പട്ടിമറ്റം: പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിലെ ശൗചാലയത്തിന്റെ ജല വിതരണം വാട്ടർ അതോറിറ്റി നിർത്തിയതോടെ ജനം ദുരിതത്തിലായി. ഇതുവരെയുള്ള ജല വിതരണത്തിന്റെ തുക അടച്ചില്ലെന്നാണ് പറയുന്നത്.
കുന്നത്തുനാട് പഞ്ചായത്താണ് തുക അടക്കേണ്ടത്. പണം നൽകി ഉപയോഗിക്കുന്ന സംവിധാനമാണ് ടൗണിലെ ഷോപ്പിങ് കോംപ്ലക്സിൽ നിർമിച്ചിരുന്നത്. നേരത്തേ മോട്ടോർ ഉണ്ടായിരുന്നു. അത് കേടായതോടെ പുനഃസ്ഥാപിച്ചില്ല.
അതോറിറ്റിയുടെ ജല വിതരണ സംവിധാനംവഴി പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിനിടയിലാണ് ശൗചാലയത്തിന് പൂട്ടുവീണത്. പഞ്ചായത്ത് പ്രതിഫലമൊന്നും വാങ്ങാതെ സ്വകാര്യ വ്യക്തിക്കാണ് ശൗചാലയത്തിന്റെ നടത്തിപ്പ് ചുമതല നൽകിയിരിക്കുന്നത്. പട്ടിമറ്റത്ത് ടൗണിലെത്തുന്നവരുടെ ‘ശങ്ക’ തീർക്കാൻ മറ്റു പൊതുശൗചാലയങ്ങളുമില്ല.
ശൗചാലയം തുറക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ടൗണിലെത്തുന്ന ദീർഘദൂര യാത്രികർക്ക് ആശ്വാസമായിരുന്നു ശൗചാലയം. അടച്ചുപൂട്ടിയതോടെ പൊതുസ്ഥലത്ത് ‘കാര്യം’സാധിച്ച് മടങ്ങുന്നവരുടെ എണ്ണം കൂടിയത് സമീപത്തെ വ്യാപാരികൾക്കും ടാക്സി ഡ്രൈവർമാർക്കും ബുദ്ധിമുട്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.