കലവൂർ: ദിവസേന ധാരാളം സന്ദർശകരെത്തുന്ന മാരാരിക്കുളം ബീച്ചിനോടുള്ള അവഗണന തുടരുന്നു. കഴിഞ്ഞവർഷം ഒരു കോടി രൂപയുടെ വികസന പരിപാടികളാണ് പ്രഖ്യാപിച്ചതെങ്കിലും രണ്ട് വിളക്കുമരങ്ങൾ പണിതതല്ലാതെ തുടർനടപടിയുണ്ടായില്ല. വിളക്കുമരങ്ങൾ കണ്ണടച്ചതോടെ കടപ്പുറം ഇരുട്ടിലാണ്. ശൗചാലയങ്ങളില്ലാത്തതും ഇരിപ്പിടങ്ങളില്ലാത്തതും കടപ്പുറത്തിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവരുടെ ദുരിതം ഇരട്ടിയാക്കുന്നു.
ശക്തമായ തിരമാലകളുള്ള സമയത്ത് പോലും കടലിലേക്കിറങ്ങുന്നവരെ നിയന്ത്രിക്കാൻ ആളില്ല. സ്വകാര്യ വ്യക്തികളുടെ കൈയേറ്റവും പാർക്കിങ്ങിന് സൗകര്യമില്ലാത്തതും ബീച്ചിനെ പിന്നോട്ടടിക്കുന്നു. ശനി, ഞായർ ദിവസങ്ങളിലുണ്ടാകുന്ന വലിയ തിരക്ക് ബീച്ച് റോഡിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിന് കാരണമാകാറുണ്ട്. ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടിയതോടെയാണ് മാരാരിക്കുളം ബീച്ചിൽ തിരക്കേറിയത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലക്കാരാണ് കൂടുതലായും എത്തുന്നത്.
അർത്തുങ്കൽ പൊലീസിന്റെ പ്രധാന തലവേദന മാരാരിക്കുളം കടപ്പുറത്തെ ഗതാഗതക്കുരുക്കഴിക്കലാണ്. നക്ഷത്ര റിസോർട്ടുകൾ മുതൽ തട്ടുകടക്കാർ വരെ സർക്കാർ ഭൂമി കൈയേറിയിട്ടുണ്ട്. കൈയേറ്റമൊഴിപ്പിക്കാൻ പലതവണ റവന്യൂ-പഞ്ചായത്ത് അധികൃതർ നടപടിയെടുത്തതാണ്. എന്നാൽ, പിന്നാലെ കൂടുതൽ പ്രദേശം കൈയേറുന്ന സ്ഥിതിയാണ്. മാരാരിക്കുളം ബീച്ച് റോഡിന്റെ ഇരുവശവും പൊഴിയുടെ തീരത്തും കൈയേറ്റമുണ്ട്.
കൈയേറ്റക്കാർ വേലികെട്ടിയും മറ്റും പാർക്കിങ് തടസ്സപ്പെടുത്തിയിരിക്കുകയാണ്. സന്ദർശകർ മാരാരിക്കുളം സ്കൂളിലും തീരദേശറോഡരികിലും വാഹനം പാർക്കുചെയ്തശേഷം കടപ്പുറത്തേക്ക് നടക്കണം. കടലിലിറങ്ങുന്നതിന് ഒരു നിയന്ത്രണവുമില്ലാത്തതിനാൽ അപകടസാധ്യതയേറെയാണ്. കഴിഞ്ഞയാഴ്ച കടലിൽ മുങ്ങിയ രണ്ടുപേരെ കോസ്റ്റൽ പൊലീസാണ് രക്ഷിച്ചത്. കടപ്പുറം ശുചിയാക്കിയിടാനും സംവിധാനമില്ല. സന്നദ്ധ പ്രവർത്തകരാണ് ഇടക്കിടെ ഇത് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.