കൊച്ചി: കേരളത്തിലെ പതിനായിരക്കണക്കിന് മഹിള കോൺഗ്രസ് പ്രവർത്തകർക്ക് ആവേശം പകരാൻ രാഹുൽഗാന്ധി വെള്ളിയാഴ്ച കൊച്ചിയിലെത്തുന്നു. മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഉത്സാഹ് കൺവെൻഷൻ ഉദ്ഘാടനമാണ് രാവിലെ 11ന് എറണാകുളം മറൈൻഡ്രൈവിൽ രാഹുൽഗാന്ധി നിർവഹിക്കുന്നത്. വിവിധ ജില്ലകളിൽനിന്നുള്ള 50,000ത്തോളം മഹിള കോൺഗ്രസ് പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മഹിള കോൺഗ്രസ് ദേശീയ പ്രസിഡന്റ് നെറ്റ ഡിസൂസ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ പങ്കെടുക്കും. ‘ഇന്ത്യയെ വീണ്ടെടുക്കുവാൻ പെൺകരുത്ത് രാഹുൽ ഗാന്ധിക്കൊപ്പം’ എന്ന മുദ്രാവാക്യമുയർത്തിയാണ് കൺവെൻഷൻ.
രാജ്യത്തെ വർഗീയ- വിഘടനവാദികളിൽനിന്ന് വീണ്ടെടുക്കുവാനുള്ള രാഹുൽഗാന്ധിയുടെ നേതൃത്വത്തിലുള്ള പോരാട്ടങ്ങൾക്ക് ശക്തി പകരുകയാണ് ഈ കൺവെൻഷനിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകർ വ്യക്തമാക്കുന്നു.
പരിപാടിയുടെ ഒരുക്കം വ്യാഴാഴ്ച വൈകീട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ വിലയിരുത്തി. കഴിഞ്ഞ ദിവസം പരിപാടിയുടെ പ്രചരണാർഥം ‘കെടാത്ത സൂര്യനാളമായ്’ എന്ന പേരിൽ രാഹുൽഗാന്ധിയുടെ പോരാട്ട തീവ്രമായ ജീവിതയാത്രയെകുറിച്ചുള്ള ഗാനം പുറത്തിറക്കിയിരുന്നു.
ഉത്സാഹ് കാമ്പയിന്റെ ഭാഗമായി ജില്ലകളിലും തുടർന്ന് ബ്ലോക്കുകളിലും കൺവെൻഷനുകൾ സംഘടിപ്പിച്ചിരുന്നു. സംസ്ഥാനത്ത് ഒട്ടാകെ വാർഡ് കമ്മിറ്റികൾ രൂപവത്കരിച്ച ശേഷമാണ് ഉത്സാഹ് സംസ്ഥാന കൺവെൻഷൻ നടക്കുന്നത്.
വേദിയും മറ്റും സന്ദർശിച്ച പ്രതിപക്ഷ നേതാവിനൊപ്പം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജെബി മേത്തർ എം.പി, എം.എൽ.എമാരായ ടി.ജെ. വിനോദ്, അൻവർ സാദത്ത്, എ.പി. അനിൽകുമാർ, അബ്ദുൽ മുത്തലിബ്, ദീപ്തി മേരി വർഗീസ്, എൻ. വേണുഗോപാൽ, ഡോമനിക് പ്രസന്റേഷൻ, കെ.പി. ഹരിദാസ്, ജെയ്സൺ ജോസഫ്, ഉല്ലാസ് തോമസ്, ഐ.കെ. രാജു, വി.കെ. മിനിമോൾ, സുനില സിബി, സിന്റ ജേക്കബ് തുടങ്ങിയവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.