കൊച്ചി/ ആലുവ: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യമാധവനെ ബുധനാഴ്ച ആലുവയിലെ വീട്ടിലെത്തി ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യാൻ സാധ്യത. ഏറെ നേരത്തെ അഭ്യൂഹങ്ങൾക്ക് വഴിവെച്ച ചർച്ചയാണ് ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ചയുണ്ടായത്. സാഹചര്യങ്ങൾ അനുകൂലമായാൽ ആലുവയിലെ ഭർതൃവീടായ 'പത്മസരോവര'ത്തിലെത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം.
അനിശ്ചിതത്വം തുടരുന്നതിനിടെ കാവ്യ ചെന്നൈയിൽനിന്ന് എത്തുമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. വീട്ടിൽ വെച്ച് ചോദ്യം ചെയ്യാൻ കഴിയില്ലെന്ന് ക്രൈംബ്രാഞ്ച് ആദ്യഘട്ടത്തിൽ കാവ്യയെ അറിയിച്ചിരുന്നു. പിന്നീട് തീരുമാനം മാറ്റിയെന്ന സൂചനകൾ പുറത്തുവന്നു. കാവ്യമാധവനെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ ആലുവയിൽ ചൊവ്വാഴ്ച യോഗം ചേർന്നു. കേസിലെ മുഖ്യപ്രതിയായ ദിലീപിന്‍റെ വീട്ടിൽ വെച്ച് ശബ്ദരേഖയുൾപ്പെടെ കേൾപ്പിച്ചുള്ള വിവരശേഖരണം അന്വേഷണത്തെ ബാധിക്കുമെന്ന ക്രൈംബ്രാഞ്ച് വിലയിരുത്തൽ ഏറെ നേരത്തെ ചർച്ചകൾക്ക് വഴിവെച്ചു. അസി. പബ്ലിക് പ്രോസിക്യൂട്ടറെത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച് നിയമോപദേശവും നല്‍കി.
അതേസമയം, ദിലീപിന്‍റെ സഹോദരന്‍ അനൂപിനും സഹോദരീ ഭര്‍ത്താവ് സുരാജിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇരുവരുടെയും വീട്ടിൽ നോട്ടീസ് പതിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ ആലുവ പൊലീസ് ക്ലബിൽ ഹാജരാകാനാണ് ഇവരോട് ആവശ്യപ്പെട്ടത്. സുരാജിന്‍റെ ഉൾപ്പെടെയുള്ള ശബ്ദരേഖകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.