64 രാജ്യങ്ങൾ പിന്നിട്ട്​ അമേരിക്കൻ ദമ്പതികളുടെ മധുവിധുയാ​ത്ര

മട്ടാഞ്ചേരി: അമേരിക്കൻ സ്വദേശികളായ മൈക്ക് ഹോവാർഡ്-ആൻ ദമ്പതികളുടെ ഹണിമൂൺ യാത്ര പതിനൊന്ന് വർഷമായിട്ടും അവസാനിച്ചിട്ടില്ല. ഇനി എന്ന് തീരുമെന്ന് ദമ്പതികൾക്കും നിശ്ചയമില്ല. 2012 ജനുവരിയിൽ തുടങ്ങിയതാണ് ഇവരുടെ യാത്ര. ഇതിനിടെ 64 രാജ്യങ്ങൾ പിന്നിട്ടാണ് ഇന്ത്യയിൽ എത്തിയിരിക്കുന്നത്. യാത്ര അനുഭവങ്ങളുടെ വിഡിയോ യു ട്യൂബിൽ പങ്ക് വെക്കുന്നുമുണ്ട്​. ദമ്പതികൾ ബുധനാഴ്ച കൊച്ചിയിലെത്തി. പതിനൊന്നാം വർഷത്തിലെത്തിയ യാത്രക്കുള്ള ചെലവുകൾ എങ്ങനെ കണ്ടെത്തുമെന്ന ചോദ്യത്തിന് ചിരിച്ചു കൊണ്ടായിരുന്നു മറുപടി. ഹണിമൂൺ യാത്ര എന്ന നിലയിൽ ഏതാനും ചില രാജ്യങ്ങൾ സന്ദർശിച്ചു മടങ്ങാനായിരുന്നു ലക്ഷ്യം. യാത്ര അനുഭവങ്ങൾ യു ട്യൂബിലൂടെ പങ്കുവെച്ചപ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചത്. അതുവഴി വരുമാനവും വന്നു. ഇതിനിടെ നാഷനൽ ജിയോഗ്രഫിക്കൽ ചാനലുമായി കൈകോർത്തു. യാത്രാ വിവരണങ്ങളുടെ രണ്ട്​ പുസ്​തകങ്ങളും തയാറാക്കി. ഇതിൽ ഒന്ന് പ്രസിദ്ധീകരിച്ചത്​ നാഷനൽ ജിയോഗ്രഫിക്കൽ ചാനലായിരുന്നു. ഓരോ സ്ഥലങ്ങളിലും ഏറ്റവും കുറഞ്ഞ ചെലവിലുള്ള സൗകര്യങ്ങളാണ് ഉപയോഗപ്പെടുത്തിയത്. സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികത്തിലാണ് ഇന്ത്യയെന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ആൻ പറഞ്ഞു. ഡൊമിനിക് ലാപിയറും ലാരി കോളിൻസും ചേർന്ന്​ രചിച്ച 'സ്വാതന്ത്ര്യം അർധ രാത്രിയിൽ' പുസ്തകം താൻ വായിച്ചിട്ടുള്ളതായും ആൻ കൂട്ടിച്ചേർത്തു. കൊച്ചിയിലെ ചീനവലകളും , മത്സ്യ മാർക്കറ്റുകളും ഏറെ ഇഷ്ടപ്പെട്ടുവെന്ന് ദമ്പതികൾ പറഞ്ഞു. ആലപ്പുഴയിലെയും കൊച്ചിയിലെയും കനാലുകൾ ഭംഗിയുള്ളതാണ്. ഇവ വൃത്തിയോടെ സൂക്ഷിക്കണം. കൊച്ചിയിലെ ടുക് - ടുക് (ഓട്ടോ ) യാത്രാ സംവിധാനവും ഇഷ്ടപ്പെട്ടു. മൂന്നാറിലേക്കായിരുന്നു കൊച്ചിയിൽ നിന്നുള്ള യാത്ര ഉദ്ദേശിച്ചിരുന്നത്. എന്നാൽ, കാലാവസ്ഥയും നിയന്ത്രണവും മൂലം ഒഴിവാക്കി​. അടുത്ത യാത്ര യൂറോപ്പിലേക്കാണ് ക്രൊയേഷ്യ ,സ്വിറ്റ്സർലൻഡ്​ എന്നിവിടങ്ങളാണ് ലക്ഷ്യം. ശനിയാഴ്ച ഇരുവരും കൊച്ചി വിടും. എം.എം. സലീം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.