പെരുമ്പാവൂര്‍: ആളൊഴിഞ്ഞ വീട്ടില്‍ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാക്കള്‍ പിടിയില്‍. കാലടി മറ്റൂര്‍ വട്ടപ്പറമ്പ് വാഴേലിപ്പറമ്പ് കിഷോര്‍ (40), ആലപ്പുഴ പള്ളിപ്പുറം ചേര്‍ത്തല അമ്പനാട്ട് വീട്ടില്‍ മഹേഷ് (48) എന്നിവരെയാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 26ന് ചേലാമറ്റത്ത് റോഡ് സൈഡിലുള്ള വീട്ടിൽ കയറി ഇവര്‍ മൂന്നു പവന് സ്വര്‍ണം മോഷ്ടിക്കുകയായിരുന്നു. വീട്ടുകാര്‍ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു.
പുതിയ മോഷണത്തിന് പദ്ധതിയിടുമ്പോഴാണ് പ്രതികള്‍ പിടിയിലായത്. വിവിധ സ്റ്റേഷനുകളിലായി മഹേഷ് നാല്‍പ്പതോളം കേസില്‍ പ്രതിയാണ്. ജയിലില്‍നിന്നിറങ്ങിയ ശേഷം അമ്പലമേട്, മൂവാറ്റുപുഴ, ആലുവ വെസ്റ്റ്, ഷൊർണൂര്‍, കണ്ണൂര്‍, പെരിന്തല്‍മണ്ണ, കോട്ടയം, നെടുമ്പാശേരി തുടങ്ങിയ സ്ഥലങ്ങളില്‍ മോഷണം നടത്തിയതായി മഹേഷ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കാലടി, അങ്കമാലി, ഇരിങ്ങാലക്കുട, ചാലക്കുടി, കൊരട്ടി, കുറുപ്പംപടി, തുടങ്ങിയ സ്റ്റേഷനുകളിലായി ഇരുപതോളം മോഷണക്കേസുകളില്‍ പ്രതിയാണ് കിഷോര്‍.
ഇരുവരും ഒന്നര മാസം മുമ്പാണ് ജയിലില്‍നിന്നിറങ്ങിയത്. പകല്‍ സമയങ്ങളില്‍ ബൈക്കില്‍ കറങ്ങി പൂട്ടിക്കിടക്കുന്ന വീടുകള്‍ കണ്ടുവെക്കും. തുടര്‍ന്ന് രാത്രി മോഷണം നടത്തുകയാണ് രീതി. മോഷ്ടിക്കുന്ന സ്വര്‍ണം ജ്വല്ലറികളില്‍ വിറ്റ് ലഭിക്കുന്ന പണംകൊണ്ട് ആര്‍ഭാടജീവിതം നയിക്കും. ചേലാമറ്റത്തുനിന്ന് മോഷ്ടിച്ച സ്വർണം മഞ്ഞപ്രയിലെ ജ്വല്ലറിയില്‍നിന്ന് കണ്ടെടുത്തു.
ഇവര്‍ സഞ്ചരിച്ച സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു. എ.എസ്.പി ജുവനപ്പടി മഹേഷിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ ആര്. രഞ്ജിത്ത്, സബ് ഇന്‍സ്പെക്ടര്‍ റിന്‍സ് എം. തോമസ്, എ.എസ്.ഐ എ. ജയചന്ദ്രന്, സീനിയര്‍ സി.പി.ഒ മാരായ പി.എ. അബ്ദുല്‍ മനാഫ്, ടി.പി. ശകുന്തള, സി.പി.ഒ കെ.എ. അഭിലാഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.