പൊക്കാളി കൃഷി: പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈകോടതി

കൊച്ചി: ചെല്ലാനം മറുവക്കാട് പാടശേഖരം നെൽകൃഷിക്ക് യോഗ്യമെന്ന് ഉറപ്പുവരുത്താൻ നിയോഗിച്ച അഭിഭാഷക കമീഷണർക്ക് മതിയായ പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈകോടതി. നെൽകൃഷിക്ക് അനുയോജ്യമായ രീതിയിൽ ജലവിതാനം സമയബന്ധിതമായി ക്രമീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിയോഗിച്ച കമീഷണർക്ക് അജ്ഞാത കേന്ദ്രങ്ങളിൽനിന്ന് ഭീഷണിയുണ്ടെന്ന പരാതിയെ തുടർന്നാണ് ജസ്റ്റിസ് എൻ. നഗരേഷിന്‍റെ ഉത്തരവ്. മറുവക്കാട് മേഖലയിൽ പരിശോധനക്ക് വരുമ്പോൾ പൊലീസ് സംരക്ഷണം നൽകണമെന്നാണ് നിർദേശം.

പൊക്കാളി കൃഷി നടത്താൻ നടപടി ആവശ്യപ്പെട്ട് പാടശേഖര സമിതിക്ക് വേണ്ടി മറുവക്കാട് സ്വദേശി ചന്തു നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. അഭിഭാഷക കമീഷണർക്ക് ഭീഷണിയുള്ള വിവരം ഹരജിക്കാരനാണ് കോടതിയെ അറിയിച്ചത്.

പൊക്കാളി കൃഷി നശിപ്പിക്കാൻ സാമൂഹിക വിരുദ്ധരുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടാകാനിടയുണ്ടെന്നും അറിയിച്ചു. പൊക്കാളി കൃഷി നടക്കുന്ന പാടശേഖരങ്ങളിൽ കണ്ണമാലി പൊലീസ് രാത്രിയടക്കം പട്രോളിങ് നടത്തണമെന്ന് കോടതി നിർദേശിച്ചു. പൊക്കാളി നെൽ മുളച്ചുവരുന്ന സമയമാണിപ്പോൾ. നിലവിൽ 105 ഏക്കറോളം പാടശേഖരത്താണ് പൊക്കാളി കൃഷി നടക്കുന്നത്.

Tags:    
News Summary - Pokali Farming: High Court to provide police protection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.