കാക്കനാട്: ഐ.ടി നഗരമായ കാക്കനാട് കലക്ടറേറ്റ് ജങ്ഷനിലെ തകർന്നുവീഴാറായ ബസ് കാത്തിരിപ്പുകേന്ദ്രം പുനർനിർമിക്കാൻ നടപടി. അപകടം അരികെ. തലയിൽ വീഴുമോ ‘അത്യാധുനിക’ ബസ് കാത്തിരിപ്പ് കേന്ദ്രം എന്ന ‘മാധ്യമം’ വാർത്തയെ തുടർന്നാണ് തൃക്കാക്കര നഗരസഭ നടപടി സ്വീകരിച്ചത്.
വ്യാഴാഴ്ച ചേർന്ന നഗരസഭ കൗൺസിലിൽ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കുന്നതിനായി പൊതുഫണ്ടിൽനിന്ന് 7.88 ലക്ഷം അനുവദിക്കുകയായിരുന്നു. 16വർഷം മുമ്പ് തൃക്കാക്കര നഗരസഭ ഗ്രാമപഞ്ചായത്തായിരുന്നപ്പോഴാണ് ബസ് കാത്തിരിപ്പുകേന്ദ്രം പണി പൂർത്തീകരിച്ചത്.
സംസ്ഥാനത്തുതന്നെ സമ്പൂർണ വൈദ്യുതീകരണവും വൈഫൈ, ടെലിഫോൺ, കുടിവെള്ളം, ഇൻഫർമേഷൻ ബോർഡുകൾ, ന്യൂസ് പേപ്പറുകൾ, റേഡിയോ എന്നീ സൗകര്യങ്ങളെല്ലാമടക്കമാണ് ഈ ബസ് കാത്തിരിപ്പ് കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്.
അറ്റകുറ്റപ്പണി നടത്താത്തതിനാൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ സിനിമ പോസ്റ്ററ്റുകളും കരിയർ ഏജൻസികളുടെ അറിയിപ്പ് നോട്ടീസുകളും പതിക്കപ്പെട്ടു. മേൽക്കൂരകൾ ദ്രവിച്ചും വെളിച്ചം കെട്ടുപോയ വൈദ്യുതി വിളക്കുകൾ തൂങ്ങിയാടിയും പഴകി വിണ്ടുകീറിയ അടിത്തറയുമായി അത്യാധുനികതയെല്ലാം അന്യമായ അവസ്ഥയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.