കൊച്ചി: എറണാകുളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് പുനർനിർമിക്കുന്നതിന്റെ ഭാഗമായി വൈറ്റില മോഡൽ മൊബിലിറ്റി ഹബ് നിർമാണം അടുത്ത മാസം ആദ്യവാരത്തിൽ ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡും പരിസരവും സന്ദർശിച്ച ശേഷം കലക്ടറുടെ ക്യാമ്പ് ഓഫിസിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ചില പ്രായോഗിക തടസ്സങ്ങൾ മൂലമാണ് നവീകരണം നീണ്ടുപോയത്. പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് സ്ഥല പരിശോധന നടത്തിയത്.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ നിർദ്ദിഷ്ട സ്ഥലം വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റിക്ക് ഉടമസ്ഥാവകാശമില്ലാതെ കൈവശാവകാശത്തോടെ നൽകും. ഫുട്പാത്ത് ഭൂമി കെ.എസ്.ആർ.ടി.സി വിട്ടു നൽകും. ബുധനാഴ്ച (ജനുവരി 17) കെ.എസ്.ആർ.ടി.സി മൊബിലിറ്റി ഹബിന് സ്ഥലം കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മണ്ണ് പരിശോധന ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് 20 ദിവസത്തിനുള്ളിൽ ഡി.പി.ആർ തയാറാക്കും.
തുടർന്ന് ഈ മാസം 29ന് തിരുവനന്തപുരത്ത് ബന്ധപ്പെട്ട മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ എം.ഒ.യു ഒപ്പിടുമെന്നും മന്ത്രി പറഞ്ഞു. കാരിക്കാമുറിയിലെ ഭൂമിയിൽ കെ.എസ്.ആർ.ടി.സി ബസുകൾക്കും സ്വകാര്യ ബസുകൾക്കും കയറാൻ കഴിയുന്ന മൊബിലിറ്റി ഹബിന്റെ അതേ മാതൃകയിലുള്ള കെട്ടിടം നിർമിക്കുന്നതിനാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. സംസ്ഥാന കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമാണച്ചുമതല.
സ്മാർട്ട് സിറ്റി ബോർഡിന്റെ 12 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. പുതിയ സ്റ്റാൻഡിൽ ബസ് ഷെൽട്ടർ, യാത്രക്കാർക്ക് ബസ് കാത്തിരിക്കുന്നതിനുള്ള സൗകര്യം ടോയ്ലറ്റ് തുടങ്ങിയവയും ഒരുക്കും. നിർമാണം പൂർത്തിയാകുന്നതോടെ കൊച്ചി നഗരത്തിന് കെ.എസ്.ആർ.ടി.സി.യുടെയും സ്വകാര്യ ബസുകളുടെയും രണ്ട് ഹബുകൾ സ്വന്തമാകും.
കരിക്കാമുറിയിലെ സ്ഥലത്ത് ഹബ് വരുമ്പോൾ അതിനോടു ചേർന്നുതന്നെയാണ് സൗത്ത് റെയിൽവേ സ്റ്റേഷനും എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനുമെന്നത് യാത്രക്കാർക്ക് ഏറെ പ്രയോജനകരമാകുമെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ ഹൈബി ഈഡൻ എം.പി, ടി. ജെ. വിനോദ് എം.എൽ.എ., കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം. അനിൽകുമാർ, കലക്ടർ എൻ.എസ്.കെ. ഉമേഷ്, ജില്ലാ വികസന കമീഷണർ എം.എസ്. മാധവിക്കുട്ടി, കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ, സ്മാർട്ട് സിറ്റി സി.ഇ.ഒ. ഷാജി വി. നായർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.