കുലുക്കി സർബത്ത് എന്ന് പറഞ്ഞ് ചാരായ വിൽപന; വാറ്റാപ്പിയും അങ്കിളും അറസ്റ്റിൽ

കാക്കനാട്: ഓണത്തോടനുബന്ധിച്ച് കാക്കനാട് കുലുക്കി സർബത്തിന്റെ മറവിൽ ചാരായം വിൽപന നടത്തിയ രണ്ടുപേർ എക്സൈസ് പിടിയിൽ. പൂക്കാട്ടുപടി സ്വദേശിയും തേവക്കൽ താമസിക്കുകയും ചെയ്യുന്ന മണലിക്കാട്ടിൽ വീട്ടിൽ അങ്കിൾ എന്ന് വിളിക്കുന്ന സന്തോഷ്(54), കാക്കനാട് കൊല്ലംകുടിമുകൾ സ്വദേശി മണ്ണാരംകുന്നത്ത് വീട്ടിൽ കിരൺ കുമാർ എന്ന വാറ്റാപ്പി(35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

തേവക്കലിൽ രണ്ടുനില വീട് വാടകക്ക് എടുത്ത് നാടൻ കുലുക്കി സർബത്ത് ഉണ്ടാക്കുന്നു എന്ന വ്യാജേന ആണ് വ്യാവസായിക അടിസ്ഥാനത്തിൽ ചാരായം വാറ്റിയിരുന്നത്. വാറ്റ് ചാരായത്തിന്റെ മണം പുറത്തേക്ക് വരാതിരിക്കാൻ സുഗന്ധവ്യഞ്ജനങ്ങൾ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്യും. ഓർഡർ അനുസരിച്ചാണ് വാറ്റ്. 

ഇവരുടെ വാഹനങ്ങളിൽ നിന്നും വാടക വീട്ടിൽ നിന്നുമായി 20 ലിറ്റർ ചാരായം പിടിച്ചെടുത്തു. ചാരായം നിർമിക്കാൻ പാകമാക്കി വെച്ചിരുന്ന 950 ലിറ്റർ വാഷ്, ചാരായ നിർമാണത്തിന് ഉപയോഗിക്കുന്ന വാറ്റുപകരണങ്ങൾ, അഞ്ച് ഗ്യാസ് കുറ്റി, 30 ലിറ്ററിന്റെ നാല് പ്രഷർ കുക്കറുകൾ, ചാരായം നിറക്കുന്നതിന് വേണ്ടി സൂക്ഷിച്ചുവെച്ച അര ലിറ്ററിന്റെ 700 കാലി പ്ലാസ്റ്റിക് കുപ്പികൾ, ചാരായം നിറച്ച കുപ്പികൾ, സീൽ ചെയ്യുന്നതിനുള്ള ഉപകരണം എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

അതോടൊപ്പം ചാരായ വിൽപന നടത്താൻ ഉപയോഗിച്ചിരുന്ന ഇവരുടെ ഓട്ടോറിക്ഷയും നാനോ കാറും രണ്ട് സ്മാർട്ട് ഫോണുകളും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

Tags:    
News Summary - ​Two arrested for selling illicit liquor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.