കോതമംഗലം: ഇനി നടക്കാൻ കഴിയില്ല, വീൽചെയർ ശീലിക്കൂ എന്ന ഡോക്ടറുടെ വാക്കുകൾ അബ്ദുറഹ്മാെൻറ കാതിൽ പതിക്കുമ്പോൾ ജീവിതം ഇരുളടെഞ്ഞന്ന് തോന്നിയിരുന്നു. നിശ്ചയദാർഢ്യവും മികച്ച ചികിത്സയും ലഭിച്ചതോടെ ജീവിതത്തിലേക്ക് തിരിച്ചുവരുകയാണ് കാസർകോട് ഉപ്പള സ്വദേശി അബ്ദുറഹ്മാൻ എന്ന 37കാരൻ. ദുബൈയിൽ കഫ്റ്റിരിയ ജോലിക്കാരനായിരുന്ന അബ്ദുറഹ്മാൻ 2018ൽ അവധിക്ക് നാട്ടിൽ എത്തിയപ്പോൾ ബൈക്കും കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അരക്കുതാഴെ തളർന്നത്. കാസർകോട്, മംഗളൂരു എന്നിവിടങ്ങളിലെ ആശുപത്രികളിൽ രണ്ടരമാസത്തോളം ചികിത്സ നടത്തി. ഫിസിയോതെറപ്പി പോലുള്ള ചികിത്സകൾ ദീർഘകാലം ലഭിച്ചാൽ സഹായ ഉപകരണങ്ങളുടെ സഹായത്തോടെ നടക്കാൻ കഴിഞ്ഞേക്കുമെന്ന് ഡോക്ടർ പറഞ്ഞെങ്കിലും സാധാരണക്കാരനായ അബ്ദുറഹ്മാന് താങ്ങാനാകുന്നതായിരുന്നില്ല. ഈ സമയത്താണ് കോതമംഗലം പീസ്വാലിയിലെ നട്ടെല്ലിന് പരിക്കേറ്റവർക്കുള്ള ചികിത്സ സുഹൃത്ത് അബ്ദുറഹ്മാെൻറ ശ്രദ്ധയിൽപെടുത്തുന്നത്.
രണ്ടുമാസത്തിനകം പീസ് വാലിയിൽ പ്രവേശനം ലഭിച്ചു. വിദഗ്ധരുടെ നേതൃത്വത്തിൽ ഫിസിയോതെറപ്പി ആരംഭിച്ചു. ദിവസവും അഞ്ചുമണിക്കൂറായിരുന്നു ചികിത്സ. ഒരുമാസം കഴിഞ്ഞപ്പോൾതന്നെ നല്ല മാറ്റം അനുഭവപ്പെട്ടതായി അബ്ദുറഹ്മാൻ പറയുന്നു. രണ്ടുമാസം പിന്നിട്ടതോടെ കാലിപ്പർ ഇട്ട് നടക്കാൻ ആരംഭിച്ചു. മറ്റൊരാളുടെ സഹായമില്ലാതെ സ്വന്തം കാര്യങ്ങൾ ചെയ്യാൻ പര്യാപ്തനായി. ഭാര്യയും മൂന്നുമക്കളുമുള്ള ഇദ്ദേഹത്തിെൻറ മുന്നോട്ടുള്ള ജീവിതം അപ്പോഴും ചോദ്യചിഹ്നമായിരുന്നു. പീസ്വാലി അധികൃതരാണ് ഭിന്നശേഷിക്കാർക്ക് അനുയോജ്യ രീതിയിൽ മാറ്റംവരുത്തിയ ഓട്ടോറിക്ഷ എന്ന ആശയം അബ്ദുറഹ്മാനോട് പങ്കുവെക്കുന്നത്. നാട്ടുകാരും ചേർന്നപ്പോൾ സ്വയംതൊഴിൽ യഥാർഥ്യമായി. ഒന്നര ലക്ഷം രൂപക്ക് ആപേ ഓട്ടോ വാങ്ങി, പെഡൽ ബ്രേക്ക് ഹാൻഡിൽ ബ്രേക്ക് ആക്കിമാറ്റി. പീസ്വാലിയിൽ എത്തിച്ച വാഹനത്തിൽ ഒരാഴ്ച പരിശീലനം നടത്തി.
വീൽചെയർ ഉരുളേണ്ടിയിരുന്ന ഉപ്പള ഷിറിയയിലെ വീടിെൻറ നിശ്ചയദാർഢ്യത്തിെൻറയും സമാനതകളില്ലാത്ത നന്മയുടെയും പ്രതീകമായി കെ.എൽ 43.ഇ-772 നമ്പർ ഓട്ടോ ഉണ്ടാകും. പീസ്വാലിയിൽ നടന്ന ചടങ്ങിൽ വ്യവസായി കെ.എം. യൂസുഫ് ഓട്ടോറിക്ഷ കൈമാറി. പീസ്വാലി ഭാരവാഹികളായ പി.എം. അബൂബക്കർ, കെ.എച്ച്. ഹമീദ്, എൻ.കെ. മുസ്തഫ, എം.എം. ശംസുദ്ദീൻ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.