അമ്പലമേട്: ബി.പി.സി.എൽ കൊച്ചിൻ റിഫൈനറിയിലെ എൽ.പി.ജി ബോട്ട്ലിങ് പ്ലാന്റിലെ കരാർ തൊഴിലാളികളുടെ ക്ഷേമനിധിയിൽ തട്ടിപ്പ് നടത്തിയതായി പരാതി. 1.50 കോടിയുടെ തട്ടിപ്പ് നടന്നതായാണ് ആരോപണം.
പ്രത്യേക ആനുകൂല്യങ്ങൾ ഒന്നും ഇല്ലാതിരുന്ന തൊഴിലാളികളിൽനിന്ന് സി.ഐ.ടി.യു നേതൃത്വത്തിൽ 2005 മുതൽ ശമ്പളത്തിൽനിന്ന് 100 രൂപ വീതം പിരിച്ചുതുടങ്ങി. മ്യൂച്വൽ ബെനിഫിറ്റ് ഫണ്ട് എന്ന പേരിൽ പീപ്പിൾസ് അർബൻ ബാങ്കിൽ അക്കൗണ്ട് ചേർന്ന് ആരംഭിക്കുകയും പിന്നീട് ഫണ്ട് വർഷാവർഷം കൂട്ടുകയും ചെയ്തിരുന്നു. ഇതിൽ 147 പേർ ചേർന്നിരുന്നു.
2014 വരെ വർഷാവർഷം ജനറൽ ബോഡി വിളിക്കുകയും കണക്കുകൾ അവതരിപ്പിക്കുകയും അംഗങ്ങൾക്ക് വായ്പ അനുവദിക്കുകയും ചെയ്തിരുന്നു. പിന്നീട് നേതൃത്വം മാറുകയും ഓൾ കേരള പെട്രോളിയം ഗ്യാസ് വർക്കേഴ്സ് യൂനിയന്റെയും അമ്പലമേട് ലോക്കൽ കമ്മിറ്റി അംഗങ്ങളുടെയും നിയന്ത്രണത്തിൽ ആയതോടെ വാർഷിക പൊതുയോഗം വിളിക്കുകയോ കണക്കുകൾ അവതരിപ്പിക്കുകയോ ചെയ്തിട്ടിെല്ലന്നും തൊഴിലാളികൾ പറയുന്നു. ഓഡിറ്റിങ്ങും നടന്നിട്ടില്ല. വായ്പ എടുത്ത പല തൊഴിലാളികളും 2023നുശേഷം തിരിച്ചടച്ചിട്ടില്ല. 2024 ജനുവരി മുതൽ ലോഡിങ് തൊഴിലാളികൾ പൈസ കൊടുക്കാൻ തയാറായില്ല.
മാർച്ചോടെ മറ്റ് തൊഴിലാളികളിൽനിന്ന് മാസവരി വാങ്ങുന്നത് നിർത്തുകയും ചെയ്തു. ഇതോടെയാണ് തങ്ങൾ പറ്റിക്കപ്പെടുന്നതായി തൊഴിലാളികൾക്ക് സംശയം തോന്നിത്തുടങ്ങിയത്. ഇതിനകം ജോലിയിൽനിന്ന് വിരമിച്ച ആറ് തൊഴിലാളികൾക്ക് അവരുടെ പണം തിരികെ നൽകിയിട്ടില്ല. 2005ൽ ചേർന്നവർക്ക് ചുരുങ്ങിയത് 1.50 ലക്ഷം വീതം ലഭിക്കണമെന്നാണ് തൊഴിലാളികൾ പറയുന്നത്.
നേതാക്കളോട് ചോദിക്കുമ്പോൾ വ്യക്തമായ മറുപടി നൽകുന്നില്ലെന്നും പ്ലാന്റിലെ പല നേതാക്കളും ഇപ്പോൾ ജോലിക്ക് വരുകയോ വിളിച്ചാൽ ഫോൺ എടുക്കുകയോ ചെയ്യുന്നിെല്ലന്നും തൊഴിലാളികൾ പറയുന്നു. ഇതേതുടർന്ന് സി.പി.എം ഏരിയ-ലോക്കൽ നേതാക്കൾക്കുപുറമെ സംസ്ഥാന സെക്രട്ടറിക്കും പരാതി നൽകിയെങ്കിലും തുടർനടപടി ഉണ്ടായിട്ടിെല്ലന്നും തൊഴിലാളികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.