പള്ളിക്കര: വൈദ്യുതി പ്രതിസന്ധി നേരിട്ടിട്ടും ബ്രഹ്മപുരം താപവൈദ്യുതി നിലയത്തോട് ബോര്‍ഡിന് അവഗണന. 2020 ജൂണ്‍ മുതല്‍ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ആ വർഷം ഫെബ്രുവരിയിലാണ് ഇവിടെ അവസാനമായി പ്രവര്‍ത്തനം നടന്നത്. നിലയത്തിലെ അഞ്ച് ജനറേറ്ററുകളില്‍ മൂന്നെണ്ണം ഇപ്പോഴും പ്രവര്‍ത്തന സജ്ജമാണ്. എന്നാല്‍, ലോഡ്ഷെഡിലേക്ക് എത്തുന്ന തരത്തില്‍ പ്രതിസന്ധി നേരിട്ടിട്ടും ഇവിടെ വൈദ്യുതി ഉല്പാദിപ്പിക്കാന് കെ.എസ്.ഇ.ബി തയാറല്ല. ബ്രഹ്മപുരത്ത് ചെലവ് കൂടുതലാണെന്ന് പറയുന്ന ബോര്‍ഡ് അതിലേറെ വില കൊടുത്ത് വൈദ്യുതി വാങ്ങുന്നുണ്ട്.
ഇപ്പോള്‍ 60 മെഗാവാട്ട് വരെ വൈദ്യുതി ഉല്പാദിപ്പാക്കാനാകും. ക്രൂഡ് പെട്രോളിയത്തില്‍നിന്നുള്ള ഉല്പന്നമായ ലോ സള്‍ഫര്‍ ഹെവി സ്റ്റോക്ക് (എല്‍.എസ്.എച്ച്.എസ്) ഇന്ധനമായി ഉപയോഗിക്കുന്ന ഇവിടെ ഒരു യൂനിറ്റ് ഉൽപാദിപ്പിക്കാൻ എട്ടുരൂപയില്‍ താഴെയാണ് വിലവരുകയുള്ളൂ. എല്‍.എസ്.എച്ച്.എസ് കൊച്ചി റിഫൈനറിയില്‍നിന്ന് ലഭിക്കുമെന്നതിനാല്‍ അതിന് ക്ഷാമവും വരുകയില്ല. കല്‍ക്കരി ക്ഷാമം രൂക്ഷമായതോടെ പവര്‍ എക്സ്ചേഞ്ചില്‍ നിന്നുള്ള വൈദ്യുതിക്ക് വന്‍വില നല്‍കേണ്ടതുണ്ട്. രാത്രിയില്‍ യൂനിറ്റിന് 19.32 രൂപയും പകല്‍ 14.69 രൂപയുമാണ്.
നഷ്ടമെന്ന് പ്രചാരണം നടത്തി കോടികള്‍ വിലമതിക്കുന്നതും നന്നായി പ്രവര്‍ത്തിക്കുന്നതുമായ യന്ത്രഭാഗങ്ങള്‍ നിസ്സാര വിലക്ക് വിറ്റഴിക്കാനുള്ള നീക്കമാണ് ഇവിടെ നടക്കുന്നതെന്നാണ് ആരോപണം. കൂടാതെ പ്ലാൻറ് സ്ഥിതിചെയ്യുന്ന കോടികള്‍ വിലമതിക്കുന്ന 100 ഏക്കറിലധികം സ്ഥലം സ്വകാര്യ കുത്തകക്ക് കൈമാറാന്‍ രഹസ്യനീക്കം നടക്കുന്നതായും തൊഴിലാളികള്‍ ആരോപിക്കുന്നു. പ്ലാൻറില്‍ അന്തരീക്ഷ മലിനീകരണം പരിശോധിക്കാൻ ഒരുകോടി രൂപ മുടക്കി കമ്പ്യൂട്ടര്‍ അധിഷ്ഠിത യന്ത്രഭാഗങ്ങള്‍ സ്ഥാപിച്ചിട്ട് ഒരുവര്ഷമായതേയുുള്ളൂ. അഴിമതികളും കെടുകാര്യസ്ഥതയുംമൂലം 20 മെഗാവാട്ട് വീതം ശേഷിയുള്ള അഞ്ച് ജനറേറ്ററുകളില്‍ നേരത്തേ രണ്ട് യൂനിറ്റുകള്‍ സ്ക്രാപ്പ് ആക്കി പൊളിച്ചിരുന്നു. കൂടാതെ ഉപയോഗശൂന്യമായ ഇന്ധനം വാങ്ങിയതുമായി ബന്ധപ്പെട്ട് അഴിമതി ആരോപണമുയര്‍ന്നിരുന്നു. ഈ അഴിമതികള്‍ പുറത്തുവരാതിരിക്കാനാണ് തിരക്കിട്ട് പ്ലാൻറ് പൂട്ടിയതെന്നും ആരോപണമുണ്ട്. 1997ല്‍ 450 കോടി മുടക്കിയാണ് അന്ന് ബ്രഹ്മപുരം താപവൈദ്യുതി നിലയം സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.