എം.ബി.ബി.എസ്​ പ്രവേശനം: എൻ.ആർ.ഐ ക്വോട്ട​ ഓപ്​ഷന്​ പത്ത്​ ദിവസം അനുവദിച്ച്​ ഹൈകോടതി

കൊച്ചി: 2022 -23 വർഷത്തെ എം.ബി.ബി.എസ്​ പ്രവേശനത്തിന്​ എൻ.ആർ.ഐ ക്വോട്ടയിലേക്ക്​ ഓപ്​ഷൻ നൽകാൻ ഹൈകോടതി പത്ത്​ ദിവസം കൂടി അനുവദിച്ചു. എൻ.ആർ.ഐ ക്വോട്ട ഓപ്​റ്റ്​ ചെയ്യാൻ ഉദ്ദേശിക്കുന്നവർക്കായി ആഗസ്റ്റ്​ അഞ്ച്​ മുതലുള്ള പത്ത്​ ദിവസം ഓൺലൈൻ പോർട്ടൽ തുറന്നുവെക്കണമെന്ന്​ ജസ്റ്റിസ്​ ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. ഓപ്​ഷൻ നൽകാൻ മറ്റൊരു അവസരം നൽകണമെന്ന ആവശ്യം പ്രവേശന പരീക്ഷ കമീഷണർ തള്ളിയതിനെതിരെ ഒരുകൂട്ടം വിദ്യാർഥികൾ നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​.​ നിലവിൽ അപേക്ഷിച്ചവർക്ക്​ വിഷയം മാറ്റാനോ അധിക വിഷയം കൂട്ടിച്ചേർക്കാനോ ഓപ്​ഷന്​ അനുമതി നൽകി കമീഷണറുടെ ഉത്തരവുണ്ടെന്നും എൻ.ആർ.ഐ ക്വോട്ടക്ക്​ മാത്രം ഓപ്​ഷൻ അനുവദിക്കുന്നില്ലെന്നുമായിരുന്നു ഹരജിക്കാർ അറിയിച്ചത്​. എൻ.ആർ.ഐ ക്വോട്ടയിലേക്കടക്കം അധികമായി ​ഓപ്​ഷൻ അനുവദിച്ചാൽ വേരി​ഫിക്കേഷൻ നടപടിക്രമങ്ങൾ വൈകാനിടയാകുമെന്നായിരുന്നു കമീഷണറുടെ വാദം. ഈ വാദം പ്രഥമദൃഷ്ട്യ അംഗീകരിക്കാനാവില്ലെന്നും കൂടുതൽ വിശദീകരണമുണ്ടെങ്കിൽ നൽകാനും കമീഷണർക്ക്​ അനുമതി നൽകി. എന്നാൽ, അപേക്ഷകരുടെ യോഗ്യതക്കനുസരിച്ച്​ കോഴ്​സുകൾ കൂട്ടിച്ചേർക്കാനും മറ്റും അനുമതി നൽകിയിട്ടുണ്ടെന്നും ഇനി എൻ.ആർ.ഐ ക്വോട്ടക്കാർക്ക്​ വേണ്ടി പ്രത്യേകം ഓപ്​ഷൻ അനുവദിച്ചാൽ നടപടികൾ അനന്തമായി നീളാനിടയാകുമെന്ന വാദം തന്നെയാണ്​ സത്യവാങ്​മൂലമായി സമർപ്പിച്ചത്. എൻ.ആർ.ഐ ക്വോട്ടയിലേക്കുള്ള ഓപ്​ഷൻ അനുവദിക്കുന്നത്​ മാത്രം എങ്ങനെ വേരിഫിക്കേഷൻ നടപടി​ക്രമത്തെ വൈകിപ്പിക്കുമെന്ന്​ മനസ്സിലാകുന്നില്ലെന്ന്​ കോടതി പറഞ്ഞു. പ്രവേശന പരീക്ഷ കമീഷണറുടെ നിലപാടിനോട്​ യോജിക്കാനാവില്ലെന്ന്​ കോടതി വിലയിരുത്തിയതോടെ പത്ത്​ ദിവസത്തേക്ക്​ ഓപ്​ഷൻ അനുവദിക്കാമെന്ന്​ കമീഷണറുടെ അഭിഭാഷകൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ സമയപരിധി അനിവാര്യമാണെന്ന്​ വിലയിരുത്തിയ കോടതി തുടർന്നാണ്​ പത്ത്​ ദിവസത്തേക്ക്​ ഓപ്​ഷൻ അനുവദിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.