കാക്കനാട്: തൃക്കാക്കര നഗരസഭ മന്ദിരത്തിനുസമീപം മാലിന്യം കുന്നുകൂടുന്നത് ആശങ്കയുളവാക്കുന്നു. ഒരു തീപ്പൊരി വീണാൽ വലിയ അപകടം ഉണ്ടാകുമെന്ന ഭീതിയിലാണ് പരിസരവാസികൾ. മൂക്കിനുതാഴെ കലക്ടറേറ്റും ജില്ല പഞ്ചായത്തും സഹകരണ ആശുപത്രിയും കെ.ബി.പി.എസും ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
പ്ലാസ്റ്റിക് വേർതിരിച്ച് ചാക്കുകളിലാക്കി നീക്കാൻ സ്വകാര്യ ഏജൻസിക്ക് നഗരസഭ അങ്ങോട്ട് പണം നൽകുന്നുണ്ടെങ്കിലും ഏജൻസിയുടമ ഇവ സംഭരണസ്ഥലത്തുതന്നെ ഇപ്പോഴും കൂട്ടിയിട്ടിരിക്കുകയാണ്.
ഒരു കിലോ പ്ലാസ്റ്റിക് മാലിന്യത്തിന് 4.80 പൈസ നിരക്കിൽ പ്രതിഫലം വാങ്ങിയാണ് കരാറുകാരൻ ഇവിടെനിന്ന് പ്ലാസ്റ്റിക്കുകൾ നീക്കം ചെയ്യുന്നതെങ്കിലും കൃത്യമായി ഇവ കയറ്റി പോകുന്നില്ലെന്നാണ് ആക്ഷേപം. ലോഡുകളുടെ എണ്ണം പെരുപ്പിച്ചുകാട്ടി കരാറുകാരൻ നൽകിയ ബില്ലുകൾ അനധികൃതമായി പാസാക്കി കൊടുത്തെന്ന ആരോപണത്തെ തുടർന്ന് പ്രതിപക്ഷ അംഗങ്ങളും സി.പി.എമ്മും കഴിഞ്ഞയാഴ്ച പ്രതിഷേധം നടത്തിയിരുന്നു.
കൂടാതെ, തൃക്കാക്കര നഗരസഭാ പരിധിക്കുള്ളിലെ വാർഡുകളിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ യന്ത്രസഹായത്തോടെ പൊടിച്ചുമാറ്റാൻ ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച െഷ്രഡിങ് യൂനിറ്റ് തുരുമ്പെടുത്ത് നശിക്കുകയാണ്.
മുമ്പ് ഈ യൂനിറ്റിൽനിന്ന് ഉൽപാദിപ്പിച്ചിരുന്ന പ്ലാസ്റ്റിക് തരികൾ റോഡുനിർമാണത്തിന് പൊതുമരാമത്ത് വകുപ്പ് അധികൃതർ വിലനൽകി വാങ്ങിയിരുന്നു. ഒട്ടേറെപ്പേർക്ക് തൊഴിൽ ഉറപ്പുവരുത്താൻ കഴിയുമായിരുന്ന യൂനിറ്റ് പിന്നീട് പ്രവർത്തനരഹിതമാവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.