കൊച്ചി: കൊച്ചിൻ പോർട്ട് ട്രസ്റ്റിൽനിന്ന് സൂപ്രണ്ടിങ് എൻജിനീയറായി വിരമിച്ച പോൾ പടിഞ്ഞാറേക്കര പിറ്റേന്ന് തുടങ്ങിയ ഓട്ടമാണ്. ആറുവർഷത്തിനിടെ ആ ഓട്ടം നൂറ് മാരത്തൺ എന്ന ഫിനിഷിങ് പോയൻറിന് തൊട്ടടുത്താണ്. 67കാരനായ ഈ മരട് സ്വദേശി ആറുവർഷത്തിനിടെ പങ്കെടുക്കാത്ത ദീർഘദൂര ഓട്ടമത്സരങ്ങളില്ല. വിരമിക്കുന്നതിന് മുമ്പ് ബസിന് പിറകെപോലും കാര്യമായി ഓടിയ പരിചയമില്ല പോളിന്. സൂപ്രണ്ടിങ് എൻജിനീയർ എന്ന നല്ല പദവിയിൽ വിരമിച്ചപ്പോൾ പല കമ്പനികളും ഓഫറുകൾ കൊടുത്തു.
''രണ്ട് കാര്യമായിരുന്നു എെൻറ മനസ്സിൽ, ഒന്നുകിൽ ജോലി, ശമ്പളം അല്ലെങ്കിൽ ആരോഗ്യം''-പോൾ പറയുന്നു. പ്രത്യേകിച്ച് തയാറെടുപ്പുകളൊന്നുമില്ലാതെ ആരോഗ്യത്തിന് പിറകെ പതിയെ ഓടിത്തുടങ്ങി. അങ്ങനെ ഓടിയോടി ഒറ്റയടിക്ക് പൂർത്തിയാക്കിയ 210 കിലോമീറ്റർ പോളിെൻറ ഓട്ടക്കരിയറിലെ റെക്കോഡാണ്. പിന്നീട് ദീർഘദൂര-അൾട്രാ ഓട്ടക്കാരുടെ നിരയിലെ മാർഗദർശിയായി പലർക്കും പോൾ.
100 മൈൽ (161 കി.മീ) അൾട്രാ മാരത്തൺ നിരവധി തവണ ഫിനിഷ് ചെയ്തു. ആറുവർഷത്തിനിടെ 20,000 കിലോമീറ്റർ ഓടി പൂർത്തിയാക്കിയെന്നാണ് കണക്ക്. ആരോഗ്യസംരക്ഷണത്തിന് കൃത്യമായ ചിട്ടയൊന്നുമില്ലെന്ന് പോൾ പറയുന്നു. ഇഷ്ടമുള്ളതെല്ലാം കഴിക്കും. ചോറും ഇറച്ചിയുമാണ് ഇഷ്ടവിഭവം. മാരത്തണിനും വലിയ തയാറെടുപ്പുകളൊന്നുമില്ല. എല്ലാം ദിനചര്യപോലെതന്നെ.
സുഹൃത്തുക്കളും കായികപ്രേമികളും പോളിെൻറ നൂറാം മാരത്തൺ ഉത്സവമാക്കാനൊരുങ്ങുകയാണ്. നവംബർ 21നാണ് നൂറാം മാരത്തൺ ഓടുന്നത്. ആദ്യ മാരത്തൺ പൂർത്തിയാക്കിയ കൊച്ചി സ്പൈസ് കോസ്റ്റ് മാരത്തണിെൻറ അതേ റൂട്ടിലാണ് നൂറാം മാരത്തണും ഓടുന്നത്. മാരത്തൺ പ്രേമികളുടെ 'സ്റ്റാർ ഐക്കണാ'യ പോളേട്ടനൊപ്പം ഇരുനൂറോളം ഓട്ടക്കാരും ആദരമായി കൂടെ ഓടുന്നുണ്ട്. വില്ലിങ്ടൺ ഐലൻഡിലെ ബ്രിസ്റ്റോ റോഡിൽനിന്ന് ആരംഭിക്കുന്ന നൂറാം മാരത്തൺ വി.പി.എസ് ലേക്ഷോർ ആശുപത്രിയിലെ സീനിയർ കൺസൾട്ടൻറ് ഡോ. ആൻറണി ചേറ്റുപുഴ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.