കൊച്ചി: ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ജില്ലയിലും അതിജാഗ്രത നിർദേശം. കോഴി, താറാവ്, കാട, വാത്ത, ടർക്കി, അലങ്കാരപ്പക്ഷികൾ തുടങ്ങി എല്ലാ പക്ഷികളെയും രോഗം ബാധിക്കാം. പക്ഷികളിൽനിന്നും പക്ഷികളിലേക്കാണ് പകരാറുള്ളത്.
എന്നാൽ, ചില ഘട്ടങ്ങളിൽ മനുഷ്യരിലേക്കും പകരാൻ ഇടയുണ്ട്. ദേശാടനപ്പക്ഷികൾ കൂടുതലായി എത്തുന്ന സമയമായതിനാൽ രോഗവ്യാപനത്തിന് സാധ്യത ഏറെയാണ്. ജില്ലയിൽ എവിടെയും രോഗബാധ റിപ്പോർട്ട് ചെയ്യാത്തതിനാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. മറിയാമ്മ തോമസ് അറിയിച്ചു.
ജില്ലയിലെ എല്ലാ വെറ്ററിനറി ഡോക്ടർമാർക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. പക്ഷികളിൽ അസാധാരണമായ മരണനിരക്ക് കണ്ടാൽ മൃഗാശുപത്രികളിൽ റിപ്പോർട്ട് ചെയ്യണമെന്നും അവർ 'മാധ്യമ'ത്തോട് പറഞ്ഞു. ജില്ലയിൽ നിലവിൽ 38,03,343 കോഴിയും 1,35,803 താറാവുമാണുള്ളത്. രോഗം ബാധിച്ച പക്ഷികളുടെ ഉമിനീർ, സ്രവങ്ങൾ, കാഷ്ടം എന്നിവയിലുള്ള വൈറസുകളിൽനിന്നാണ് മറ്റ് പക്ഷികൾക്കും രോഗബാധയുണ്ടാകുന്നത്. വായുവിലൂടെയും പകരാറുണ്ട്. രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്ത സ്ഥലത്തുനിന്നും ഒരു കിലോമീറ്റർ പ്രദേശത്തെ കോഴികളെയും പക്ഷികളെയും കൊന്നൊടുക്കുകയാണ് ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന ഫലപ്രദമായ നിയന്ത്രണ മാര്‍ഗം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വീട്ടാവശ്യത്തിനുപയോഗിക്കുന്ന മുട്ട, കോഴിയിറച്ചി എന്നിവ കൈകാര്യം ചെയ്യുമ്പോൾ മുന്‍കരുതൽ എടുക്കണം. വൈറസ് 70 ഡിഗ്രി സെൽഷ്യസിന് മുകളിൽ ജീവനോടെയിരിക്കില്ല എന്നതിനാൽ ശരിയായി പാചകം ചെയ്ത ഭക്ഷണങ്ങൾ സുരക്ഷിതമാണ്.
പക്ഷിയിറച്ചി, മുട്ട എന്നിവ കൈകാര്യം ചെയ്തുകഴിഞ്ഞാൽ കൈകള്‍ വൃത്തിയായി അര മിനിറ്റെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.
ഇറച്ചി കൈകാര്യം ചെയ്യുന്നത് മറ്റു ഭക്ഷണങ്ങളില്‍നിന്ന് മാറ്റിയാവണം. ഇറച്ചി വെട്ടുന്ന പലക, കത്തി എന്നിവ ഉപയോഗശേഷം സോപ്പിട്ട് കഴുകുക.
മുട്ടയുടെ പുറം നന്നായി കഴുകിയതിനു ശേഷം മാത്രം ഉടയ്ക്കുക.
മുട്ട പുഴുങ്ങിയോ പൊരിച്ചോ മാത്രം ഉപയോഗിക്കുക. പാതി വേവിച്ചതോ ബുള്‍സ് ഐ ആക്കിയതോ ഉപയോഗിക്കുന്ന് ഒഴിവാക്കുക. പച്ചമുട്ട പാചകവിഭവങ്ങളില് ചേര്‍ക്കുന്നത് ഒഴിവാക്കുക.
മുട്ട, ഇറച്ചി എന്നിങ്ങനെയുള്ളവ മറ്റു ഭക്ഷണ പദാർഥങ്ങളുമായി ഇടകലര്‍ത്തി വെക്കരുത്. വാങ്ങിയാല്‍ കഴിവതും ഫ്രിഡ്ജിലും മറ്റും വെക്കാതെ ഉപയോഗിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.