ ഭൂമിയിലാണ് മഴ നാശം വിതച്ചത്. പെരുമ്പാവൂരിൽ 112.21 ഹെക്ടറിലും നാശം സംഭവിച്ചിട്ടുണ്ട്. പ്രകൃതിക്ഷോഭം ഏറ്റവുമധികം ബാധിച്ചത് വാഴകൃഷിയെ ആണെന്ന് അധികൃതർ വ്യക്തമാക്കി. ഇതിന് പുറമേ പച്ചക്കറി, റബർ, നെല്ല് തുടങ്ങിയ കൃഷികൾക്കും പലയിടത്തും നാശമുണ്ടായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.