കരിയാട്: വിധി സമ്മാനിച്ച വൈകല്യങ്ങളെ കൈവിരുതിന്റെ താളത്തിൽ നെഞ്ചുറപ്പോടെ തോൽപിക്കുകയാണ് നെടുമ്പാശ്ശേരി പഞ്ചായത്തിലെ തുരുത്തിശ്ശേരി മൽപ്പാൻ വീട്ടിൽ വർക്കി-മറിയാമ്മ ദമ്പതികളുടെ 34കാരിയായ മകൾ സുനി വർക്കി. കൗതുകമുണർത്തും കളിപ്പാവകൾ, കളിപ്പാട്ടങ്ങൾ, മുത്തുമാലകൾ, കമ്മലുകൾ, കൈചെയിൻ തുടങ്ങിയവയുണ്ടാക്കുന്ന കരവിരുതിന്റെ ലോകത്താണ് സുനി. സുനിയുടെ കരവിരുതിൽ വിവിധ ഉൽപന്നങ്ങൾക്ക് ആവശ്യക്കാരും ഏറെയാണ്. കാലുകൾക്ക് വൈകല്യവും ബലക്ഷയവുമായി ജനിച്ച കുട്ടിക്ക് ശസ്ത്രക്രിയകളടക്കം ആധുനിക ചികിത്സകൾ വരെ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
കാക്കനാട് ‘ഹോമോ ഫെയ്ത്ത്’ മഠത്തിൽ താമസിച്ച് 10ാം ക്ലാസ് വരെ പഠിച്ചു. വർക്കിയുടെ മറ്റ് രണ്ട് പെൺമക്കളെ വിവാഹം ചെയ്തയച്ചു. സുനിയുടെ അവസ്ഥ നേരിട്ടറിഞ്ഞ സ്വകാര്യ ധനകാര്യസ്ഥാപനം എട്ട് വർഷം മുമ്പ് സമ്മാനിച്ച ഇലക്ട്രിക് വീൽചെയർ ജീവിതത്തിൽ വഴിത്തിരിവാവുകയായിരുന്നു. ക്ലേശം സഹിച്ചാണെങ്കിലും സ്വന്തമായി വീൽചെയറിൽ ഇരിക്കാം.
സ്വന്തം കാര്യങ്ങൾ പരാശ്രയമില്ലാതെ നിർവഹിക്കാനാകും. വീൽചെയർ ലഭിച്ചതോടെ ലോട്ടറിക്കച്ചവടം തുടങ്ങി. ഒന്നരവർഷം മുമ്പ് യൂട്യൂബിൽ കണ്ടാണ് കരകൗശല വസ്തുക്കളുണ്ടാക്കാൻ പഠിച്ചത്.
ഇവ വീട്ടിൽനിന്ന് ഒന്നര കിലോമീറ്റർ ദൂരത്തുള്ള കരിയാട് കവലയിലെ വഴിയരികിൽ തട്ട് സ്ഥാപിച്ച് അതിൽ പ്രദർശിപ്പിച്ചാണ് വിൽപന. തൊഴിലുറപ്പ് ജോലിയിൽനിന്ന് വല്ലപ്പോഴും ലഭിക്കുന്ന വരുമാനംകൊണ്ടാണ് സുനിയും രോഗികളായ മാതാപിതാക്കളും അടങ്ങുന്ന കുടുംബം ജീവിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.