പള്ളുരുത്തി: മദുര കമ്പനിക്ക് സമീപം മൂടിയിട്ടിരുന്ന കാറിൽനിന്ന് അരക്കോടിയോളം രൂപ വിലമതിക്കുന്ന 177 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്ത സംഭവത്തിൽ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കാൻ പൊലീസ്. കാർ വാടകക്ക് എടുത്ത തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി അക്ഷയ് രാജ് കഴിഞ്ഞ ദിവസം അമ്പലമേട്ടിൽ കഞ്ചാവ് കേസിൽ റിമാൻഡിലായ സാഹചര്യത്തിൽ വാഹനം പള്ളുരുത്തിയിൽ കൊണ്ട് വന്നിട്ടയാളെ കണ്ടെത്താനാണ് പൊലീസ് ശ്രമം. മേഖലയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരമാവധി ശേഖരിച്ച് അന്വേഷണം നടത്താനാണ് പൊലീസ് ഉദ്ദേശിക്കുന്നത്.
കാർ പള്ളുരുത്തിയിൽ എത്തിച്ചവരെ സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചാൽ കേസിൽ ഉൾപ്പെട്ട മുഴുവൻ പേരെയും സംബന്ധിച്ച് വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. വാഹനം വാടകക്ക് നൽകിയവരെ പൊലീസ് ചോദ്യം ചെയ്തു. ഇവരുടെ പക്കലുള്ള രേഖകൾ കൃത്യമാണെന്ന് കണ്ടെത്തിയതായാണ് വിവരം. മട്ടാഞ്ചേരി അസി.പൊലീസ് കമീഷണർ കെ.ആർ. മനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. നിർത്തിയിട്ട കാറിൽനിന്ന് വൻ തോതിൽ കഞ്ചാവ് കണ്ടെത്തിയ സംഭവം പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.